ഏറെക്കാലമായി നികുതി അടക്കാത്ത വാഹനങ്ങള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

Share our post

തിരുവനന്തപുരം: ദീര്‍ഘകാലമായി നികുതി അടക്കാതെ കുടിശ്ശികയായികിടക്കുന്ന മോട്ടോര്‍ വാഹനങ്ങള്‍ക്കായി കേരള സര്‍ക്കാര്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി വീണ്ടും നടപ്പിലാക്കുന്നു. 2022 മാര്‍ച്ച് 31ന് ശേഷം നികുതി അടക്കാന്‍ കഴിയാത്ത, അതിന് മുന്‍പ് എത്ര കാലത്തേക്കും നികുതി കുടിശ്ശികയുള്ള വാഹന ഉടമകള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. നാല് വര്‍ഷത്തില്‍ കൂടുതലായി എത്ര കാലത്തെ കുടിശ്ശികയുണ്ടെങ്കിലും 2022 ഏപ്രില്‍ മുതല്‍ 2026 മാര്‍ച്ച് വരെയുള്ള നികുതി കുടിശ്ശികയുടെ നിശ്ചിത ശതമാനം തുക മാത്രം അടച്ച് തീര്‍പ്പാക്കാന്‍ ഈ പദ്ധതി അവസരം നല്‍കും.

നോണ്‍-ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍: 2026 മാര്‍ച്ച് 31 വരെയുള്ള നാല് വര്‍ഷത്തെ നികുതി കുടിശ്ശികയുടെ 40 ശതമാനം മാത്രം.

ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍: 2026 മാര്‍ച്ച് 31 വരെയുള്ള നാല് വര്‍ഷത്തെ നികുതി കുടിശ്ശികയുടെ 30 ശതമാനം മാത്രം.

ഈ ഒറ്റത്തവണ നികുതി തീര്‍പ്പാക്കല്‍ സൗകര്യം 2027 മാര്‍ച്ച് 31 വരെയാണ് ലഭ്യമാകുക. പദ്ധതി പ്രയോജനപ്പെടുത്തുന്ന വാഹന ഉടമകളെ ഗ്രീന്‍ ടാക്‌സ് അടയ്ക്കുന്നതില്‍ നിന്നും ക്ഷേമനിധി രസീത് ഹാജരാക്കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മോഷ്ടിക്കപ്പെട്ടതോ പൊളിച്ചുമാറ്റിയതോ ഉപയോഗശൂന്യമായതോ ആയ വാഹനങ്ങളുടെ ഉടമകള്‍ക്ക് മതിയായ രേഖകള്‍ സമര്‍പ്പിച്ചാല്‍ നികുതി ബാധ്യതയില്‍ നിന്ന് ഇളവ് ലഭിക്കുന്നതാണ്. റവന്യൂ റിക്കവറി നടപടികള്‍ നേരിടുന്നവര്‍ക്കും നികുതിയോടൊപ്പം റവന്യു കളക്ഷന്‍ ചാര്‍ജ് അടച്ച് ഈ പദ്ധതിയുടെ പ്രയോജനം നേടാം.

വാഹനം നിലവിലില്ല എന്ന നിലയില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം ബാധ്യത അവസാനിപ്പിച്ച വാഹനം ഭാവിയില്‍ റോഡില്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ ഇളവില്ലാതെ യഥാര്‍ത്ഥ നികുതി പൂര്‍ണ്ണമായും അടക്കേണ്ടിവരുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!