കൊച്ചിയിൽ കാണാതായ ഒമ്പതാംക്ലാസ് വിദ്യാർഥിനിയെ കണ്ടെത്തി
കൊച്ചി: കൊച്ചി കരിമുകളിൽ നിന്ന് കാണാതായ പതിമൂന്നുകാരിയെ കണ്ടെത്തി. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് റെയിൽവേ പൊലീസാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ചൈൽഡ് ലൈന് കുട്ടിയെ കൈമാറിയ ശേഷമാകും രക്ഷിതാക്കൾക്കൊപ്പം വിട്ടയയ്ക്കുക. വിദ്യാർഥിക്ക് കൗൺസിലിങ് നൽകിയ ശേഷം ബന്ധുക്കൾക്കൊപ്പം അയക്കും.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10.30നാണ് കരിമുകൾ സ്വദേശിയുടെ മകളെ വീട്ടിൽനിന്ന് കാണാതായത്. രാത്രി 12.10ന് കരിമുകൾ–ബ്രഹ്മപുരം റോഡിലേക്ക് തിരിഞ്ഞ് റോഡിലൂടെ നടന്നുപോകുന്ന സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. റോഡിലേക്ക് കയറിയശേഷം കുട്ടി ഏതെങ്കിലും വാഹനത്തിൽ കയറിപ്പോയെന്നാണ് സംശയിച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നു.
രണ്ട് ബാഗുകളുമായി മുഖത്ത് മാസ്ക് ധരിച്ചതായാണ് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായത്. ചൊവ്വാഴ്ചമുതൽ അമ്പലമേട് പൊലീസും നാട്ടുകാരും ബന്ധുക്കളും കുട്ടിയെ തേടിയുള്ള അന്വേഷിക്കുകയായിരുന്നു. സിസിടിവിയിൽ കണ്ട ഭാഗത്ത് പൊലീസ് നായയെത്തി പരിശോധിച്ചങ്കിലും 200 മീറ്റർ എത്തിയപ്പോൾ നായ നിൽക്കുകയായിരുന്നു.
അവിടെനിന്ന് വാഹനത്തിൽ കയറിപ്പോയെന്നുറപ്പിച്ച് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ജില്ലയ്ക്ക് അകത്തും പുറത്തുമായി വ്യാപക അന്വേഷണം നടത്തി. തുടർന്നാണ് ഇന്ന് നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും പെൺകുട്ടിയെ കണ്ടെത്തുന്നത്.
