രക്തസാക്ഷി ഫണ്ട് വെട്ടിച്ചവരെ പാർട്ടിയിൽനിന്ന് പുറത്താക്കാൻ പയ്യന്നൂരിൽ പോസ്റ്റർ
പയ്യന്നൂർ: സിപിഎം സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം സൈബർ ഇടങ്ങളിൽ വിമർശനങ്ങൾ നടക്കുന്നതിനിടയിൽ പോസ്റ്റർ പ്രചരണവും. പയ്യന്നൂർ അന്നൂർ കാറമേലിലാണ് സേവ് സിപിഎം ഫോറം എന്ന പേരിൽ ഇന്നലെ രാവിലെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
ജനവികാരത്തെ മാനിക്കുക, രക്തസാക്ഷി ഫണ്ട് വെട്ടിച്ചവരെ പാർട്ടിയിൽനിന്നു പുറത്താക്കുക, കണക്ക് ജനങ്ങളോട് പറയുക തുടങ്ങിയ ആവശ്യങ്ങളാണ് പോസ്റ്ററിലുള്ളത്. ഇന്നലെ രാവിലെയാണ് സംഭവം പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി വി. കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം കാറമേലിൽ ചുമരെഴുത്ത് നടത്തിയ മതിൽ തകർത്ത സംഭവമുണ്ടായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച നിയുക്ത എംഎൽഎ വി. കുഞ്ഞികൃഷ്ണന്റെ നേതൃത്വത്തിൽ അനുയായികളും യുഡിഎഫ് പ്രവർത്തകരും ചേർന്ന് പൊളിച്ച മതിൽ പുനർനിർമിച്ച് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് മതിലിന്റെ പൊളിക്കാതെ അവശേഷിച്ചിരുന്ന ഭാഗത്ത് സേവ് സിപിഎം ഫോറത്തിന്റെ പേരിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
