പാർക്കിലെ വെള്ളത്തിൽ വീണ് പത്തു വയസുകാരന് ദാരുണാന്ത്യം
കാട്ടാക്കട: കുടുംബാംഗങ്ങൾക്കൊപ്പം അവധിക്കാലം ആഘോഷിക്കാൻ വാട്ടർ തീം പാർക്കിലെത്തിയ പത്തു വയസുകാരൻ വെള്ളത്തിൽ വീണ് മരിച്ചു. വിതുര തേവിയോട് മാതളം നെൽസ ഭവനിൽ നബീഷ്-ധന്യ ദമ്പതികളുടെ മകൻ എൻ. അകുൽ ശിവ ആണ് മരിച്ചത്. വിതുര ഗവ. യു.പി.എസ് നാലാം ക്ലാസ് വിദ്യാർഥിയാണ് അകുൽ
വെമ്പായത്തെ ഹാപ്പി ലാൻഡ് വാട്ടർ തീം പാർക്കിലായിരുന്നു അപകടം. അവിടെയുള്ള ഹോട്ടലിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച ശേഷം അകുൽ സമീപത്തെ കുളത്തിലേക്ക് ചാടിയെന്നാണ് പാർക്ക് ജീവനക്കാർ പോലീസിന് നൽകിയ മൊഴി.
കുട്ടി വെള്ളത്തിൽ കമിഴ്ന്നു കിടക്കുന്നത് കണ്ട സുരക്ഷാ ജീവനക്കാർ ഉടൻ തന്നെ പുറത്തെടുക്കുകയും പ്രഥമശുശ്രൂഷ നൽകിയ ശേഷം സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ ആശുപത്രിയിലെത്തും മുൻപേ മരണം സംഭവിച്ചിരുന്നു.
കുട്ടി വീണ കുളത്തിൽ രണ്ട് അടി ആഴം വെള്ളംമാത്രമാണ് ഉണ്ടായിരുന്നതെന്നാണ് പാർക്ക് അധികൃതർ ഇപ്പോൾ പറയുന്നത്. കുട്ടിയുടെ വായിൽ ആഹാരസാധനങ്ങൾ ഉണ്ടായിരുന്നതായും ഇതിനാൽ ഭക്ഷണം ശ്വാസനാളത്തിൽ കുടുങ്ങിയതാണോ മരണകാരണമെന്ന് സംശയമുണ്ടെന്നും ഇവർ പറയുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അകുലിന്റെ പിതാവ് നബീഷ് വിദേശത്താണ്. സഹോദരി: നിഷ കൃഷ്ണ.
