എസി ഉപയോഗിച്ചിട്ടും കാര്യമില്ല, കേരളം വറചട്ടിയായി തുടരുന്നു; മഴ കുറഞ്ഞു, ഈർപ്പം കൂടി: വെന്തുരുകി ജനം
കണ്ണൂർ ∙ പകൽ തീവെയിൽ, രാത്രി അസഹനീയ ചൂട്; രാപകലില്ലാതെ വെന്തുരുകുകയാണ് നാട്. എയർ കണ്ടീഷണറിനും ഫാനിനും തണുപ്പിക്കാൻ കഴിയാത്ത അന്തരീക്ഷത്തിൽ വിയർത്തൊലിക്കുന്നു കണ്ണൂർ. ഒരാഴ്ചയായി ശരാശരി 37 ഡിഗ്രി ചൂടാണ് ജില്ലയിൽ രേഖപ്പെടുത്തിയത്. കനത്ത ചൂടിൽ ജില്ലയിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വേനൽമഴ കുറഞ്ഞതും അന്തരീക്ഷ ഈർപ്പം (humidity) കൂടിയതുമാണു ചൂടു കൂടാൻ കാരണം. അറബിക്കടലിൽ ചൂടുകൂടുന്നതിനനുസരിച്ച് കൂടുതൽ ഈർപ്പം അന്തരീക്ഷത്തിലെത്തുകയാണ്.
മാർച്ച് മുതൽ ചൂട് ആരംഭിച്ചെങ്കിലും ഒരാഴ്ചയായി അസഹനീയമായിട്ട്. വേനൽമഴ മറ്റു ജില്ലകളിലെല്ലാം ഇടയ്ക്കുണ്ടെങ്കിലും കണ്ണൂരിൽ കാര്യമായി ലഭിച്ചിട്ടില്ല. മലയോരത്ത് ചിലയിടങ്ങളിൽ മാത്രമാണു മഴ കിട്ടിയത്. കഴിഞ്ഞ കൊല്ലത്തെ അപേക്ഷിച്ച് വേനൽമഴ 67 ശതമാനം കുറഞ്ഞിട്ടുണ്ട്. കനത്തചൂടിൽ കന്നുകാലികൾ കുഴഞ്ഞുവീഴുന്നതായി കർഷകർ പറയുന്നുണ്ട്. ചൂടുകാരണമുള്ള ആരോഗ്യപ്രശ്നങ്ങളും കൂടുകയാണ്. അൾട്രാ വയലറ്റ് വികിരണത്തിന്റെ തോതും ഉയരുന്നുണ്ട്. ജില്ലയിൽ 5 ആണ് യുവി നിരക്ക്. ചൂടിന്റെ പശ്ചാത്തലത്തിൽ ജില്ലാ ആശുപത്രിയിൽ സൂര്യാപതമേൽക്കുന്നത് ഉൾപ്പെടെയുള്ളവയ്ക്കു ചികിത്സയ്ക്കായി അത്യാഹിതവിഭാഗത്തിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ചൂടിനെ നേരിടാൻ
- ഇടുങ്ങിയ വസ്ത്രം ഒഴിവാക്കുക, കോട്ടൺ വസ്ത്രം ഉപയോഗിക്കുക, ശരീരം പൂർണമായും കവർ ചെയ്യുന്ന രീതിയിൽ വസ്ത്രം ധരിക്കുന്നത് ഉചിതം. കറുപ്പ് വസ്ത്രം പരമാവധി ഒഴിവാക്കുക.
- ഉച്ചയ്ക്ക് 12നും 3നും നേരിട്ട് സൂര്യപ്രകാശം തട്ടുന്നത് ഒഴിവാക്കുക.
- ലഘുഭക്ഷണം കഴിക്കുക, ഓയിൽ ഉപയോഗിച്ച് വറുത്തതും പൊരിച്ചതുമായ ഭക്ഷണം പരമാവധി ഒഴിവാക്കുക, കട്ടിയുള്ള ഭക്ഷണം, ബിരിയാണി പോലുള്ള ഒഴിവാക്കുക. കഞ്ഞി തുടങ്ങിയവ ഉപയോഗിക്കുന്നതാണ് നല്ലത്.
- ഒരു പിടി രാമച്ചം കഴുകിയിട്ട് ഒരു ലീറ്റർ വെള്ളത്തിൽ 3 മണിക്കൂർ ഇടുക (ചെറുതായി നുറുക്കി ചതച്ച്) ഈ വെള്ളം ഉപയോഗിക്കുക.
