നാലിന് തിരഞ്ഞെടുപ്പ് ഫലം; ഒരുങ്ങി സംസ്ഥാനം: വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കയറാൻ ക്യുആർ കോഡുള്ള ഐഡി കാർഡ്
സംസ്ഥാനം നാലിന് വോട്ടെണ്ണലിന് ഒരുങ്ങിക്കഴിഞ്ഞു. രാവിലെ 8ന് വോട്ടെണ്ണൽ ആരംഭിച്ചാൽ പൂർത്തിയാകുന്നതു വരെ ഇടവേളയുണ്ടാകില്ല. അതതു മണ്ഡലങ്ങളിലെ വരണാധികാരിയുടെ ചുമതലയിലാണ് ഓരോ കേന്ദ്രത്തിലെയും വോട്ടെണ്ണൽ.
വോട്ടെണ്ണാൻ 14 മേശകൾ
- ഒരു ഹാളിൽ 14 മേശകൾ. പോസ്റ്റൽ ബാലറ്റ് എണ്ണാനുള്ള മേശ അധികമായുണ്ടാകും. പരമാവധി 500 പോസ്റ്റൽ ബാലറ്റുകളേ ഒരു മേശയിൽ എണ്ണാൻ പാടുള്ളൂ എന്നാണ് നിർദേശം. 3000 തപാൽ വോട്ടുകൾ ഒരു മണ്ഡലത്തിൽ ഉണ്ടെങ്കിൽ 6 മേശകളുണ്ടാകും.
- കൗണ്ടിങ് ഏജന്റുമാർക്ക് ഇരിക്കാൻ ബാരിക്കേഡിനു പിന്നിൽ വോട്ടെണ്ണൽ ടേബിൾ. ഓരോ റൗണ്ടും പൂർത്തിയാകുമ്പോൾ, വോട്ടെണ്ണൽ വിവരങ്ങൾ എൻകോർ സോഫ്റ്റ്‌വെയറിൽ രേഖപ്പെടുത്തും.
സ്ട്രോങ് റൂം തുറക്കൽ: രാവിലെ 6ന് കൗണ്ടിങ് ഉദ്യോഗസ്ഥരെത്തും. 7ന് നിരീക്ഷകൻ, വരണാധികാരി, സ്ഥാനാർഥികൾ, സ്ഥാനാർഥി നിയോഗിച്ച ഏജന്റ് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ലോഗ് ബുക്കിൽ വിവരങ്ങൾ രേഖപ്പെടുത്തി, പൂട്ടിന്റെ സീൽ പരിശോധിച്ച് ബോധ്യപ്പെടുത്തിയ ശേഷം പൊട്ടിച്ച്, പൂട്ട് തുറക്കും. ഇതുൾപ്പെടെ കൗണ്ടിങ് ഹാളിൽ വോട്ടിങ് യന്ത്രം എത്തിക്കുന്നതു വരെയുള്ള എല്ലാ നടപടിയും വിഡിയോയിൽ റിക്കോർഡ് ചെയ്യും.
വോട്ട് എണ്ണൽ
- 8 മണിക്ക് തപാൽ വോട്ട് എണ്ണിത്തുടങ്ങും.
- 30 മിനിറ്റിനു ശേഷം ഇവിഎമ്മിലെ വോട്ടെണ്ണൽ തുടങ്ങും. തപാൽ വോട്ടുകൾ ഇല്ലാത്ത മണ്ഡലങ്ങളിൽ 8 മണിക്കു തന്നെ ഇവിഎം വോട്ടെണ്ണൽ ആരംഭിക്കും.
- ഇവിഎമ്മിന്റെ കൺട്രോൾ യൂണിറ്റും ഫോം 17സിയുമാണ് കൗണ്ടിങ് ടേബിളിലേക്കു കൊണ്ടുവരുന്നത്.
- 14 മേശകളിലും ഒരേ സമയത്താണ് വോട്ടെണ്ണൽ. ഇതിനെയാണ് ഒരു റൗണ്ട് എന്നു പറയുന്നത്.
- ഓരോ കൗണ്ടിങ് ഹാളിലും സ്ഥാനാർഥികളുടെ പേരും റൗണ്ട് നമ്പറും വലിയ ബോർഡിൽ പ്രദർശിപ്പിക്കും. ഓരോ റൗണ്ടിലെയും ഫലം തിരഞ്ഞെടുപ്പ് നിരീക്ഷകൻ സാക്ഷ്യപ്പെടുത്തുകയും വരണാധികാരി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്ത ശേഷം ബോർഡിൽ പ്രദർശിപ്പിക്കും.
- ഈ നടപടി ക്രമങ്ങൾ പൂർത്തിയായ ശേഷമേ അടുത്ത റൗണ്ടിലേക്കുള്ള കൺട്രോൾ യൂണിറ്റുകൾ സ്ട്രോങ് റൂമിൽനിന്ന് കൊണ്ടുവരികയുള്ളൂ.
