പേരാവൂർ പഞ്ചായത്ത് വികസന സമിതി രൂപവത്ക്കരിച്ചു
പേരാവൂർ: പഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് പഞ്ചായത്തധികൃതരെയും സർവക്ഷി നേതാക്കളെയും ഉൾപ്പെടുത്തി വികസന സമിതി രൂപവത്ക്കരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷയായി. വൈസ്.പ്രസിഡന്റ് കെ.എ.രജീഷ് പദ്ധതി വിശദീകരിച്ചു.
പേരാവൂർ ടൗണിന്റെ വികസനം, വിവിധ അടിസ്ഥാന സൗകര്യ വികസനം, പഞ്ചായത്തിലെ മറ്റു ടൗണുകളുടെ വികസനം, പേരാവൂർ-കൊട്ടിയൂർ റോഡ് വീതികൂട്ടൽ, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നിർമാണം തുടങ്ങിയവ യോഗത്തിൽ ചർച്ചയായി. വികസനവുമായി ബന്ധപ്പെട്ട് യുദ്ധകാലടിസ്ഥാനത്തിൽ മാസ്റ്റർ പ്ലാൻ തയ്യാറാക്കാനും തീരുമാനിച്ചു.
പഞ്ചായത്തംഗവും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമായ ജൂബിലി ചാക്കോ, കെ.ശശീന്ദ്രൻ, ടി.എസ്.ഷിനോജ്, കെ.കെ.രാമചന്ദ്രൻ, ഷബി നന്ത്യത്ത്, ഷിനോജ് നരിതൂക്കിൽ തുടങ്ങിയവർ സംസാരിച്ചു. ജനപ്രതിനിധികൾ, വ്യാപാരി നേതാക്കൾ, രാഷ്ട്രീയപ്പാർട്ടി നേതാക്കൾ എന്നിവരെ ഉൾപ്പെടുത്തിയാണ് വികസന സമിതി രൂപവത്ക്കരിച്ചത്.
ഭാരവാഹികൾ: നിഷ ബാലകൃഷ്ണൻ(ചെയ.), കെ.എ.രജീഷ്, കെ.പി.അബ്ദുൾ റഷീദ് , സുരേഷ് ചാലാറത്ത് (വൈസ്.ചെയ,), ജൂബിലി ചാക്കോ (കൺ.), ബേബി സോജ, കെ.സ്മിത, ഷീബ ഗോപിനാഥ് (ജോ.കൺ.).
