അവയവ മാഫിയയിൽ ഉന്നതരും; 15 ലക്ഷം പറയും,ആറ് കൊടുക്കും; പരാതിപ്പെട്ടാൽ ഗുണ്ടകളെത്തും

Share our post

കൊച്ചി : അവയവദാന തട്ടിപ്പിന് പൊലീസിലെയും റവന്യു വകുപ്പിലെയും ചില ഉന്നതരും ഡോക്ടർമാർ അടക്കമുള്ളവരും മുഹമ്മദ് നജീബ് കല്ലട്രയേയും കൂട്ടരേയും സഹായിച്ചിരുന്നതായി വിവരം. നജീബിന്റെ ഫ്ലാറ്റിൽനിന്ന് അന്വേഷണ സംഘം പിടിച്ചെടുത്ത ഡയറിയില്‍ ഇവരില്‍ പലരുടേയും പേരുണ്ട്. അതിനിടെ, അവയവ മാഫിയയുടെ ആലപ്പുഴ ജില്ലയിൽ റാക്കറ്റിന്റെ പ്രധാന ഏജന്റുമാരായിരുന്ന, അരൂരിൽ താമസിച്ചിരുന്ന സഹോദരങ്ങൾ രാജേഷിനും രമേഷിനുമായുള്ള അന്വേഷണം തുടരുകയാണ്.

കാസർകോട് കൽനാട് നിഹമത്ത് മൻസിലിൽ നജീബ് കഴിഞ്ഞ 3 വർഷമായി അവയവ മാഫിയയുടെ ഭാഗമാണെന്നാണ് വിവരം. നജീബിന്റെ കീഴിലായിരുന്നു രാജേഷും രമേഷും പ്രവർത്തിച്ചിരുന്നത് എന്നും സൂചനയുണ്ട്. അരൂരില്‍ സ്പാ നടത്തിയിരുന്ന തൊടുപുഴ സ്വദേശി ഡെബിൻ ജോസഫ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഈ സ്പാ അവയവ തട്ടിപ്പിനു മറയായിരുന്നു എന്നാണ് അന്വേഷണ സംഘം കരുതുന്നത്. സ്പായിൽ എത്തുന്നവരാണ് അവയവം ദാനം ചെയ്യാൻ സാധ്യതയുള്ളവരെക്കുറിച്ച് നടത്തിപ്പുകാർക്ക് വിവരം കൊടുക്കുന്നത്. പത്തു വർഷത്തിലേറെയായി രാജേഷിന് അവയവക്കടത്തുമായി ബന്ധമുണ്ടെന്നു സൂചനകളുണ്ട്. ആലപ്പുഴയുടെ തീര, കാർഷിക മേഖലകളിൽ ഇത്തരത്തിൽ വൃക്കയും കരളുമൊക്കെ ദാനം ചെയ്ത ഒട്ടേറെ പേരുണ്ട്. കടബാധ്യതയുള്ളവരെയും പണത്തിന് പെട്ടെന്ന് ആവശ്യം വരുന്നവരേയും മദ്യപാനികളേയുമൊക്കെയാണ് മാഫിയ ലക്ഷ്യം വയ്ക്കുന്നത്.

അവയവം ദാനം ചെയ്താൽ 15 ലക്ഷം രൂപയോളമാണ് മാഫിയ വാഗ്ദാനം ചെയ്തിരുന്നത്. സമ്മതം നൽകുന്നതിനു മുൻപുതന്നെ 2 ലക്ഷം രൂപ വരെ മുൻകൂർ നൽകും. പണത്തിന് ആവശ്യമുള്ളവർ ഇതോടെ കുടുങ്ങും. പിന്നെ രേഖകൾ ശരിയാക്കലാണ്. ഒറ്റ ദിവസം കൊണ്ടാണ് രേഖകൾ ഏജന്റുമാർ ശരിയാക്കുന്നത് എന്നാണ് ഈ മേഖലയെക്കുറിച്ച് അറിവുള്ളവർ പറയുന്നത്. എല്ലാ ഓഫസിലും അവർക്ക് ആളുകളുണ്ട്. കൃത്യം ‘പടി’ ഓരോ മാസവും ഇവർക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യും. ഈ വഴിക്കും കിട്ടാത്ത രേഖകളാണ് നജീബിന്റെ നേതൃത്വത്തിൽ വ്യാജമായി ഉണ്ടാക്കിയിരുന്നത് എന്നാണ് വിവരം. രേഖകൾ ശരിയായായൽ വൈകാതെ ശസ്ത്രക്രിയ നടക്കും. 15 ലക്ഷം പ്രതിഫലം പറഞ്ഞാലും 6 ലക്ഷം വരെയൊക്കെയേ നൽകൂ. എതിര്‍പ്പുയർന്നാൽ ഗുണ്ടാ സംഘങ്ങളുണ്ട്. അതുകൊണ്ടു പരാതി കൊടുക്കാൻ ആരും തയാറാകില്ല. ഇത്തരത്തിൽ അവയവം നൽകേണ്ടി വന്നവർ ഏറെയുണ്ടെന്നും എന്നാൽ ആരും പരാതി നൽകുന്നില്ലെന്നുമാണ് പൊലീസ് പറയുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!