ഇത് ഉമ്മൻചാണ്ടിക്ക് ലഭിച്ച നീതി, ഇനി കല്ലറ പണിയും; പിണറായി സർക്കാരിനെതിരേ ചാണ്ടി ഉമ്മൻ
കോട്ടയം: തിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ ഉജ്ജ്വല വിജയത്തിന് പിന്നാലെ ഇടതുസർക്കാരിനെതിരേ രൂക്ഷവിമർശനവുമായി പുതുപ്പള്ളിയിൽ വീണ്ടും ജയിച്ച ചാണ്ടി ഉമ്മൻ. പിണറായി വിജയൻ അധികാരമേറ്റ് മൂന്നാംമാസം കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്തതല്ലാതെ മറ്റൊരു വികസന പദ്ധതിയും കേരളത്തിൽ നടപ്പിലാക്കിയിട്ടില്ലെന്നും ഇതിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധമാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തിലടക്കം വിശ്വാസികൾക്കെതിരേ സർക്കാർ സ്വീകരിച്ച നിലപാടുകളെയും അദ്ദേഹം വിമർശിച്ചു. അയ്യപ്പന്റെ സ്വർണം കൊള്ളയടിക്കാൻ കൂട്ടുനിൽക്കുന്ന ഒരു സർക്കാരിനെതിരേ ജനം വോട്ട് ചെയ്യാതിരിക്കില്ല. പുതുപ്പള്ളി പള്ളിയിലോ പരിസരത്തോ സമാനമായ പ്രശ്നങ്ങളുണ്ടായാൽ ഇവിടത്തെ ജനങ്ങൾ എങ്ങനെ പ്രതികരിക്കുമെന്ന് ചോദിച്ച അദ്ദേഹം, അത്തരത്തിലുള്ള പ്രതികരണം കേരളം മുഴുവൻ ആരാധിക്കുന്ന അയ്യപ്പന്റെ കാര്യത്തിലും ഉണ്ടായെന്നും വിശദീകരിച്ചു.
ഉമ്മൻ ചാണ്ടിക്കെതിരെയുള്ള രാഷ്ട്രീയ വേട്ടയാടലുകൾക്കുള്ള മറുപടി കൂടിയാണ് ഈ തിരഞ്ഞെടുപ്പ് വിജയമെന്നും ചാണ്ടി ഉമ്മൻ ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തിരുന്നപ്പോഴും ഭരണത്തിലിരുന്നപ്പോഴും ഇടതുമുന്നണി അദ്ദേഹത്തെ അനാവശ്യമായി വേട്ടയാടി. ഉമ്മൻ ചാണ്ടിക്ക് നീതി ലഭിച്ച തിരഞ്ഞെടുപ്പാണിത്. അതുകൊണ്ട് അദ്ദേഹത്തിന് കല്ലറ കെട്ടാൻ പോവുകയാണ്. രണ്ടരവർഷം കല്ലറ കെട്ടാതെ കാത്തുനിൽക്കുകയായിരുന്നുവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
