വീട്ടിലെ ചുവരുകൾ വൃത്തികേടായോ? ക്രയോൺ പാടുകളും എണ്ണക്കറകളും നിമിഷനേരം കൊണ്ട് മായ്ക്കാം

Share our post

വീട്ടിൽ ഏറ്റവും വൃത്തികേടാകുന്ന ഭാഗങ്ങളിലൊന്നാണ് ചുവരുകൾ. കുട്ടികളുണ്ടെങ്കിൽ പറയുകയേ വേണ്ടാ…അവരുടെ ഏറ്റവും ഇഷ്ടപ്പെട്ട ക്യാൻവാസാണ് ചുവരുകൾ. അവരുടെ ആനയും കുതിരയും സൂര്യനും കാറുമെല്ലാം ഈ ഭിത്തികളിൽ നിറയും. ചുവരിലെ കറകൾ വൃത്തിയാക്കുന്നത് ലളിതമായി തോന്നുമെങ്കിലും ശക്തിയായ ഉരയ്ക്കുന്നത് പെയിന്‍റ് അടർന്നുപോകാൻ കാരണമാകും.അതുകൊണ്ട് എപ്പോഴും ലളിതമായ പ്രകൃതിദത്തമായ ചേരുവകളെ ആശ്രയിക്കുന്നതാണ് നല്ലത്.

ശ്രദ്ധാപൂർവം വൃത്തിയാക്കുക എന്നതാണ് പ്രധാന കാര്യം. ശക്തിയായി ഉരയ്ക്കുന്നത് ഒഴിവാക്കുക. മൃദുവായ തുണി ഉപയോഗിക്കുക. അടുക്കളയിൽ ലഭ്യമായ ചെറുനാരങ്ങ, വിനാഗിരി, ബേക്കിങ് സോഡ എന്നിവ കൊണ്ട് നിങ്ങളുടെ ചുവരിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സാധിക്കും. വെള്ളത്തിന്റെ പാടുകൾ, പൂപ്പൽ, അടുക്കളയിലെ എണ്ണക്കറകൾ എന്നിവ നീക്കാൻ വിനാഗരി നല്ലതാണ്. വിനാഗിരിയും വെള്ളവും സമമായി എടുത്ത വിനാഗിരിയും ചെറുചൂടുവെള്ളവും ഒരു സ്പ്രേ ബോട്ടിലിൽ ഒഴിക്കുക. കറയുള്ള ഭാഗത്ത് ഇത് സ്പ്രേ ചെയ്ത് 5 മിനിറ്റ് വെച്ച ശേഷം നനഞ്ഞ മൈക്രോഫൈബർ തുണി കൊണ്ട് തുടച്ചെടുക്കുക.

കടുത്ത കറകൾ കളയാൻ മദ്യം നല്ലതാണ്. മൃദുവായ തുണിയിൽ അല്പം മദ്യം പുരട്ടി കറ പുരണ്ട ഭാഗത്ത് വൃത്താകൃതിയിൽ മൃദുവായി തടവുക. ക്രായോൺ പാടുകൾ, പെൻസിൽ പാടുകൾ, മഷി വീണ പാടുകൾ എന്നിവ നീക്കം ചെയ്യാൻ വെളുത്ത ടൂത്ത് പേസ്റ്റ് നല്ലതാണ്. സാധാരണ വെളുത്ത ടൂത്ത് പേസ്റ്റ് കറയുള്ള ഭാഗത്ത് നേരിട്ട് പുരട്ടുക. പഴയ ഒരു ബ്രഷോ നനഞ്ഞ തുണിയോ ഉപയോഗിച്ച് മെല്ലെ ഉരച്ച് കറ മാറ്റി, ശുദ്ധമായ നനഞ്ഞ തുണി കൊണ്ട് തുടച്ചെടുക്കുക.

ഭിത്തിയിൽ എണ്ണ വീഴുകയോ എണ്ണക്കറ പറ്റുകയോ ചെയ്താൽ ഉടൻ തന്നെ അതിനു മുകളിൽ അല്പം ടാൽകം പൗഡർ വിതറുക. പൗഡർ ഭിത്തിയിലെ എണ്ണമയം പെട്ടെന്ന് വലിച്ചെടുക്കുകയും കറ എളുപ്പത്തിൽ മാഞ്ഞുപോകാൻ സഹായിക്കുകയും ചെയ്യും.

അല്പം ബേക്കിംഗ് പൗഡറിൽ വെള്ളം ചേർത്ത് നല്ല കുഴമ്പ് പരുവത്തിലാക്കുക . ഇത് കറയുള്ള ഭാഗത്ത് നേരിട്ട് പുരട്ടി കുറച്ചു സമയം വെക്കുക. കറ പൂർണ്ണമായി മാറുന്നത് വരെ ഈ രീതി ആവർത്തിക്കാവുന്നതാണ്.

സ്വാഭാവിക തിളക്കത്തിനായി, നാരങ്ങാനീരും ബേക്കിംഗ് പൗഡറും ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. കറയിൽ പുരട്ടി ഒരു മണിക്കൂർ വയ്ക്കണം, തുടർന്ന് നനഞ്ഞ തുണി ഉപയോഗിച്ച് മൃദുവായി തുടയ്ക്കണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!