ഓൺലൈൻ സെന്ററുകൾ കയറിയിറങ്ങേണ്ട, ആധാറിലെ ഈ അപ്‌ഡേഷൻ സൗജന്യമായി വീട്ടിലിരുന്ന് ചെയ്യാം
ന്യൂഡൽഹി: ആധാർ കാർഡിലെ വിവരങ്ങൾ പുതുക്കുന്നത് കൂടുതൽ എളുപ്പമാക്കി യൂണിക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ( യുഐഡിഎഐ). ഇനിമുതൽ ഉപയോക്താക്കൾക്ക് ആധാർ സെന്ററുകൾ സന്ദർശിക്കാതെ തന്നെ തങ്ങളുടെ സ്മാർട്ട്‌ഫോണിലെ ഔദ്യോഗിക ആധാർ ആപ്പ് വഴി ഇ-മെയിൽ ഐഡി ചേർക്കാനും പുതുക്കാനും സാധിക്കും.
2026 ജൂലൈ 1 മുതൽ അടുത്ത ആറ് മാസത്തേക്ക് (ഡിസംബർ 31 വരെ) ഈ സേവനം പൂർണ്ണമായും സൗജന്യമായിരിക്കും. സാധാരണയായി ഇതിനായി ഈടാക്കാറുള്ള 75 രൂപ ഫീസാണ് ഇക്കാലയളവിൽ യുഐഡിഎഐ ഒഴിവാക്കിയിരിക്കുന്നത്. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ പുതിയ ഫീച്ചർ ലഭ്യമാണ്.
പുതിയ സംവിധാനത്തിന് പൊതുജനങ്ങളിൽ നിന്ന് വലിയ പ്രതികരണമാണ് ലഭിക്കുന്നത്. ഫീച്ചർ ലൈവായി രണ്ട് ദിവസത്തിനുള്ളിൽ തന്നെ 2.5 ലക്ഷത്തിലധികം ആളുകൾ ഇ-മെയിൽ ഐഡി പുതുക്കാൻ ആപ്പ് ഉപയോഗിച്ചതായി കേന്ദ്ര ഇലക്ട്രോണിക്സ്-ഐടി മന്ത്രാലയം അറിയിച്ചു.
അതേസമയം ഇ-മെയിൽ വിലാസം ബന്ധിപ്പിക്കുന്നത് ഗൗരവമായിതന്നെ കാണണമെന്നാണ് അധികൃതർ അറിയിക്കുന്നത്. ഇത് വഴി നിങ്ങളുടെ ആധാർ വിവരങ്ങൾ ആരെങ്കിലും പരിശോധിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുമ്പോൾ തത്സമയം ഇ-മെയിൽ അലേർട്ടുകൾ ലഭിക്കും. ഇത് ആധാറിന്റെ സുരക്ഷ വർദ്ധിപ്പിക്കാനും ദുരുപയോഗം തടയാനും സഹായിക്കും.
ഈ സൗകര്യം പ്രയോജനപ്പെടുത്താൻ ഉപയോക്താക്കൾ ആധാര്‍ ആപ്പ് ഡൗൺലോഡ് ചെയ്യുകയോ നിലവിലുള്ള ആപ്പ് അപ്‌ഡേറ്റ് ചെയ്യുകയോ വേണം. തുടർന്ന് ആപ്പിലെ ‘ഇ-മെയില്‍ അപ്ഡേറ്റ്’ ഓപ്ഷൻ വഴി ഇ-മെയിൽ വിലാസം എളുപ്പത്തിൽ മാറ്റാവുന്നതാണ്. ആധാർ സേവനങ്ങൾ ജനങ്ങളിലേക്ക് കൂടുതൽ എളുപ്പത്തിൽ എത്തിക്കുന്നതിന്റെ ഭാഗമായാണ് ആപ്പിൽ പരിഷ്‌കാരങ്ങൾ വരുത്തുന്നത്. മൊബൈൽ നമ്പറും വിലാസവും മാറ്റാനുള്ള സൗകര്യം ഇതിനകം തന്നെ ആപ്പിലുണ്ട്. ഇതുവരെ 4 കോടിയിലധികം ആളുകൾ ആപ്പ് വഴി മൊബൈൽ നമ്പറും, പത്ത് ലക്ഷത്തോളം ആളുകൾ വിലാസവും അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്.
