കണ്ണൂരിന്റെ പേരുദോഷം മാറി; യുഡിഎഫ് ഏജന്റുമാർ ധൈര്യമായി ബൂത്തിലിരുന്നു

Share our post

കണ്ണൂർ : കണ്ണൂരിന്റെ പേരുദോഷം മാറി. ജില്ലയിൽ ആന്തൂർ നഗരസഭയിലെ 5 ബൂത്തുകളിലൊഴികെ എല്ലായിടത്തും ഇത്തവണ യുഡിഎഫിന്റെ ഏജന്റുമാർ ഇരുന്നു. മാങ്ങാട്ടുപറമ്പ് കണ്ണൂർ ഗവ. എൻജിനീയറിങ് കോളജിൽ 143ാം നമ്പർ ബൂത്തിൽ യുഡിഎഫ് ബൂത്ത് ഏജന്റ് വിമലിന്റെ ശരീരത്തിൽ മഷി കുടഞ്ഞതായും ഭീഷണിപ്പെടുത്തി ഓടിച്ചതായുമുള്ള പരാതി മാത്രമാണ് ആന്തൂരിൽ ഇത്തവണ റിപ്പോർട്ട് ചെയ്യപ്പെട്ട അക്രമസംഭവം. ആന്തൂരിൽ സാധാരണ ഇരുപത്തഞ്ചിലേറെ ബൂത്തുകളിൽ യുഡിഎഫിന് ഏജന്റുമാരെ ഇരുത്താൻ കഴിയാറില്ല. ആന്തൂരിൽ അഞ്ചിടത്തൊഴികെ എല്ലായിടത്തും ബൂത്ത് ഏജന്റുമാർ ഇരുന്നതായി യുഡിഎഫ്തന്നെ അവകാശപ്പെടുന്നു.

മലപ്പട്ടം പഞ്ചായത്തും പതിവുതെറ്റിച്ചു. സാധാരണ ഇവിടെ മിക്ക ബൂത്തുകളിലും യുഡിഎഫ് ഏജന്റുമാർ ഉണ്ടാവാറില്ല. കഴിഞ്ഞ തദ്ദേശ, പാർലമെന്റ് തിരഞ്ഞെടുപ്പുകളിലും ഇതായിരുന്നു അവസ്ഥ. ഒറ്റപ്പെട്ട അക്രമസംഭവങ്ങളൊഴിച്ചാൽ വോട്ടെടുപ്പ് മുൻകാലങ്ങളെ അപേക്ഷിച്ച് സമാധാനപരവുമായിരുന്നു. കള്ളവോട്ട് സംബന്ധിച്ച് ആരോപണങ്ങൾ ഉയർന്നതല്ലാതെ വ്യക്തമായ തെളിവുകളോടെയുള്ള സംഭവങ്ങൾ കാര്യമായി റിപ്പോർട്ട് ചെയ്തിട്ടില്ല. കേന്ദ്രസേനയടക്കം രംഗത്തുണ്ടായതും എല്ലാ ബുത്തുകളിലും വെബ് കാസ്റ്റിങ് സൗകര്യമൊരുക്കിയതും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ സുഗമമാക്കി. പോളിങ്ങിനു ശേഷം ഒറ്റപ്പെട്ട അക്രമങ്ങളുണ്ടായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!