‘മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ നീക്കണം’; ഗ്യാനേഷ് കുമാറിനെതിരെ 73 രാജ്യസഭ എംപിമാർ ഒപ്പിട്ട നോട്ടിസ്

Share our post

ന്യൂഡൽഹി ∙ ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് 73 പ്രതിപക്ഷ എംപിമാർ രാജ്യസഭാ സെക്രട്ടറി ജനറലിനു നോട്ടിസ് നൽകി. കോൺഗ്രസ് നേതാവ് ജയറാം രമേശിന്റെ നേതൃത്വത്തിലാണ് നീക്കം. 

2026 മാർച്ച് 15 ന് ശേഷം ഗ്യാനേഷ് കുമാറിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും പെരുമാറ്റദൂഷ്യങ്ങളും ചൂണ്ടിക്കാട്ടിയാണ് ഭരണഘടനയുടെ 324 (5), 124 (4) അനുച്ഛേദങ്ങൾ പ്രകാരം ഇംപീച്ച്‌മെന്റ് നടപടികൾക്ക് സമാനമായ നോട്ടിസ് നൽകിയിരിക്കുന്നത്. 2026 മാർച്ച് 15ന് ശേഷമുള്ള പ്രവർത്തനങ്ങളും വീഴ്ചകളും ചൂണ്ടിക്കാട്ടി ഒമ്പത് കുറ്റാരോപണങ്ങളാണ് നോട്ടിസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവ വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ളവയാണെന്നും തള്ളിക്കളയാനാവില്ലെന്നും പ്രതിപക്ഷം അവകാശപ്പെടുന്നു. ഗ്യാനേഷ് കുമാർ പദവിയിൽ തുടരുന്നത് ഭരണഘടനയോടുള്ള അവഹേളനമാണെന്നും നോട്ടിസിൽ പറയുന്നു. പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെയും താൽപര്യങ്ങൾക്കനുസരിച്ചാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.

നേരത്തെ മാർച്ച് 12ന് പ്രതിപക്ഷം നൽകിയ സമാനമായ നോട്ടിസ് രാജ്യസഭാ അധ്യക്ഷനും ലോക്സഭാ സ്പീക്കറും തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ തെളിവുകളുമായി പുതിയ നോട്ടിസ് നൽകിയിരിക്കുന്നത്. കോൺഗ്രസ് നേതാവ് ജയറാം രമേശ്, തൃണമൂൽ കോൺഗ്രസിന്റെ സാഗരിക ഘോഷ് എന്നിവരുടെ നേതൃത്വത്തിൽ 11 പ്രതിപക്ഷ പാർട്ടികളിലെ എംപിമാരാണ് നോട്ടിസിൽ ഒപ്പിട്ടിരിക്കുന്നത്. സുപ്രീം കോടതി ജഡ്ജിയെ നീക്കം ചെയ്യുന്നതിനു തുല്യമായ സങ്കീർണമായ നടപടിക്രമങ്ങളാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ നീക്കാനും പിന്തുടരേണ്ടത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!