ധനകാര്യ സ്ഥാപനം വീട് ജപ്തി ചെയ്തു; കിടപ്പാടമില്ലാതെ അഞ്ചംഗ പട്ടികവർഗ കുടുംബം
ചിറ്റാരിക്കാൽ: വായ്പാ കുടിശികയുടെ പേരിൽ ധനകാര്യ സ്ഥാപനം കോടതി ഉത്തരവ് വാങ്ങി വീട് ജപ്തി ചെയ്തതിനെ തുടർന്ന് അഞ്ചംഗ പട്ടികവർഗ കുടുംബത്തിന് കിടപ്പാടമില്ലാതായി. ഈസ്റ്റ് എളേരി പഞ്ചായത്തിൽ കടുമേനി കോട്ടക്കുന്ന് ഉന്നതിയിലെ പാപ്പിനിവീട്ടിൽ സിന്ധുവും മൂന്നു പെൺമക്കളും 79 വയസുള്ള പിതാവുമാണ് ജപ്തി ചെയ്ത വീടിന്റെ വരാന്തയിലിരുന്ന് രാത്രികാലം തള്ളിനീക്കേണ്ട അവസ്ഥയിലായത്.
സിന്ധുവിന്റെ ഭർത്താവും വീടിന്റെയും സ്ഥലത്തിന്റെയും ഉടമയുമായ കെ.ഡി. ജയൻ 2018 ൽ വെള്ളരിക്കുണ്ട് മഹീന്ദ്ര ഹോം ഫിനാൻസിൽ നിന്ന് രണ്ട് ലക്ഷം രൂപയുടെ വായ്പയെടുത്തിരുന്നു. ഇതിൽ അരലക്ഷം രൂപ മാത്രമാണ് തിരിച്ചടച്ചത്. പിന്നീട് ജോലി ആവശ്യത്തിനായി വീടുവിട്ട ജയൻ ഇപ്പോൾ എവിടെയാണെന്നുപോലും വ്യക്തമല്ല. ഇതിനു പിന്നാലെയാണ് മഹീന്ദ്ര ഹോം ഫിനാൻസ് അധികൃതർ കാസർഗോഡ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്ത് ജപ്തി ഉത്തരവ് വാങ്ങിയത്.
കഴിഞ്ഞ വെള്ളിയാഴ്ച താൻ കൂലിവേലയ്ക്കു പോയ സമയത്താണ് പ്രായപൂർത്തിയാകാത്ത മൂന്നു മക്കളെയും വയോധികനായ പിതാവിനെയും പുറത്താക്കി കോടതി ഉത്തരവ് പ്രകാരം വീട് പൂട്ടി സീൽ ചെയ്തതെന്ന് സിന്ധു പറഞ്ഞു.
ഇതിനു ശേഷം കഴിഞ്ഞ നാലു ദിവസമായി ഈ വീടിന്റെ വരാന്തയിലാണ് ഈ കുടുംബം കഴിയുന്നത്. പ്രാഥമിക ആവശ്യങ്ങൾക്കും ഭക്ഷണത്തിനും അടുത്തുള്ള വീട്ടുകാരെ ആശ്രയിക്കുകയാണ്.
ആകെയുള്ള കിടപ്പാടം ജപ്തി ചെയ്യാൻ പാടില്ലെന്ന് പലതവണ സർക്കാർ നിർദേശം നൽകിയിട്ടും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ അത് പാലിക്കുന്നില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
വായ്പാ തുകയിൽ അവശേഷിച്ചിരുന്ന ഒന്നര ലക്ഷം രൂപയുടെ പലിശയും പിഴപ്പലിശയും ചേർന്ന് ഇവരുടെ കടബാധ്യത ഇപ്പോൾ 5,39,000 രൂപയാണെന്നാണ് ധനകാര്യ സ്ഥാപനം പറയുന്നത്. ഇത്രയും തുക ഇനി എവിടെനിന്ന് കണ്ടെത്തുമെന്ന കാര്യത്തിൽ സിന്ധുവിന് ഒരു രൂപവുമില്ല.
ഭർത്താവ് ജയൻ എവിടെയാണെന്നും അറിയില്ല. വീട് ലേലംചെയ്ത് ഈ കുടുംബത്തെ പെരുവഴിയിലേക്ക് ഇറക്കിവിടുന്ന സാഹചര്യം ഒഴിവാക്കാൻ സർക്കാരും ജില്ലാ ഭരണകൂടവും തദ്ദേശസ്ഥാപനങ്ങളും അടിയന്തിരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
