കൊട്ടിയൂർ വൈശാഖോത്സവം; എള്ളെണ്ണ സംഘം പുറപ്പെട്ടു
അഞ്ചരക്കണ്ടി: കൊട്ടിയൂർ വൈശാഖോത്സവത്തിനുള്ള എള്ളെണ്ണയുമായി വാണിയ കുടുംബം പടുവിലായി കിള്ളിയോട്ട് തറവാട് സംഘം യാത്ര പുറപ്പെട്ടു. പഞ്ചാക്ഷരി മന്ത്രം മുഴക്കി നൂറു കണക്കിന് കുടുംബാംഗങ്ങൾ നേർച്ച എണ്ണയിൽ അരിയും പുഷ്പവുമെറിഞ്ഞ് പ്രണവം മുഴക്കി വണങ്ങിയ ശേഷമാണ് യാത്ര പുറപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് കാൽനടയായി സംഘം യാത്രതിരിച്ചത്.
അർദ്ധരാത്രി ആറളത്തെ കുടുംബ ക്ഷേത്രമായ മുച്ചിലോട്ടിലെത്തും. വെള്ളിയാഴ്ച വൈകിട്ട് അവിടെ നിന്നും പുറപ്പെടും. ശനിയാഴ്ച രാവിലെ കുണ്ടേൻ വിഷ്ണു ക്ഷേത്രത്തിൽ നിന്ന് യാത്ര ആരംഭിച്ച് ഒൻപതോടെ കൊട്ടിയൂരിലെത്തി ആചാരം വെച്ചുവണങ്ങി എണ്ണ സമർപ്പിക്കും.
ഒരു കുറ്റി എള്ളെണ്ണ തലയിലേറ്റി പിറകിൽ തുറന്ന വാഹനത്തിൽ 45 ടിൻ എള്ളെണ്ണയാണ് കൊട്ടിയൂരിൽ സമർപ്പിക്കുക. കിള്ളിയോട്ട് സദാനന്ദൻ, പുരുഷു കോമരം ,ലിജീഷ് കോമരം, ജനാർദ്ദനൻ അന്തിതിരിയൻ, രാജേഷ് ,രാമകൃഷ്ണൻ , സനീഷ് , ഷാജി, പ്രസാദ് ,അനിൽ , സനേഷ്, ബിനീഷ് പ്രമോദ് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് യാത്ര ആരംഭിച്ചത്. സ്വന്തമായി എള്ള് കൃഷിചെയ്തു പടുവിലായിലെ കിള്ളിയോട്ട് തറവാടിന് മുന്നിലുള്ള ചക്കാലയിൽ വെച്ചാണ് ശുദ്ധമായ എണ്ണ ആട്ടിയെടുത്തത്.
