‘എന്ത് ക്രൂരതയാടാ’; കുഞ്ഞിനെ കൊന്ന പ്രതിക്ക് നേരേ രോഷാകുലരായി പാഞ്ഞടുത്ത് നാട്ടുകാർ; കാർ തകർത്തു

Share our post

തിരുവനന്തപുരം: നെടുമങ്ങാട് പനവൂരിൽ ഒന്നരവയസ്സുകാരനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ടാനച്ഛനെതിരേ നാട്ടുകാരുടെ രോഷപ്രകടനം. രണ്ടാനച്ഛനായ അഷ്‌കറിനെ ഞായറാഴ്ച രാവിലെ വീട്ടിൽ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴാണ് രോഷാകുലരായ നാട്ടുകാർ ഇയാൾക്ക് നേരേ പാഞ്ഞടുത്തത്. ആക്രമിക്കാൻ ശ്രമിച്ചതോടെ പോലീസുകാർ നന്നേ പാടുപെട്ടാണ് പ്രതിയെ വീടിനകത്തേക്ക് കൊണ്ടുപോയത്. തുടർന്ന് വീട്ടിലും വീടിന് പുറത്തും മിനിറ്റുകൾക്കകം തെളിവെടുപ്പ് പൂർത്തിയാക്കി പോലീസ് പ്രതിയുമായി മടങ്ങി.

ഒന്നരവയസ്സുകാരനായ അർഷിതിന്റെ മരണത്തിലാണ് അമ്മ അഖിലയെയും രണ്ടാനച്ഛനായ അഷ്‌കറിനെയും പോലീസ് കഴിഞ്ഞദിവസം അറസ്റ്റ്‌ചെയ്തത്. ക്രൂരപീഡനമേറ്റാണ് കുഞ്ഞ് മരിച്ചതെന്ന് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു ഇരുവരെയും പോലീസ് പിടികൂടിയത്. അഖിലയുടെയും ആദ്യഭർത്താവായ അഖിലിന്റെയും മകനാണ് അർഷിത്. രണ്ടുവർഷം മുൻപാണ് അഖിൽ മരിച്ചത്. ഇതിനുശേഷമാണ് അഖില അഷ്‌കറിനൊപ്പം താമസം ആരംഭിച്ചത്.

കഴിഞ്ഞദിവസം അറസ്റ്റിലായ അഷ്‌കറിനെ ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് തെളിവെടുപ്പിനായി വീട്ടിലെത്തിച്ചത്. പ്രതിയെ കൊണ്ടുവരുന്നതറിഞ്ഞ് വൻ ജനക്കൂട്ടമാണ് പ്രദേശത്ത് തടിച്ചുകൂടിയിരുന്നത്. സുരക്ഷയ്ക്കായി വൻ പോലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു. എന്നാൽ, പ്രതിയെ പോലീസ് പുറത്തിറക്കിയതിന് പിന്നാലെ നാട്ടുകാർക്ക് ഇയാൾക്ക് നേരേ പാഞ്ഞടുത്തു. ‘എന്ത് ക്രൂരതയാടാ കുഞ്ഞിനോട് കാട്ടിയത്’ എന്നുപറഞ്ഞ് സ്ത്രീകളടക്കമുള്ള പ്രതിക്കുനേരേ ആക്രോശിച്ചു. ഒടുവിൽ പോലീസ് അതിവേഗത്തിൽ പ്രതിയുമായി വീട്ടിലേക്ക് പോവുകയായിരുന്നു. ഇതിനിടെ, അഷ്‌കർ ഉപയോഗിക്കുന്ന കാറും നാട്ടുകാർ അടിച്ചുതകർത്തിരുന്നു.

കഴിഞ്ഞ ആറുമാസമായി അഷ്‌കറും അഖിലയും കുഞ്ഞും ഇവിടെയാണ് താമസമെന്ന് നാട്ടുകാർ പറഞ്ഞു. എന്നാൽ, അയൽക്കാരുമായോ നാട്ടുകാരുമായോ അധികം ബന്ധം പുലർത്തിയിരുന്നില്ല. ഇടയ്ക്ക് വീട്ടിൽനിന്ന് കുഞ്ഞിന്റെ കരച്ചിൽ കേൾക്കാമായിരുന്നു. അടുത്തിടെ കുഞ്ഞിന്റെ രണ്ടുകൈകളിലും പ്ലാസ്റ്ററിട്ടത് ചിലർ കണ്ടു. തുടർന്ന് അഷ്‌കറിനോട് കാര്യം തിരക്കിയെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. കുഞ്ഞ് വീണതാണോ എന്ന് ചോദിച്ചിട്ടും ഇയാൾ ഒന്നുംപറഞ്ഞില്ല. ഇതോടെയാണ് നാട്ടുകാർക്ക് സംശയം തോന്നിത്തുടങ്ങിയത്. പിന്നീട് നാട്ടുകാരിൽ ചിലരാണ് അഖിലയുടെ ആദ്യഭർത്താവായ അഖിലിന്റെ വീട്ടുകാരെ വിവരമറിയിച്ചത്.

അതിനിടെ, അഖിലയും അഷ്‌കറും കഴിഞ്ഞദിവസം കുഞ്ഞിന്റെ വസ്ത്രങ്ങൾ കത്തിക്കാൻ ശ്രമിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. ഇതിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അഖില എഴുതിയതെന്ന് കരുതുന്ന ഒരു കുറിപ്പും പാതിക്കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തി. എന്നാൽ, ഇതേക്കുറിച്ച് പോലീസ് കൂടുതൽവിവരങ്ങൾ വ്യക്തമാക്കിയിട്ടില്ല.

നെഞ്ചുലയ്ക്കുന്ന സംഭവം, പഴുതില്ലാത്ത നിയമ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി

നെടുമങ്ങാട്ടെ കുഞ്ഞിന്റെ കൊലപാതകം നെഞ്ചുലയ്ക്കുന്ന സംഭവമാണെന്ന് വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദുകൃഷ്ണ. സർക്കാർ വളരെ ഗൗരവത്തോടെയാണ് ഇത് കാണുന്നത്. നിയമപരമായ കാര്യങ്ങൾ നടക്കുന്നുണ്ട്. പ്രതികൾ ശിക്ഷിക്കപ്പെടണം. പഴുതുകളില്ലാത്ത നിയമനടപടികൾ സ്വീകരിക്കും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ വകുപ്പ് സ്വീകരിക്കുമെന്നും മന്ത്രി പ്രതികരിച്ചു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!