സംസാരിക്കുന്നതിനിടെ തളർച്ച, പക്ഷാഘാതം, ആശുപത്രിവാസം; വോട്ടെണ്ണലിന് കാണാമെന്ന് അടൂർ പ്രകാശ്

Share our post

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഗോദകളിൽ പതറാത്ത അടൂർ പ്രകാശിനെ, ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ അപ്രതീക്ഷിതമായെത്തിയ ശാരീരിക അസ്വാസ്ഥ്യങ്ങൾ തെല്ലൊന്നു തളർത്തി. തിരഞ്ഞെടുപ്പ് തിരക്കുകൾക്കിടെ പക്ഷാഘാതം ബാധിച്ച അദ്ദേഹം രണ്ടാഴ്ചയോളം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ‌ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇടത് കയ്യുടെയും കാലിന്റെയും സ്വാധീനം കുറഞ്ഞു. വോട്ടെണ്ണുന്ന മേയ് നാലിന് സജീവമാകാമെന്ന കണക്കുക്കൂട്ടലിലാണ് ഫിസിയോതെറപ്പിക്കിടയിലും അടൂർ പ്രകാശിന്റെ ചിന്ത. യുഡിഎഫ് സർക്കാരിനെ അധികാരത്തിലേറ്റാൻ മുന്നണി കൺവീനർ എന്ന നിലയിൽ മുൻപന്തിയിലുണ്ടാകും എന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം.

നെടുമങ്ങാട് കോൺഗ്രസ് സ്ഥാനാർഥിയുടെ വിജയവുമായി ബന്ധപ്പെട്ട് എഐസിസി നിരീക്ഷകൻ‌ വിളിച്ചത് അനുസരിച്ചാണ് അടൂർ പ്രകാശ് അടൂരിൽനിന്ന് അവിടെ എത്തിയത്. യോഗത്തിൽ ഡിസിസി ഭാരവാഹികൾ‌ സംസാരിച്ചശേഷം മറുപടി പറയാനായി അടൂർ പ്രകാശ് എഴുന്നേറ്റു. അഞ്ച് മിനിറ്റ് സംസാരിച്ചപ്പോഴേക്കും ശരീരം തളരുന്നതായി തോന്നി. മറിഞ്ഞുവീഴുന്നു എന്ന് കണ്ടതോടെ എഐസിസി നിരീക്ഷകനും നേതാക്കളും ചേർന്ന് അദ്ദേഹത്തെ പിടിക്കുകയായിരുന്നു. വൈകാതെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഡോക്ടറായ മകൾ ആശുപത്രിയിലെത്തി മറ്റൊരു ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റുകയായിരുന്നു. എട്ടാം തീയതിയാണ് ആശുപത്രി വിട്ട് അടൂരിലെത്തിയത്. ഒമ്പതിന് രണ്ട് മക്കളുടെയും സഹോയത്തോടെ വോട്ട് ചെയ്യാനെത്തി. പോളിങ് ബൂത്തിലേക്കു വരുന്ന കാര്യം അധികം ആരെയും അറിയിച്ചിരുന്നില്ല. നിലവിൽ തിരുമല വേട്ടമുക്കിലെ മകളുടെ വീട്ടിൽ വിശ്രമത്തിലാണ് അദ്ദേഹം.

‘‘ഇടത്തേ കൈയ്ക്കും കാലിനുമാണ് സ്വാധീന കുറവുണ്ടായത്. അത് മാറ്റിയെടുക്കാനുള്ള ഫിസിയോതെറപ്പിയാണ് ഇപ്പോൾ നടക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊന്നും ഇറങ്ങാൻ പറ്റാത്തതിൽ വലിയ വിഷമമുണ്ട്. അടൂരിലും കോന്നിയിലുമൊന്നും ചാർട്ട് ചെയ്തിരുന്ന കുടുംബ യോഗങ്ങളിലൊന്നും പങ്കെടുക്കാൻ പറ്റിയില്ല. വനിതാ സംവരണ ബില്ല് വോട്ടെടുപ്പിനിട്ട പാർലമെന്റ് സമ്മേളനത്തിനും പോകാൻ പറ്റിയില്ല. ഭക്ഷണം സമയത്ത് കഴിക്കാത്തതിന്റെ കുഴപ്പങ്ങളൊക്കെ ഉണ്ടായിരുന്നു. എന്നാൽ മരുന്നൊക്കെ കൃത്യമായി കഴിച്ചുകൊണ്ടിരിക്കുകയാണ്. ഫിസിയോതെറപ്പി കഴിയുന്നതോടെ നടത്തം ശരിയാകും.

വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് കോന്നിയിൽ ജയിക്കുമെന്നാണ്. സ്ഥാനാർഥികളായിരുന്ന പലരും കാണാൻ വന്നിരുന്നു. പുറത്ത് ഓടിനടന്ന കൂട്ടത്തിലായതു കൊണ്ട് വീട്ടിലിരിക്കുക ഒരു ബുദ്ധിമുട്ട് തന്നെയാണ്. ആശുപത്രിയിൽ രാവിലെ പത്തര മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെയാണ് ഫിസിയോതെറപ്പി. തിരികെ വന്ന് ഭക്ഷണം കഴിഞ്ഞ് അൽപനേരം വിശ്രമിക്കും. അപ്പോഴേക്കും വീട്ടിൽ ഫിസിയോതെറപ്പി ചെയ്യാനായി ഒരാൾ വരും. അത് കഴിഞ്ഞ് എന്നെ നടത്തിപ്പിക്കാൻ ശ്രമിക്കും. തിരഞ്ഞെടുപ്പ് ഫലം വന്ന് കഴിയുമ്പോൾ പൂർണ ആരോഗ്യവാനായി ഞാനും പുറത്തിറങ്ങും’’ – അടൂർ പ്രകാശ് പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!