മാങ്ങാട്ടിടത്ത് കേരഗ്രാമം ഒരുങ്ങുന്നു
കൂത്തുപറമ്പ് : കാർഷിക വികസന കർഷക വകുപ്പവും മാങ്ങാട്ടിടം പഞ്ചായത്തും കൃഷിഭവനും ചേർന്ന് കേരഗ്രാമം ഒരുക്കുന്നു. മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ തരിശായി കിടക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി തെങ്ങിൻ തൈകൾ വെച്ച് പിടിപ്പിക്കാൻ ഒരുങ്ങി മാങ്ങാട്ടിടം. ആയിത്തറ ഗാമ ഇന്റർനാഷണൽ സ്കൂളിന് സമീപം പ്രജോഷ് നിവാസിൽ പ്രഭാകരന്റെ ഒമ്പത് ഏക്കർ സ്ഥലത്ത് 500 തെങ്ങിൻ തൈകൾ ആണ് വെച്ചുപിടിപ്പിക്കുന്നത്.
തേങ്ങയുടെ ഉത്പാദനത്തിൽ വന്ന ഗണ്യമായ കുറവും ഇതിന് പുറമേ നിലവിലുള്ള തെങ്ങുകൾക്ക് വേണ്ടത്ര പരിചരണവും ലഭിക്കുന്നില്ല. ഇത് കാരണവും കീടങ്ങളുടെ ആക്രമണം തെങ്ങുകളെ വ്യാപകമായി നശിപ്പിച്ചു. കൂടാതെ തേങ്ങ കയറ്റ തൊഴിലാളികളുടെ രൂക്ഷമായ കുറവ് ബാധിച്ചിട്ടുണ്ട്. ഇതിന് ശാശ്വത പരിഹാരം കാണാനും തെങ്ങിന്റെ ഉൽപാദനം കൂട്ടുന്നതിനും ഗുണമേന്മയുള്ള തെങ്ങിൻ തൈകൾ വച്ച് പിടിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഫണ്ട് ഈ പദ്ധതിക്ക് ഉപയോഗിക്കുന്നുണ്ട്. മൂല്യ വർധിത ഉൽപ്പന്നങ്ങൾ ആക്കി മാറ്റുന്നതിനും ഫലപുഷ്ടമായ തെങ്ങിൻതോപ്പുകൾ ആക്കി മാറ്റുക എന്ന ലക്ഷ്യം ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഒരു തെങ്ങിൻ തൈ നടുമ്പോൾ 125 രൂപ വരെ ലഭ്യമാവും . കർഷകർ കുറഞ്ഞത് 10 തെങ്ങ് എങ്കിലും നട്ടാൽ മാത്രമെ ഇത് ലഭ്യമാവുകയുള്ളു. ഇതോടൊപ്പം പുതിയ തെങ്ങ് കയറ്റ തൊഴിലാളികളെ പരിശീലനം നൽകി ഈ മേഖലയിലേക്ക് കൊണ്ടുവരാനും പഞ്ചായത്ത് ഉദ്ദേശിക്കുന്നുണ്ട്്.
തൊഴിലുറപ്പ് തൊഴിലാളികളെ ഈ പദ്ധതിയിൽ ഉപയോഗിച്ചു തെങ്ങിൻ തൈകൾ നട്ടു തരുന്ന പദ്ധതിയും നിലവിലുണ്ട്. തെങ്ങ് നടനും കൃഷിക്ക് ആവശ്യമായ കാര്യങ്ങൾ ചെയ്യാൻ മക്കളായ പ്രജിൽ, പ്രജോഷ് എന്നിവർ പ്രഭാകരന്റെ കൂടെ ഉണ്ട്.
കുറ്റ്യാടി ഇനത്തിൽപ്പെട്ട തെങ്ങിൻ തൈകളാണ് നടുന്നുതെന്നും ഏകദേശം 400 ഓളം തെങ്ങിൻ തൈകൾ നട്ട് കഴിഞ്ഞെന്നും പ്രജിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം കേരഗ്രാമം പദ്ധതി മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡന്റ് കെ. സന്ധ്യാലക്ഷ്മി തൈകൾ നട്ട് ഉദ്ഘാടനം ചെയ്തിരുന്നു. വൈസ് പ്രസിഡന്റ് കെ.കെ. വിപിൻ അധ്യക്ഷത വഹിച്ചു.കൃഷി ഓഫീസർ കെ. അഖില, കൂത്തുപറമ്പ് ബ്ലോക്ക് മെമ്പർ സൗമ്യ കാരായി, വാർഡ് മെമ്പർ സി.പ്രീത, കൃഷി അസിസ്റ്റന്റ് ഓഫീസർ കെ. മനോജ് കുമാർ, ആർ.സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
