16കാരിയെ വിവാഹം കഴിപ്പിച്ചു; ശൈശവ വിവാഹത്തിൽ ഖത്തീബടക്കം നാലുപേർക്കെതിരെ കേസ്
കാസർകോട്: കാസർകോട് അഴീക്കാലിൽ ശൈശവ വിവാഹത്തിന് വരനടക്കം നാലുപേർക്കെതിരെ കേസെടുത്തു. 16 വയസ്സുള്ള പെൺകുട്ടിയെ 28-കാരനാണ് വിവാഹം കഴിച്ചത്. ഏപ്രിൽ 13-നാണ് അഴീക്കാൽ ജുമാമസ്ജിദിൽ നിക്കാഹ് നടന്നത്. ആദ്യം പെൺകുട്ടിയുടെ നാട്ടിൽ വിവാഹം നടത്താനായിരുന്നു പദ്ധതി. എന്നാൽ മഹല്ല് കമ്മിറ്റി ഇതിനെ എതിർത്തു. ഇതോടെയാണ് യുവാവിന്റെ നാട്ടിലേക്ക് നിക്കാഹ് മാറ്റിയത്.
വിവാഹത്തിന് കാർമികത്വം വഹിച്ച ഖത്തീബ്, മസ്ജിദ് കമ്മിറ്റി സെക്രട്ടറി, വരൻ, വധുവിന്റെ പിതാവ് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആദ്യം വരനെതിരെ മാത്രമായിരുന്നു കേസ്. കോടതിയുടെ ഇടപെടലിനെ തുടർന്നാണ് മറ്റുള്ളവരുടെ പേരിൽകൂടി കേസെടുത്തത്. സ്ഥലത്തെ വാർഡ് മെമ്പർകൂടിയ മഹല്ല് കമ്മിറ്റി സെക്രട്ടറി പള്ളിയിലെ സിസിടിവി തെളിവുകൾ നശിപ്പിച്ചതായും പോലീസ് പറഞ്ഞു. ഖത്തീബിനെ തെറ്റിദ്ധരിപ്പിച്ചാണ് നിക്കാഹ് നടത്തിച്ചതെന്നും വാദങ്ങൾ ഉയർന്നിട്ടുണ്ട്.