- വോട്ടെണ്ണലിന്റെ കൃത്യത ഉറപ്പാക്കാൻ ഓരോ റൗണ്ടിലും എണ്ണുന്ന 2 കൺട്രോൾ യൂണിറ്റുകൾ വീതം നിരീക്ഷകർ ക്രമത്തിലല്ലാതെ തിരഞ്ഞെടുത്ത് പുനഃപരിശോധിക്കും.
- ഇതിൽ കണ്ടെത്തിയ ഫലവും ടേബിളിൽനിന്ന് ലഭിച്ച ഫലവും തമ്മിൽ പൊരുത്തക്കേടുണ്ടെങ്കിൽ ആ ടേബിളിലെ ആ റൗണ്ടിലെ ഫലം കൺട്രോൾ യൂണിറ്റിൽനിന്ന് നേരിട്ട് വീണ്ടും പരിശോധിച്ച്, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെ മാറ്റുകയും നടപടിയെടുക്കുകയും ചെയ്യും.
വിവിപാറ്റ് സ്ലിപ്പുകളുടെ എണ്ണൽ
- എല്ലാ പൊതുതിരഞ്ഞെടുപ്പുകളിലും ഉപതിരഞ്ഞെടുപ്പുകളിലും 5 പോളിങ് സ്റ്റേഷനുകളിലെ വിവിപാറ്റ് സ്ലിപ്പുകൾ നിർബന്ധമായും പരിശോധിക്കണം.
- ഇവിഎമ്മുകളിലെ അവസാന റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായ ശേഷമാണ് ഇതു ചെയ്യേണ്ടത്. വരണാധികാരിയുടെയും നിരീക്ഷകന്റെയും മേൽനോട്ടത്തിൽ, വിവിപാറ്റ് കൗണ്ടിങ് ബൂത്തിൽ വച്ചാണ് സ്ലിപ് എണ്ണേണ്ടത്.
- സ്ഥാനാർഥികളുടെയോ അവരുടെ ഏജന്റുമാരുടെയോ സാന്നിധ്യവും നിർബന്ധമാണ്. വിവിപാറ്റ് എണ്ണുന്നതിനു മുൻപ് മറ്റു കൗണ്ടിങ് ടേബിളുകളിലെ ഉദ്യോഗസ്ഥരെയും ഏജന്റുമാരെയും കൗണ്ടിങ് ഹാളിൽനിന്നു പുറത്താക്കണം.
മൊബൈലിന് പ്രവേശനമില്ല
തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിരീക്ഷകനു മാത്രമേ കൗണ്ടിങ് ഹാളിൽ മൊബൈൽ ഫോൺ കൊണ്ടുപോകാൻ അനുവാദമുള്ളൂ. വരണാധികാരിക്കും ഉപവരണാധികാരിക്കും ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സിസ്റ്റം (ഇടിപിബിഎസ്) പ്രീ-കൗണ്ടിങ്ങിനായുള്ള ഒടിപി (വൺ ടൈം പാസ്‌വേഡ്) സ്വീകരിക്കാൻ മാത്രം മൊബൈൽ ഓൺ ചെയ്യാം. ലോഗിൻ ചെയ്താലുടൻ ഫോൺ ഓഫ് ചെയ്യണം. വോട്ടെണ്ണൽ തീരുന്നതുവരെ ഫോൺ നിരീക്ഷകന്റെയോ വരണാധികാരിയുടെയോ സഹവരണാധികാരിയുടെയോ കൈവശം സൂക്ഷിക്കണം.
വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കയറാൻ ക്യുആർ കോഡുള്ള ഐഡി കാർഡ്
ന്യൂഡൽഹി ∙ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ അനധികൃതമായി ആരും പ്രവേശിക്കാതിരിക്കാൻ ക്യുആർ കോഡുള്ള തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. മേയ് നാലിനു നടക്കുന്ന വോട്ടെണ്ണൽ മുതൽ പരിഷ്കാരം നടപ്പാക്കുമെന്ന് കമ്മിഷൻ അറിയിച്ചു. നേരത്തേ ബിഎൽഒമാർക്കും ഇത്തരത്തിലുള്ള തിരിച്ചറിയൽ കാർഡുകൾ നൽകിയിരുന്നു. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ത്രിതല സുരക്ഷാ സംവിധാനം ഏർപ്പെടുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. വരണാധികാരിമാർ, എആർഒമാർ, കൗണ്ടിങ്ങിനായി നിയോഗിക്കപ്പെട്ടവർ, സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥർ, സ്ഥാനാർഥികൾ, തിരഞ്ഞെടുപ്പ് ഏജന്റുമാർ, കൗണ്ടിങ് ഏജന്റുമാർ തുടങ്ങിയവർക്കെല്ലാം ഇത്തരത്തിലുള്ള കാർഡുകൾ നൽകും.
