അനാശാസ്യ കേന്ദ്രത്തിലെത്തുന്ന ‘കസ്റ്റമറും’ കുറ്റക്കാരൻ; മുൻ ഉത്തരവുകൾ റദ്ദാക്കി ഹൈക്കോടതി

Share our post

കൊച്ചി: അനാശാസ്യ കേന്ദ്രത്തിലെത്തുന്ന ‘കസ്റ്റമറും’ അനാശാസ്യ പ്രവർത്തന നിരോധന നിയമപ്രകാരം കുറ്റക്കാരനാണെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. ഇക്കാര്യത്തിൽ ഹൈക്കോടതിയിലെ വിവിധ സിംഗിൾ ബെഞ്ചുകൾ ഭിന്ന ഉത്തരവുകൾ പുറപ്പെടുവിച്ച സാഹചര്യത്തിലാണ് ജസ്റ്റിസ് വി. രാജ വിജയരാഘവനും ജസ്റ്റിസ് കെ.വി. ജയകുമാറും അടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തത വരുത്തിയത്.

അനാശാസ്യ പ്രവർത്തന നിരോധന നിയമപ്രകാരം ഉപഭോക്താവിനെ (കസ്റ്റമർ) കുറ്റക്കാരനായി കാണാനാകുമോ എന്ന നിയമപ്രശ്‌നമാണ് ഡിവിഷൻ ബെഞ്ച് പരിശോധിച്ചത്. സാമ്പത്തികനേട്ടത്തിന് വ്യക്തികളെ ചൂഷണംചെയ്യുന്ന വാണിജ്യസ്ഥാപനമാണ് അനാശാസ്യ കേന്ദ്രമെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തി. ലൈംഗികത്തൊഴിലാളി കച്ചവടച്ചരക്കായി മാറുകയാണിവിടെ. നടത്തിപ്പുകാരൻ ലാഭംകൊയ്യുന്നു. സേവനം തേടിയെത്തുന്നവരുടെ അഭാവത്തിൽ ഇത്തരം നിയമവിരുദ്ധ വാണിജ്യ പ്രവർത്തനം നടക്കില്ല.

സൗകര്യങ്ങൾ ഒരുക്കി നടത്തിപ്പുകാരൻ ലാഭം കൊയ്യുമ്പോൾ ‘കസ്റ്റമർ’ അതിനെ പരിപോഷിപ്പിക്കുകയാണ്. നടത്തിപ്പുകാരനും കസ്റ്റമറും ഉണ്ടെങ്കിലേ അനാശാസ്യ കേന്ദ്രങ്ങളിലെ ചൂഷണം നടക്കുകയുള്ളൂ. അതിനാൽ ‘കസ്റ്റമർ’ പ്രതിയായില്ലെങ്കിൽ നിയമത്തിന്റെ ലക്ഷ്യത്തിൽ വെള്ളംചേർക്കുന്നതിന് സമമാകും. അതിനാൽ കസ്റ്റമറെ ക്രിമിനൽ ബാധ്യതയിൽനിന്ന് ഒഴിവാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. അനാശാസ്യ കേന്ദ്രത്തിലെത്തുന്ന കസ്റ്റമർ കുറ്റക്കാരനല്ലെന്ന സിംഗിൾ ബെഞ്ചിന്റെ മുൻ ഉത്തരവുകൾ ഡിവിഷൻ ബെഞ്ച് റദ്ദാക്കി. മറിച്ചുള്ള ഉത്തരവുകൾ ശരിവെക്കുകയുംചെയ്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!