സണ്ണി ജോസഫ്, കെ. മുരളീധരൻ, എം. ലിജു … മന്ത്രിസ്ഥാനങ്ങളിൽ ചർച്ചതുടരുന്നു, ലീഗിലും അനിശ്ചിതത്വം

Share our post

തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിൽ കോൺഗ്രസിന്റെ അഞ്ച് മാന്ത്രിമാരുടെ കാര്യത്തിൽ ധാരണയായതായി റിപ്പോർട്ട്. രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് ലഭിക്കുമെന്ന് ഏറക്കുറേ ഉറപ്പായി. കൂടാതെ കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ്, കുണ്ടറയിൽനിന്ന് ജയിച്ച പി.സി. വിഷ്ണുനാഥ്, മുതിർന്ന നേതാവ് കെ. മുരളീധരൻ, കായംകുളത്ത്‌ നിന്ന് ജയിച്ച എം. ലിജു എന്നിവരുടെ പേരുകളിലാണ് ധാരണയായിട്ടുള്ളത്.

സാമുദായിക സമവാക്യങ്ങൾ കൂടി കണക്കിലെടുത്താണ് മന്ത്രിസ്ഥാനങ്ങളിലേക്ക് ആരൊക്കെ വേണമെന്ന ചർച്ച പുരോഗമിക്കുന്നത്‌. കൊല്ലം ജില്ലയിൽനിന്നുള്ള പ്രാതിനിധ്യവും കണക്കിലെടുത്ത് ബിന്ദുകൃഷ്ണയും ഏറക്കുറേ മന്ത്രിസ്ഥാനം ഉറപ്പിച്ചു.

ഇതനിടെ, ചാണ്ടി ഉമ്മൻ കന്റോൺമെന്റ് ഹൗസിലെത്തിയതോടെ അദ്ദേഹത്തെയും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന സൂചന പടർന്നു. മാണി സി. കാപ്പനേയും പരിഗണിക്കുന്നതായാണ് സൂചന. ഒറ്റകക്ഷി എംഎൽഎമാരിൽ സി.പി ജോണിന് അഞ്ച് വർഷവും അനൂപ് ജേക്കബിനും മാണി സി കാപ്പനും രണ്ടരവർഷം ടേമും ആലോചിക്കുന്നതായാണ് റിപ്പോർട്ട്‌. മന്ത്രിസ്ഥാനം നൽകാമെന്ന് അറിയിച്ചിട്ടുണ്ടെന്നും വകുപ്പ് ഏതെന്ന കാര്യത്തിൽ തീരുമാനമായില്ലെന്നും മാണി സി. കാപ്പൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

മന്ത്രിമാരുടെ എണ്ണത്തെച്ചൊല്ലി മുസ്ലിംലീഗിലും അനിശ്ചിതത്വം നിലനിൽക്കുന്നു. അഞ്ച് മന്ത്രി സ്ഥാനങ്ങൾ വേണമെന്ന നിലപാടിൽ ലീഗ് ഉറച്ചുനിൽക്കുമ്പോൾ നാല് മന്ത്രിമാരും കാബിനറ്റ് പദവിയുള്ള മറ്റൊരു സ്ഥാനവും എന്നതാണ് കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്ന ഫോർമുല. പി.കെ. ബഷീറിനെ മന്ത്രിയാക്കുന്നതിൽ ഒരുവിഭാഗം എതിർപ്പറിയിച്ചിട്ടുണ്ട്. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മന്ത്രിസ്ഥാനം ഉറപ്പാണ്. കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ, വി.ഇ. അബ്ദുൽ ഗഫൂർ, പാറക്കൽ അബ്ദുള്ള, എ.കെ.എം. അഷ്‌റഫ് എന്നിവരുടെ പേരുകളും ഉയർന്നുവരുന്നുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!