അറുതിയില്ലാ ദുരിതം; നടാൽ റെയിൽവേ ഗേറ്റ് 28 മുതൽ ജൂൺ ഒന്ന് വരെ അടച്ചിടും
എടക്കാട് : കണ്ണൂർ–തലശ്ശേരി, കണ്ണൂർ–കൂത്തുപറമ്പ് റൂട്ടുകളിൽ വീണ്ടും യാത്രാക്ലേശം രൂക്ഷമാകും. ട്രാക്ക് നവീകരണത്തിന്റെ ഭാഗമായി 28ന് രാവിലെ 8 മുതൽ ജൂൺ ഒന്നിന് രാത്രി 11 വരെ കണ്ണൂർ–തലശ്ശേരി പഴയ ദേശീയപാതയിലെ നടാൽ റെയിൽവേ ഗേറ്റ് അടച്ചിടും. സ്കൂൾ തുറക്കുന്ന ജൂൺ ഒന്നിനും ഗേറ്റ് അടഞ്ഞുകിടക്കുമെന്നതിനാൽ സ്കൂൾ വാഹനങ്ങൾ മുഴുവൻ റോഡിലേക്കിറങ്ങുന്ന അന്നേ ദിവസവും കുരുക്കിന്റെ രൂക്ഷത ഇരട്ടിയാവും.ദേശീയപാത നിർമാണത്തിന് വേണ്ടി ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയതിന്റെ ഭാഗമായി കണ്ണൂർ–തലശ്ശേരി റൂട്ടിലും കണ്ണൂർ–കൂത്തുപറമ്പ് റൂട്ടിലും നിലവിൽ തന്നെ യാത്രാ ക്ലേശം ഉണ്ട്.
നടാൽ റെയിൽവേ ഗേറ്റ് അടച്ചിടുന്ന നാളെ മുതൽ കണ്ണൂർ–തോട്ടട–തലശ്ശേരി റൂട്ടിലോടുന്ന ബസുകളടക്കമുള്ള എല്ലാ വാഹനങ്ങളും ദേശീയപാത നിർമാണം നടക്കുന്ന താഴെചൊവ്വ ബൈപാസ്–കിഴുത്തള്ളി–ചാല വഴിയാണ് തലശ്ശേരിയിലേക്ക് പോകുക. നിലവിൽ തന്നെ മുഴുവൻ സമയ ഗതാഗതക്കുരുക്കുള്ള റൂട്ടിൽ തോട്ടട വഴി തലശ്ശേരിയിലേക്കു പോകുന്ന വാഹനങ്ങളും പ്രവേശിക്കുമ്പോൾ കുരുക്കിന്റെ രൂക്ഷത ഇരട്ടിയാകും.
ദേശീയപാത നിർമാണത്തിനു വേണ്ടി സംസ്ഥാനപാതയിലെ ചാലയിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയ ദിവസം മുതൽ തന്നെ ട്രാക്ക് നവീകരണത്തിനു വേണ്ടി താഴെചൊവ്വ റെയിൽവേ ഗേറ്റ് അടച്ചിട്ടതിനെ തുടർന്ന് കണ്ണൂർ–തോട്ടട–തലശ്ശേരി റൂട്ട് വഴി പോകേണ്ട വാഹനങ്ങൾ മുഴുവൻ താഴെചൊവ്വ ബൈപാസ്–ചാല വഴിയാണ് തലശ്ശേരിയിലേക്കു പോയത്. ഇത് കാരണം റൂട്ടിൽ മണിക്കൂറുകളോളം നീളുന്ന ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്.
യാത്രാക്ലേശം പരിഹരിക്കാൻ തീവ്രശ്രമം
ദേശീയപാത നിർമാണം ഭാഗമായി ഏർപ്പെടുത്തിയ ഗതാഗത ക്രമീകരണത്തെ തുടർന്നുണ്ടായ യാത്രാ ക്ലേശം പരിഹരിക്കാനുള്ള ശ്രമം ഊർജിതം. ഗതാഗത ക്രമീകരണത്തിന്റെ ഭാഗമായി കണ്ണൂരിൽ നിന്ന് കൂത്തുപറമ്പ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളെ ചാല സ്റ്റേഷൻ സ്റ്റോപ്പിന് സമീപത്തുനിന്ന് പുതിയ ആറുവരി ദേശീയപാതയിലൂടെ പ്രവേശിപ്പിച്ച് മിംസ്–ബേബി ആശുപത്രി പരിസരത്ത് നിന്ന് വീണ്ടും കണ്ണൂർ ഭാഗത്തേക്കുള്ള സർവീസ് റോഡിലൂടെ കടത്തിവിട്ട് ചാല അമ്പലം സ്റ്റോപ്പിലെ അടിപ്പാത വഴിയാണ് കൂത്തുപറമ്പ് ഭാഗത്തേക്ക് കടത്തിവിടുന്നത്. ബസ്സുകളടക്കമുള്ള വാഹനങ്ങളുടെ ഈ ചുറ്റിത്തിരിയൽ പരിഹരിക്കാൻ കിഴുത്തള്ളിയിൽനിന്ന് ചാല അമ്പലം സ്റ്റോപ് വരെയുള്ള സർവീസ് റോഡിലൂടെ വാഹനങ്ങളെ കടത്തിവിട്ടാൽ മതിയാകും. ഈ സർവീസ് റോഡ് സ്കൂൾ തുറക്കുന്നതിനു മുൻപേ തന്നെ തുറന്നുകൊടുക്കാനുള്ള ശ്രമത്തിലാണ് ദേശീയപാത അതോറിറ്റി. ചാലയിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയതിനെ തുടർന്ന് ചാലയിൽ നിന്ന് തോട്ടടയിലേക്ക് പോകുന്ന അമ്മൂപറമ്പ് റോഡ് അടച്ചത് കാരണമുള്ള യാത്രാ ക്ലേശവും ഉണ്ട്. ഇത് പരിഹരിക്കാൻ താൽക്കാലികമായി ചാല അമ്പലം സ്റ്റോപ്പിലെ അടിപ്പാത ഭാഗത്തുനിന്ന് അമ്മൂപറമ്പ് റോഡിലേക്ക് സർവീസ് റോഡ് തുറന്നുകൊടുക്കും. ഈ റോഡിന്റെ പ്രവൃത്തിയും വേഗത്തിൽ പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
