തൂഫാനിൽ മുന്‍ സര്‍ക്കാരിനെതിരായ രമേശ് ചെന്നിത്തലയുടെ വിമര്‍ശനം; കണക്ക് നിരത്തി മറുപടി നല്‍കി പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: പത്ത് വര്‍ഷം ഭരിച്ചിട്ട് 500 ഗ്രാം എംഡിഎംഎ പോലും പിടിക്കാന്‍ കഴിഞ്ഞില്ലെന്ന മുന്‍ സര്‍ക്കാരിനെതിരായ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിമര്‍ശനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ആഭ്യന്തര മന്ത്രി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോടെങ്കിലും ചോദിച്ചിരുന്നെങ്കില്‍ എല്‍ഡിഎഫ് കാലത്തെ മയക്കുമരുന്ന് വേട്ടയെക്കുറിച്ച് മനസ്സിലാക്കാന്‍ കഴിഞ്ഞേനെ എന്ന് മുന്‍ മുഖ്യമന്ത്രി പറഞ്ഞു.
2024 ജൂലൈയില്‍ തൃശൂരില്‍ 2.4 കിലോ എംഡിഎംഎ പിടികൂടിയിരുന്നു. ഉറവിടം തേടിയെത്തിയ കേരള പൊലീസ് ഹൈദരാബാദില്‍ സിനിമാ നിര്‍മാതാവ് നടത്തി വന്ന അന്താരാഷ്ട്ര ലഹരിനിര്‍മ്മാണ ലാബ് കണ്ടെത്തി പൂട്ടിച്ചു എന്നാണ് അദ്ദേഹം വിശദീകരിച്ചത്. രേവന്ത് റെഡ്ഡിക്ക് സാധിക്കാത്ത കാര്യമാണ് കേരള പൊലീസ് അവിടെ നടപ്പിലാക്കിയതെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായിരുന്നു എന്ന് പാര്‍ലമെന്റിലെ കേന്ദ്രസര്‍ക്കാര്‍ രേഖകള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. 2021 മുതല്‍ 2025 വരെ കേരള പൊലീസ് മാത്രം 1,26,855 എന്‍ഡിപിഎസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2023 ല്‍ ആന്‍ഡമാന്‍ നിക്കോബാറില്‍ നിന്ന് കേരള എക്‌സൈസ് വകുപ്പ് 80 കിലോ എംഡിഎംഎ പിടികൂടി എന്നടക്കം കണക്ക് നിരത്തിയാണ് ആഭ്യന്തര മന്ത്രിക്ക് ഫേസ്ബുക്ക് പോസ്റ്റിലൂടെ പിണറായി മറുപടി നല്‍കിയത്.
മാതൃകാപരമായ നേട്ടങ്ങളെയാണ് നിലവിലെ ആഭ്യന്തര മന്ത്രി വിലകുറഞ്ഞ രീതിയില്‍ വിമര്‍ശിക്കുന്നതെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം ഓപ്പറേഷന്‍ തൂഫാന്‍ മയക്കുമരുന്നുവേട്ടയെ പ്രതിപക്ഷം ഒരിക്കലും എതിര്‍ത്തിട്ടില്ലെന്നും വ്യക്തമാക്കി. ഓപ്പറേഷന്‍ തൂഫാന് പൂര്‍ണ്ണ പിന്തുണയാണ് നല്‍കിയതെന്നും, എന്നാല്‍ മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ കോ-ഓര്‍ഡിനേറ്റര്‍ പ്രതിയായ എംഡിഎംഎ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളെയാണ് ചോദ്യം ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
