കണ്ണൂരിൽ ജയിക്കാൻ കണ്ണൂരിന്റെ മനസ്സറിയണം

Share our post

കണ്ണൂർ: സ്‌നേഹിച്ചാൽ മാറ്റിനിർത്താതെ ചേർത്തുപിടിക്കും, വേണ്ടെന്ന് വെച്ചാൽ തള്ളിക്കളയും. ഇതാണ് കണ്ണൂർ മണ്ഡലത്തിലെ വോട്ടർമാരുടെ ചരിത്രം. ആരെയും കൂടുതൽ കാലം കൊണ്ട് നടക്കില്ല. ഇതെല്ലാം കൊണ്ട് തന്നെ ജയിച്ച പ്രമുഖർ പലരും കണ്ണൂരിൽ തോറ്റ ചരിത്രവുമുണ്ട്. കണ്ണൂരിന്റെ മനസ്സറിഞ്ഞ് വേണം സ്ഥാനാർഥികൾ മണ്ഡലത്തിൽ കടന്നുകയറേണ്ടത്. ആനകുത്താത്ത പൊന്നാപുരം കോട്ട എന്ന വിശേഷണം ഒരു പാർട്ടിക്കും കണ്ണൂരിനെ പറ്റി അവകാശപ്പെടാനാകാത്തതും ഇതുകൊണ്ടു തന്നെ.

രാഷ്ട്രീയം കൃത്യമായി നിരീക്ഷിക്കുന്ന വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. ന്യൂനപക്ഷ വോട്ടുകളേറെ ഉണ്ടായിട്ടും മണ്ഡലത്തിൽ അടിയൊഴുക്കുകൾ ഉണ്ടായിട്ടുണ്ട്. മൂന്നാമങ്കത്തിന് ഇറങ്ങുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥിയും മന്ത്രിയുമായ രാമചന്ദ്രൻ കടന്നപ്പള്ളിക്കും കന്നിയങ്കത്തിനിറങ്ങുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ടി.ഒ മോഹനനും ബി.ജെ.പിക്കായി രംഗത്തിറങ്ങുന്ന സി. രഘുനാഥിനും മണ്ഡലത്തിന്റെ അടിയൊഴുക്കുകളെ പറ്റി കൃത്യമായ ധാരണയുണ്ട്.

ആർ. ശങ്കറിനെ മുഖ്യമന്ത്രിയാക്കിയ മണ്ഡലം

കൊല്ലത്തുനിന്ന് എത്തിയ കോൺഗ്രസിലെ ആർ. ശങ്കറിനെ നിയമസഭയിലേക്കെത്തിച്ച പാരമ്പര്യം കണ്ണൂരിനുണ്ട്. 1960ലെ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്ന് മത്സരിച്ച് ജയിച്ച് ആർ. ശങ്കർ കേരളത്തിന്റ മുഖ്യമന്ത്രിയായി. 1965, 67 തിരഞ്ഞെടുപ്പിൽ മുസ്ലിംലീഗിലെ ഇ. അഹ്മദും വിജയിച്ചിട്ടുണ്ട്. നാലു തവണ കണ്ണൂരിൽ നിന്ന് ജയിച്ച പി. ഭാസ്‌കരൻ വ്യത്യസ്ത നാല് പാർട്ടികളിലായിരുന്നിട്ടും മണ്ഡലത്തിൽ നിന്ന് ജയിച്ചു. 1977ൽ ഭാരതീയ ലോക്‌ദൾ, 1980ൽ ജനതാ പാർട്ടി, 1982ൽ സ്വതന്ത്രൻ, 1987ൽ കോൺഗ്രസ് എന്നീ പാർട്ടികളിലായിരുന്നു പി. ഭാസ്‌കരൻ ഉണ്ടായിരുന്നത്.

1991ൽ കോൺഗ്രസ് നേതാവ് എൻ. രാമകൃഷ്ണനാണ് ജയിച്ചതെങ്കിൽ 1996ൽ സി.പി.എം പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച അദ്ദേഹം കോൺഗ്രസിലെ കെ. സുധാകരനോട് തോറ്റു. 2001ലും, 2006ലും കെ. സുധാകരൻ തുടർച്ചയായി തിരഞ്ഞെടുക്കപ്പെട്ടു. സി.പി.എം വിട്ട് കോൺഗ്രസിലേക്കെത്തിയ എ.പി അബ്ദുള്ളക്കുട്ടി 2009ലും 2011ലും വിജയിച്ചു. 2016ലും 2021ലും തുടർച്ചയായി ജയിച്ച രാമചന്ദ്രൻ കടന്നപ്പള്ളി, മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ ഉയർത്തിയാണ് ഹാട്രിക് ലക്ഷ്യമിട്ട് ഇത്തവണയും ഇറങ്ങിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!