വെള്ളം കുടിക്കാൻ ഗ്ലാസെടുത്തപ്പോൾ സംശയം തോന്നി; കണ്ണൂർ ജയിലിലെ തടവുകാരിയിൽ നിന്ന് എംഡിഎംഎ പിടികൂടി
കണ്ണൂർ: വനിതാജയിലിലെ ശിക്ഷാതടവുകാരിയിൽനിന്ന് 0.30 ഗ്രാം എംഡിഎംഎ പിടികൂടി. വനിതാ ജയിലിലെ തടവുകാരി ഇരിട്ടി സ്വദേശി റുബൈദയിൽനിന്നാണ് മയക്കുമരുന്ന് പിടിച്ചത്. സഹതടവുകാരിയായ സാബിറ നൽകിയതാണ് മയക്കുമരുന്നെന്നാണ് റുബൈദ പറയുന്നത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. പ്രതിയെ കേസുമായി ബന്ധപ്പെട്ട് ന്യൂമാഹി കോടതിയിൽ ഹാജരാക്കിയിരുന്നു.
തുടർന്ന് തിരിച്ച് ജയിലിൽ എത്തിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പ്രതികൾ വെള്ളം കുടിക്കാൻ ഗ്ലാസെടുത്തപ്പോൾ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. ഇരുവരും മയക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ടാണ് ജയിലിലെത്തിയത്. ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു.
