പരസ്യപ്രചാരണം നാളെ അവസാനിക്കും; വോട്ടുറപ്പിക്കാനുള്ള തിരക്കില്‍ സ്ഥാനാർഥികളും മുന്നണികളും
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം നാളെ അവസാനിക്കും. പ്രചാരണം ആവേശക്കൊടുമുടിയിലെത്തിക്കാൻ ദേശീയ നേതാക്കൾ ഉൾപ്പെടെ സംസ്ഥാനത്ത് പര്യടനം തുടരുകയാണ്. മൂന്നാംഘട്ട പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് തൃശൂർ, പാലക്കാട് ജില്ലകളിലെത്തും. കണ്ണൂർ , മലപ്പുറം ജില്ലകളിലാണ് പ്രിയങ്കാ ഗാന്ധിയുടെ പരിപാടികൾ.തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഡി.കെ ശിവകുമാറും പര്യടനം നടത്തും.
എൽഡിഎഫ് സർക്കാരിന്റെ പത്താം വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രകാശനം ചെയ്യും. രാവിലെ പത്ത് മണിക്ക് പിണറായി സർവീസ് സഹകരണ ബാങ്ക് ഹാളിലാണ് പരിപാടി നടക്കുക. തുടർന്ന് വാർത്താസമ്മേളനവും നടക്കും. ഉച്ചകഴിഞ്ഞ് തെരഞ്ഞെടുപ്പ് പ്രചാരണാർഥം മുഖ്യമന്ത്രിയുടെ റോഡ് ഷോ ധർമ്മടത്ത് നടക്കും. കഴിഞ്ഞ രണ്ടു ദിവസമായി മണ്ഡല പര്യടന പരിപാടിയിലായിരുന്നു പിണറായി വിജയൻ.
എം. എ ബേബിയുടെ പര്യടനം കൊല്ലം ജില്ലയിൽ നടക്കും. എൻഡിഎക്കായി ആഭ്യന്തര മന്ത്രി അമിത്ഷായും ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിനും കേരളത്തിലുണ്ട്. ഹരിപ്പാടാണ് അമിത് ഷായുടെ റോഡ് ഷോ നടക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ ഒല്ലൂരിലാണ് പര്യടനത്തിനെത്തുന്നത്.അവസാനലാപ്പിൽ വോട്ടുറപ്പിക്കാനുള്ള തിരക്കിലാണ് സ്ഥാനാർഥികളും മുന്നണികളും.
