30 കഴിഞ്ഞോ? ശരീരം ‘ഓൾ ഒക്കെ’ എന്ന് പറഞ്ഞാലും ഈ എട്ട് ആരോഗ്യ പരിശോധനകൾ മറക്കരുത്!
30 വയസ് പിന്നിട്ടാൽ ആരോഗ്യത്തിൽ ചെറിയ മാറ്റങ്ങൾ പോലും അവഗണിക്കരുതെന്നാണ് വിദഗ്ധരുടെ നിർദേശം പുറമേ ആരോഗ്യവാനായി തോന്നിയാലും രക്തസമ്മർദം, കൊളസ്ട്രോൾ, കരൾ, വൃക്ക, തൈറോയ്ഡ് തുടങ്ങിയവയിൽ ഉണ്ടാകുന്ന ചില മാറ്റങ്ങൾ തുടക്കത്തിൽ വ്യക്തമായ ലക്ഷണങ്ങളില്ലാതെ തന്നെ മുന്നേറാം. അതുകൊണ്ട് തന്നെ പ്രായം, കുടുംബാരോഗ്യ ചരിത്രം, ജീവിതശൈലി, നിലവിലുള്ള ആരോഗ്യപ്രശ്നങ്ങൾ എന്നിവ അനുസരിച്ച് ആവശ്യമായ പരിശോധനകൾ ഡോക്ടറുടെ നിർദേശപ്രകാരം ചെയ്യുന്നത് ഗുണകരമാണ്.
90-കളിൽ ജനിച്ചവർ ഇപ്പോൾ 30-കളിലേക്ക് കടക്കുന്ന സമയമാണ്. ഈ പ്രായത്തിൽ ഒരിക്കൽ ആരോഗ്യസ്ഥിതി വിലയിരുത്താൻ പരിഗണിക്കാവുന്ന പ്രധാന പരിശോധനകൾ ഏതൊക്കെയെന്ന് നോക്കാം.
1. ബ്ലഡ് പ്രഷർ
ഉയർന്ന രക്തസമ്മർദം പലപ്പോഴും യാതൊരു ലക്ഷണങ്ങളും ഉണ്ടാക്കില്ല. എന്നാൽ നിയന്ത്രണമില്ലാതെ തുടരുമ്പോൾ ഹൃദ്രോഗം, പക്ഷാഘാതം, വൃക്കരോഗം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങളുടെ സാധ്യത വർധിപ്പിക്കാം.
അതുകൊണ്ട് പതിവായി രക്തസമ്മർദം പരിശോധിക്കുന്നത് പ്രധാനമാണ്. ഒരു തവണ ഉയർന്ന റീഡിങ് ലഭിച്ചതുകൊണ്ട് മാത്രം ഹൈപ്പർടെൻഷൻ എന്ന് തീരുമാനിക്കില്ല ആവർത്തിച്ചുള്ള അളവുകളും ഡോക്ടറുടെ വിലയിരുത്തലും ആവശ്യമാണ്.
2. ലിപിഡ് പ്രൊഫൈൽ
രക്തത്തിലെ മൊത്തം കൊളസ്ട്രോൾ, എൽഡിഎൽ, എച്ച്ഡിഎൽ, ട്രൈഗ്ലിസറൈഡുകൾ തുടങ്ങിയവ പരിശോധിക്കുന്ന ടെസ്റ്റാണ് ലിപിഡ് പ്രൊഫൈൽ.
എൽഡിഎൽ പോലുള്ള ‘ചീത്ത’ കൊളസ്ട്രോൾ ഉയർന്നിരിക്കുമ്പോൾ ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടാനുള്ള സാധ്യത വർധിക്കാം. കുടുംബത്തിൽ നേരത്തെ ഹൃദ്രോഗം ഉണ്ടായിട്ടുണ്ടെങ്കിൽ, അമിതവണ്ണമുണ്ടെങ്കിൽ, പുകവലി, പ്രമേഹം തുടങ്ങിയ അപകടസാധ്യതകളുണ്ടെങ്കിൽ പരിശോധനയ്ക്ക് കൂടുതൽ പ്രാധാന്യമുണ്ട്.
3. ലിവർ ഫംഗ്ഷൻ ടെസ്റ്റ്
കരളിന്റെ പ്രവർത്തനം വിലയിരുത്താൻ സഹായിക്കുന്ന രക്തപരിശോധനകളുടെ കൂട്ടമാണ് ലിവർ ഫംഗ്ഷൻ ടെസ്റ്റ്. കരൾ എൻസൈമുകൾ, ബിലിറൂബിൻ, ആൽബുമിൻ തുടങ്ങിയ ഘടകങ്ങൾ പരിശോധിക്കുന്നതിലൂടെ കരളുമായി ബന്ധപ്പെട്ട ചില അസാധാരണതകൾ കണ്ടെത്താൻ സഹായിക്കും. അമിതവണ്ണം, ഫാറ്റി ലിവറിന്റെ സാധ്യത, ചില മരുന്നുകളുടെ ദീർഘകാല ഉപയോഗം, മദ്യപാനം തുടങ്ങിയ സാഹചര്യങ്ങളിൽ ഡോക്ടർ ഈ പരിശോധന നിർദേശിച്ചേക്കാം.
