ശക്തമാകുന്ന എൽനിനോ തുലാവർഷത്തെ ഇല്ലാതാക്കുമോ? ഇന്ത്യയിൽ സംഭവിക്കാനിരിക്കുന്നത്? സമുദ്രങ്ങളിലെ മാറ്റങ്ങൾ നിരീക്ഷിച്ച് ഗവേഷകർ

Share our post

തുലാമഴയും (വടക്കുകിഴക്കൻ മൺസൂൺ) പ്രതിസന്ധിയിലാകുമോ എന്ന ആശങ്കയിലാണ് രാജ്യം. പസിഫിക് സമുദ്രത്തിൽ രൂപംകൊണ്ട ശക്തമായ ‘എൽനിനോ’ കാലാവസ്ഥാ പ്രതിഭാസം വരും മാസങ്ങളിലും കൂടുതൽ ശക്തി പ്രാപിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നൽകുന്നു. എന്നാൽ മറുവശത്ത് ഇന്ത്യൻ മഹാസമുദ്രത്തിൽ അനുകൂലമായ സാഹചര്യങ്ങളോ പ്രതികൂലമായ മാറ്റങ്ങളോ ഇല്ലാത്ത ‘ന്യൂട്രൽ ഐഒഡി’ അവസ്ഥ തുടരുമെന്നാണ് പ്രവചനം. ഈ രണ്ട് പ്രകൃതി പ്രതിഭാസങ്ങളും ഒന്നിച്ചു വരുമ്പോൾ ഇത്തവണത്തെ തുലാവർഷത്തിൽ ഇന്ത്യയിൽ, പ്രത്യേകിച്ച് തെക്കേ ഇന്ത്യയിൽ, മഴയുടെ ഗതി എന്താകുമെന്ന ചർച്ചയിലാണ് കാലാവസ്ഥാ നിരീക്ഷകർ.  

സെപ്റ്റംബർ 30ന് നടന്ന് വാർത്താ സമ്മേളനത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ഐഎംഡി വ്യക്തമാക്കിയത്. സാധാരണയിൽ കവിഞ്ഞ മഴക്കുറവോടെ (13 ശതമാനം കമ്മി) രാജ്യത്ത് തെക്കുപടിഞ്ഞാറൻ മൺസൂൺ അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് ആശങ്കയുണർത്തുന്ന ഈ കാലാവസ്ഥാ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.

∙ എൽനിനോ ശക്തിപ്പെടുന്നു
ഭൂമധ്യരേഖാ പ്രദേശത്തുള്ള പസിഫിക് സമുദ്രത്തിലെ ഉപരിതല ജലതാപനില ക്രമാതീതമായി ഉയരുന്ന പ്രതിഭാസമാണ് എൽനിനോ. നിലവിൽ മധ്യ-കിഴക്കൻ പസിഫിക് സമുദ്രത്തിൽ സമുദ്രോപരിതല താപനില സാധാരണയേക്കാൾ വളരെ ഉയർന്ന നിലയിലാണ്. ഐഎംഡിയുടെ ‘മൺസൂൺ മിഷൻ കപ്പിൾഡ് ഫോർകാസ്റ്റ് സിസ്റ്റം’ ഉൾപ്പെടെയുള്ള രാജ്യാന്തര കാലാവസ്ഥാ മോഡലുകളുടെ കണക്കുകൂട്ടൽ പ്രകാരം വരും മാസങ്ങളിൽ എൽനിനോ കൂടുതൽ ശക്തമാവുകയും ഈ വർഷാവസാനം വരെ അത് തുടരുകയും ചെയ്യും.

സാധാരണയായി എൽനിനോ ശക്തിപ്പെടുമ്പോൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മഴയുടെ അളവ് കുറയാറുണ്ട്. ആഗോളതലത്തിലുള്ള കാറ്റിന്റെ ഗതിയെയും അന്തരീക്ഷ ഈർപ്പത്തെയും എൽനിനോ മാറ്റിമറിക്കുന്നു എന്നതുതന്നെയാണ് ഇതിന് കാരണം.

∙ ന്യൂട്രൽ ഐഒഡി തുണയ്ക്കുമോ?
പസിഫിക്കിലെ എൽനിനോ തിരിച്ചടിയാകുമ്പോൾ, ഇന്ത്യൻ മഹാസമുദ്രത്തിലെ താപനിലയിലുണ്ടാകുന്ന വ്യതിയാനങ്ങളെ അടിസ്ഥാനമാക്കിയുള്ള ‘ഇന്ത്യൻ ഓഷ്യൻ ഡൈപോൾ’ (ഐഒഡി) ഇന്ത്യയ്ക്ക് സഹായകരമാകുമോ എന്നതാണ് അടുത്ത ചോദ്യം.ഇന്ത്യൻ മഹാസമുദ്രത്തിന്റെ പടിഞ്ഞാറൻ ഭാഗവും (ആഫ്രിക്കൻ തീരം) കിഴക്കൻ ഭാഗവും (ഇന്തൊനീഷ്യൻ തീരം) തമ്മിലുള്ള ഉപരിതല താപനിലയിലെ വ്യത്യാസത്തെയാണ് ഐഒഡി എന്ന് വിളിക്കുന്നത്.

