മട്ടന്നൂരിന്റെ മനസിൽ ആര് ?
മട്ടന്നൂർ: മട്ടന്നൂർ നഗരസഭ, കൂടാളി, കീഴല്ലൂർ, പടിയൂർ, തില്ലങ്കേരി, മാലൂർ, മാങ്ങാട്ടിടം, ചിറ്റാരിപ്പറമ്പ്, കോളയാട് പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് മട്ടന്നൂർ അസംബ്ലി മണ്ഡലം. മണ്ഡലത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും എൽഡിഎഫാണ് ഭരിക്കുന്നത്. കണ്ണൂർ ലോകസഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന മട്ടന്നൂരിൽ 2024 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് 3034 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ലഭിച്ചത്.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമ്പോൾ എൽഡിഎഫ് ഭരിക്കുന്ന മട്ടന്നൂർ നഗരസഭയിൽ തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല. മട്ടന്നൂർ ഒഴികെയുള്ള പഞ്ചായത്തിൽ നിന്നായി 16000 ത്തോളം വോട്ടുകളുടെ ഭൂരിപക്ഷം എൽഡിഎഫിന് ഉണ്ടായിരുന്നു. 2021 ൽ 60,963 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന കെ.കെ. ശൈലജ വിജയിച്ചത്.
കെ.കെ. ശൈലജ 96,129 വോട്ട് നേടിയപ്പോൾ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ഇല്ലിക്കൽ അഗസ്തി 35,166 വോട്ടും എൻഡിഎ സ്ഥാനാർഥിയായിരുന്ന ബിജു ഏളക്കുഴി 18223 വോട്ടുമാണ് നേടിയത്. മൂന്ന് മുന്നണികളിൽ രണ്ടുപേർ മൽസരിച്ച് പരിചയമുള്ളവരും ഒരാൾ പുതുമുഖവുമാണ് ഇക്കുറി മട്ടന്നൂർ മണ്ഡലത്തിൽ മത്സരിക്കുന്നത്. എൽഡിഎഫ് സ്ഥാനാർഥി വി.കെ. സനോജിനാണ് കന്നിയങ്കം. യുഡിഎഫ് സ്ഥാനാർഥി ചന്ദ്രൻ തില്ലങ്കേരി രണ്ടാം തവണയും ബിജു ഏളക്കുഴി നാലാം തവണയുമാണ് മൽസരിക്കുന്നത്.
വികസനം വോട്ടാക്കാൻ എൽഡിഎഫ്
എൽഡിഎഫ് സ്ഥാനാർഥിയായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജിനെയാണ് മണ്ഡലം നിലനിർത്താൻ മത്സരിപ്പിക്കുന്നത്. മണ്ഡലത്തിലെ പ്രവർത്തന പരിചയവും സജീവ സാന്നിധ്യവുമായ മട്ടന്നൂർ മണ്ഡലത്തിലെ മാലൂർ സ്വദേശിയും യുവജന കമ്മീഷൻ ചെയർമാനും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയുമാണ് വി.കെ. സനോജ്. ഇടതുപക്ഷ സർക്കാർ കേരളത്തിലും കെ.കെ. ശൈലജ എംഎൽഎ മണ്ഡലത്തിലും നടപ്പാക്കിയ വികസന ക്ഷേമ പ്രവർത്തനങ്ങൾ മുൻനിർത്തി മികച്ച ഭൂരിപക്ഷത്തോടെ മണ്ഡലം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് വി.കെ. സനോജിന്റെ പ്രചാരണം.
മണ്ഡലം പിടിക്കാൻ യുഡിഎഫ്
മണ്ഡലം പിടിക്കാൻ യുഡിഎഫിനായി കെപിസിസിസി ജനറൽ സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരിയെയാണ് ഇറക്കിയിരിക്കുന്നത്. തില്ലങ്കേരി പടിക്കച്ചാൽ സ്വദേശിയായ ചന്ദ്രൻ തില്ലങ്കേരി കെഎസ്യുവിന്റെ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി,ഡിസിസി സെക്രട്ടറി, വൈസ് പ്രസിഡന്റ്, കെപിസിസി അംഗം, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സർക്കാരിന്റെ പോരായ്മകളും മണ്ഡലത്തിലെ വികസനപ്രശ്നങ്ങളും ചർച്ചയാക്കി കൊണ്ട് മണ്ഡലം പിടിച്ചെടുക്കാൻ ഉറപ്പിച്ചാണ് ചന്ദ്രൻ തില്ലങ്കേരി മൽസര രംഗത്തെത്തിയിരിക്കുന്നത്.
വോട്ടുകൂട്ടാൻ എൻഡിഎ
ബിജെപി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡന്റും മട്ടന്നൂർ നഗരസഭയിലെ ഏളക്കുഴി സ്വദേശിയുമായ ബിജു ഏളക്കുഴിയാണ് എൻഡിഎ സ്ഥാനർഥിയായി കളത്തിലിറങ്ങയിരിക്കുന്നത്. ഭാരതീയ ജനതാ യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ്, പേരാവൂർ മണ്ഡലം, ജനറൽ സെക്രട്ടറി, ജില്ലാ ജനറൽ സെക്രട്ടറി, കണ്ണൂർ ജില്ലാ പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചു.
ബിജെപി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. 2011, 2016, 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ മട്ടന്നൂരിൽ മത്സരിച്ചു. കേന്ദ്ര സർക്കാർ നടപ്പാക്കുന്ന വികസന, ക്ഷേമ പദ്ധതികളും സംസ്ഥാനത്തെയും മണ്ഡലത്തിലെയും വികസന പ്രശ്നങ്ങളുമാണ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ചൂണ്ടികാണിക്കുന്നത്.
