ഇൻസ്റ്റാഗ്രാമിൽ കൗമാരക്കാർക്ക് കൂടുതൽ സുരക്ഷ; ടീൻ അക്കൗണ്ട് പരിഷ്കരിച്ചു
ന്യൂഡൽഹി: ഇന്ത്യയിലെ കൗമാരക്കാരായ ഉപയോക്താക്കളുടെ സുരക്ഷ മുൻനിർത്തി ഇൻസ്റ്റാഗ്രാം പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. 13 വയസ്സിനു മുകളിലുള്ളവർക്ക് കാണാവുന്ന സിനിമകളുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായ കൂടുതൽ നിയന്ത്രണങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത ഉപയോക്താക്കൾ അവരുടെ പ്രായത്തിന് അനുയോജ്യമായ ഉള്ളടക്കങ്ങൾ മാത്രമേ കാണുന്നുള്ളൂ എന്ന് ഉറപ്പുവരുത്താനാണ് ഈ നീക്കം.
പുതിയ അപ്‌ഡേറ്റ് പ്രകാരം, 18 വയസ്സിൽ താഴെയുള്ള എല്ലാ ഉപയോക്താക്കളെയും പുതുക്കിയ 13+ കണ്ടന്റ് സെറ്റിങ്ങിലേക്ക് ഓട്ടോമാറ്റിക് ആയി മാറ്റും. കൗമാരക്കാർക്ക് ഈ സെറ്റിങ് സ്വന്തമായി മാറ്റാൻ കഴിയില്ല. ഇതിൽനിന്ന് മാറുന്നതിന് മാതാപിതാക്കളുടെ അനുമതി ആവശ്യമാണെന്ന് ഇൻസ്റ്റഗ്രാം വ്യക്തമാക്കി. മുതിർന്നവർക്കുള്ള ഉള്ളടക്കം, ലഹരിവസ്തുക്കളുടെ ഉപയോഗം, അപകടകരമായ സ്റ്റണ്ടുകൾ, അശ്ലീല ചുവയുള്ള സംഭാഷണങ്ങൾ എന്നിവ കൗമാരക്കാരുടെ ഫീഡിലോ റീൽസിലോ സെർച്ച് റിസൾട്ടിലോ ഇനി പ്രത്യക്ഷപ്പെടില്ല.
ലഹരിപാനീയങ്ങൾ, കഞ്ചാവ് തുടങ്ങിയ പദാർത്ഥങ്ങളുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾക്കും കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സിനിമകൾ പിന്തുടരുന്ന മാനദണ്ഡങ്ങൾക്ക് സമാനമായ ഉള്ളടക്ക നിയന്ത്രണങ്ങളാണ് ഇൻസ്റ്റഗ്രാം ആപ്പിനുള്ളിൽ ക്രമീകരിച്ചിരിക്കുന്നത്. അനുചിതമായ ഉള്ളടക്കം പങ്കിടുന്ന അക്കൗണ്ടുകളെ പിന്തുടരുന്നതിൽ നിന്നും അവരുമായി സംവദിക്കുന്നതിൽ നിന്നും കൗമാരക്കാരെ തടയും. ഇത്തരം അക്കൗണ്ടുകൾക്ക് കൗമാരക്കാരുടെ പ്രൊഫൈലുകളിലേക്ക് പ്രവേശനം ഉണ്ടാകില്ല.
കൂടുതൽ സുരക്ഷ ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് ആപ്പിൽ “ലിമിറ്റഡ് കണ്ടന്റ്” (Limited Content) മോഡ് ആക്ടിവേറ്റ് ചെയ്യാം. ഇത് വഴി കമന്റുകൾ ഇടുന്നതിനും മറ്റുള്ളവരുമായി ഇടപഴകുന്നതിനും കൗമാരക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്താൻ സാധിക്കും. ഇന്ത്യൻ ഉപഭോക്താക്കൾക്ക് ടീൻ അക്കൗണ്ടുകൾക്കായുള്ള പുതിയ സെറ്റിങ്‌സ് ഉടൻ നടപ്പിലാക്കും. മറ്റു രാജ്യങ്ങളും വൈകാതെ ഇത് പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