1. പോസിറ്റീവ് ഐഒഡി: പടിഞ്ഞാറൻ സമുദ്രഭാഗം കൂടുതൽ ചൂടുപിടിക്കുകയും കിഴക്കൻ ഭാഗം തണുക്കുകയും ചെയ്യുന്ന അവസ്ഥ. ഇത് ഇന്ത്യയിൽ മൺസൂൺ മഴ ശക്തമാക്കാൻ സഹായിക്കും. എൽനിനോയുടെ പ്രതികൂല ആഘാതത്തെ ഒരു പരിധിവരെ തടയാൻ പോസിറ്റീവ് ഐഒഡിക്ക് സാധിക്കാറുണ്ട്. 
2. നെഗറ്റീവ് ഐഒഡി: കിഴക്കൻ ഭാഗം കൂടുതൽ ചൂടുപിടിക്കുകയും പടിഞ്ഞാറൻ ഭാഗം തണുക്കുകയും ചെയ്യുന്ന അവസ്ഥ. ഇത് ഇന്ത്യയിലെ മഴയുടെ അളവ് കുറയ്ക്കാൻ ഇടയാക്കും.
3. ന്യൂട്രൽ ഐഒഡി: രണ്ടു ഭാഗങ്ങളിലും പ്രകടമായ താപനില വ്യതിയാനങ്ങൾ ഇല്ലാതിരിക്കുക

ഐഎംഡിയുടെ പ്രവചനപ്രകാരം നിലവിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ ന്യൂട്രൽ ഐഒഡി സാഹചര്യമാണുള്ളത്. വരുന്ന തുലാവർഷ സീസണിലും (ഒക്ടോബർ – ഡിസംബർ) ഈ സ്ഥിതി തുടരാനാണ് സാധ്യത. അതായത്, പോസിറ്റീവ് ഐഒഡി നൽകുന്ന അധിക മഴയുടെ ആനുകൂല്യം ഇത്തവണ ലഭിക്കില്ല. അതേസമയം നെഗറ്റീവ് ഐഒഡി പോലെ മഴ പൂർണമായി തടയുന്ന സാഹചര്യവും ഉണ്ടാകില്ല. 

∙ തുലാവർഷവും തെക്കേ ഇന്ത്യയും: ആശങ്കകൾ എന്തൊക്കെ?
ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള പോസ്റ്റ്-മൺസൂൺ കാലഘട്ടം തെക്കേ ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമാണ്. തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശിന്റെ തീരദേശങ്ങൾ, കേരളം, കർണാടകയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ പ്രതിവർഷം ലഭിക്കേണ്ട മഴയുടെ വലിയൊരു ഭാഗവും നൽകുന്നത് തുലാവർഷമാണ്.

എൽനിനോ അന്തരീക്ഷ ചലനങ്ങളെ സ്വാധീനിക്കുമെങ്കിലും, രാജ്യത്തുടനീളം ഒരേ രീതിയിലായിരിക്കില്ല ഇതിന്റെ ആഘാതം. ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളിലും ഒരേപോലെ വറുതിയുണ്ടാകും എന്ന് ഇതിനർഥമില്ല. എന്നാൽ, ശക്തമായ എൽനിനോ നിലനിൽക്കുകയും അതിനെ പ്രതിരോധിക്കാൻ പോസിറ്റീവ് ഐഒഡി ഇല്ലാതിരിക്കുകയും ചെയ്യുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്.

ചുരുക്കത്തിൽ, വരുന്ന മാസങ്ങളിൽ ഇന്ത്യൻ കാലാവസ്ഥയെ നിയന്ത്രിക്കുന്ന പ്രധാന ഘടകം ശക്തമായ എൽനിനോ ആയിരിക്കും. സമുദ്ര താപനിലയിലെ മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ പ്രാദേശിക പ്രവചനങ്ങൾ ലഭ്യമാക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. മഴക്കുറവ് നേരിട്ട പ്രദേശങ്ങളിൽ കാർഷിക മേഖലയ്ക്കും ജലസംഭരണികൾക്കും വരും മാസങ്ങൾ ഏറെ നിർണായകമായിരിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!