കെപിസിസി പ്രസിഡന്‍റിന്‍റെ പേരിൽ വ്യാജ കത്ത്; കൂടുതൽ പേർക്ക് ഹാജരാകാൻ സമൻസ്

Share our post

തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റിന്‍റെ പേരിൽ വ്യാജ കത്ത് പ്രചരിപ്പിച്ച കേസിൽ കൂടുതൽ പേർക്ക് ഹാജരാകാൻ സമൻസ്. ഇന്നലെ കെ.സുധാകരന്‍റെ മരുമകനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് കൂടുതൽ പേർക്ക് സമൻസ്. കെഎസ് ബ്രിഗേഡിലെ കൂടുതൽ പേരെ ചോദ്യം ചെയ്യും. കത്ത് ഉണ്ടാക്കിയവരെ അല്ല ഷെയർ ചെയ്തവരെ പൊലീസ് പീഡിപ്പിക്കുന്നു എന്ന് സമൻസ് ലഭിച്ചവർ പറഞ്ഞു.

സുധാകരന്‍റെ സഹോദരിയുടെ മകൻ അജിത് കുമാറിനെയാണ് ചോദ്യം ചെയ്തത്. സണ്ണി ജോസഫ് നൽകിയ പരാതിയിലാണ് അജിത് കുമാറിനെ സൈബർ പൊലീസ് ചോദ്യം ചെയ്തത്. സണ്ണി ജോസഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ആലക്കോട് സൈബർ പൊലീസ് വിങ്ങാണ് നടപടി സ്വീകരിച്ചത്.

കെ. സുധാകരന് കണ്ണൂർ സീറ്റ് നൽകരുത് എന്നാവശ്യപ്പെട്ട് സണ്ണി ജോസഫിന്റെ ലെറ്റർ പാഡിൽ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് അയച്ച രീതിയിലുള്ള കത്താണ് വിവാദമായത്. തന്റെ പേരിൽ വ്യാജമായി കത്ത് നിർമ്മിച്ച് പ്രചരിപ്പിച്ചുവെന്ന് കാട്ടി സണ്ണി ജോസഫ് കഴിഞ്ഞ ആഴ്ച സൈബർ പൊലീസിൽ പരാതി നൽകിയിരുന്നു.

വിദേശത്ത് ജോലി ചെയ്യുന്ന അജിത് കുമാർ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് നാട്ടിലെത്തിയത്. ഈ വ്യാജ കത്ത് നിർമ്മാണത്തിന് പിന്നിൽ അജിത് കുമാറിന് പങ്കുണ്ടെന്ന സൂചനകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പൊലീസ് ചോദ്യം ചെയ്തതെന്നാണ് വിവരം. ചോദ്യം ചെയ്യലിന് ശേഷം അജിത്തിനെ വിട്ടയച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായിരുന്ന അജിത്തിന് കത്ത് നിർമാണത്തിൽ എന്ത് പങ്കാണുള്ളതെന്ന് പൊലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!