- 15 മുതൽ 20 ഉണക്കമുന്തിരി തലേന്ന് വെള്ളത്തിലിട്ട് അടുത്തദിവസം പിഴിഞ്ഞ് അൽപം പഞ്ചസാര ഉപയോഗിച്ച് ഒന്നോ രണ്ടോ തവണ ഉപയോഗിക്കുക. കുട്ടികൾക്ക് നല്ലതാണ്.
- പുളിയും മധുരവും ചേർന്നുള്ള ദാഹശമിനി ഉപയോഗിക്കുന്നത് നല്ലത്.
- രാമച്ചം, മുന്തിരി, ചന്ദനം, മുത്തങ്ങ എന്നിവ തുല്യ അളവിൽ നാലിരട്ടി വെള്ളത്തിൽ വച്ച് കഷായമാക്കി തേൻ ചേർത്ത് അല്ലെങ്കിൽ പഞ്ചസാര സിറപ്പ് ചേർത്ത് ഉപയോഗിക്കുന്നതും നല്ലതാണ്.
സൂര്യാഘാതത്തെ സൂക്ഷിക്കുക
ശരീരത്തിന്റെ താപനില 40 ഡിഗ്രിക്ക് മുകളിലെത്തുന്ന സന്ദർഭത്തിലാണു സൂര്യാഘാതം ഉണ്ടാകുന്നത്. ചൂടു കൂടുമ്പോൾ ശരീരം വിയർക്കുകയും പിന്നീട് തണുക്കുകയുമാണു സാധാരണ ചെയ്യുക. അമിതമായ ചൂടു തട്ടിയാൽ ശരീരത്തിൽ ഈ ക്രമീകരണം നടക്കില്ല. ശരീരത്തിലെ കൂളിങ് മെക്കാനിസം പ്രവർത്തനക്ഷമല്ലാതെ വരുമ്പോൾ തലച്ചോർ, ഹൃദയം, വൃക്ക, പേശികൾ എന്നിവയെല്ലാം ബാധിക്കും. സൂര്യാഘാതം സംഭവിച്ചാൽ അബോധാവസ്ഥ, അപസ്മാരം എന്നിവയ്ക്ക് സാധ്യതയുണ്ട്. വ്യായാമം ചെയ്യാതിരുന്നാലും അന്തരീക്ഷത്തിൽ ചൂടു കൂടുമ്പോൾ ശരീരം തളരും. ഇത്തരമവസ്ഥ സാധാരണ പ്രായമായവരിലും രോഗാവസ്ഥയിൽ കഴിയുന്നവരിലും ചെറിയ കുട്ടികളിലുമാണ് കാണുക.കഠിനമായി ജോലി ചെയ്യുന്നവർ, പുറത്തു ജോലി ചെയ്യുന്നവർ, കായികതാരങ്ങൾ, പട്ടാളക്കാർ എന്നിവർക്കു സൂര്യാഘാതം എളുപ്പം ബാധിക്കും.
ലക്ഷണങ്ങൾ
ശരീര ഊഷ്മാവ് വർധിക്കുന്നത് സൂര്യാഘാതത്തിന്റെ ലക്ഷണമാണ്. തൊലി ചൂടാകുകയും വരളുകയും ചെയ്യും. കനത്ത തലവേദന, തലകറക്കം, നാഡീമിടിപ്പ് വർധന, രക്തസമ്മർദം കുറയും, അപസ്മാരം തുടങ്ങിയവയും ലക്ഷണമാണ്.
പ്രാഥമികചികിത്സ
വീടിനു വെളിയിലാണെങ്കിൽ തണൽ സ്ഥലത്തേക്ക് ഉടനെ മാറ്റുക. സൂര്യപ്രകാശമേൽക്കാതെ നോക്കുക. അധിക വസ്ത്രങ്ങൾ ഒഴിവാക്കി, അയഞ്ഞ വസ്ത്രങ്ങൾ ധരിപ്പിക്കുക. കിടത്തുക, തണുത്ത വെള്ളം ഒഴിക്കുക, ഐസ് പാക്ക് വയ്ക്കുക. തുണിയിൽ ഐസ് ക്യൂബ് വച്ച് കക്ഷം, കഴുത്തിന് ഇരുവശം എന്നിവിടങ്ങളിൽ വയ്ക്കുക.