4. കിഡ്നി ഫംഗ്ഷൻ ടെസ്റ്റ്
വൃക്കകൾ ശരീരത്തിലെ മാലിന്യങ്ങൾ ഫിൽട്ടർ ചെയ്യുകയും ദ്രവ-ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്തുകയും ചെയ്യുന്നു. വൃക്കകളുടെ പ്രവർത്തനത്തിൽ പ്രശ്നമുണ്ടായാലും തുടക്കത്തിൽ പലർക്കും വ്യക്തമായ ലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല.
രക്തത്തിലെ ക്രിയാറ്റിനിൻ, യൂറിയ, ഇജിഎഫ്ആർ തുടങ്ങിയ പരിശോധനകൾ വൃക്കയുടെ പ്രവർത്തനം വിലയിരുത്താൻ ഉപയോഗിക്കാം. ചില സാഹചര്യങ്ങളിൽ മൂത്രപരിശോധനയും ആവശ്യമായി വരാം.
5. തൈറോയ്ഡ് പരിശോധന
ശരീരത്തിന്റെ മെറ്റബോളിസം, ഊർജം, ഹൃദയമിടിപ്പ് തുടങ്ങി നിരവധി പ്രവർത്തനങ്ങളെ സ്വാധീനിക്കുന്ന ഹോർമോണുകളാണ് തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്നത്.
ക്ഷീണം, അമിതമായോ കുറഞ്ഞോ ഭാരം, തണുപ്പ്/ചൂട് സഹിക്കാനാകാത്തത്, ഹൃദയമിടിപ്പിലെ മാറ്റങ്ങൾ, മുടികൊഴിച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഡോക്ടർ തൈറോയ്ഡ് പരിശോധന നിർദേശിക്കാം. സാധാരണയായി ടിഎസ്എച്ച് പരിശോധനയാണ് പ്രാഥമികമായി ഉപയോഗിക്കുന്നത്; ആവശ്യാനുസരണം മറ്റ് പരിശോധനകളും നടത്താം.
6. കമ്പ്ലീറ്റ് ബ്ലഡ് കൗണ്ട്
ഹീമോഗ്ലോബിൻ, ചുവന്ന രക്താണുക്കൾ, വെള്ള രക്താണുക്കൾ, പ്ലേറ്റ്ലെറ്റുകൾ തുടങ്ങിയവയെക്കുറിച്ച് അടിസ്ഥാന വിവരങ്ങൾ നൽകുന്ന പരിശോധനയാണ് കമ്പ്ലീറ്റ് ബ്ലഡ് കൗണ്ട് അഥവാ സിബിസി.
അനീമിയ, ചില അണുബാധകൾ, രക്തത്തിലെ മറ്റ് അസാധാരണതകൾ എന്നിവ കണ്ടെത്താൻ ഇത് സഹായിച്ചേക്കാം. സ്ഥിരമായ ക്ഷീണം, തലകറക്കം, ബലഹീനത തുടങ്ങിയ പ്രശ്നങ്ങളുള്ളവർക്ക് ഡോക്ടർ ഈ പരിശോധന നിർദേശിക്കാറുണ്ട്.
7. വിറ്റാമിൻ ഡി
എല്ലുകളുടെ ആരോഗ്യം, പേശികളുടെ പ്രവർത്തനം, ശരീരത്തിന്റെ മറ്റ് നിരവധി പ്രവർത്തനങ്ങൾ എന്നിവയ്ക്ക് വിറ്റാമിൻ ഡി ആവശ്യമാണ്. സൂര്യപ്രകാശം ലഭിക്കുന്നത് കുറവായവർ, ശരീരത്തിൽ വിറ്റാമിൻ ഡി കുറവാകാനുള്ള സാധ്യതയുള്ളവർ തുടങ്ങിയവരിൽ പരിശോധന ആവശ്യമായി വരാം.
എന്നാൽ എല്ലാവരും പതിവായി വിറ്റാമിൻ ഡി പരിശോധന നടത്തണം എന്നില്ല. ലക്ഷണങ്ങളും അപകടസാധ്യതകളും വിലയിരുത്തിയ ശേഷമാണ് പരിശോധനയും സപ്ലിമെന്റുകളും തീരുമാനിക്കേണ്ടത്.
8. വിറ്റാമിൻ ബി12
നാഡീവ്യവസ്ഥയുടെ സാധാരണ പ്രവർത്തനത്തിനും ചുവന്ന രക്താണുക്കളുടെ നിർമ്മാണത്തിനും ബി12 ആവശ്യമാണ്. ബി12 കുറവായാൽ ക്ഷീണം, ബലഹീനത, കൈകാലുകളിൽ മരവിപ്പ് അല്ലെങ്കിൽ തരിപ്പ് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം.
പ്രത്യേകിച്ച് മാംസാഹാരം വളരെ കുറവായി കഴിക്കുന്നവർ, ചില ആഗിരണ പ്രശ്നങ്ങളുള്ളവർ, ദീർഘകാലമായി ചില മരുന്നുകൾ ഉപയോഗിക്കുന്നവർ എന്നിവരിൽ ബി12 കുറവിന്റെ സാധ്യത ഡോക്ടർ പരിഗണിച്ചേക്കാം.
30 കഴിഞ്ഞാൽ ടെസ്റ്റുകൾ നിർബന്ധമാണോ?
ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. 30 വയസ് കഴിഞ്ഞ എല്ലാവരും ഈ എട്ട് പരിശോധനകളും നിർബന്ധമായി ചെയ്യണം എന്നത് പൊതുവായ മെഡിക്കൽ നിയമമല്ല. വ്യക്തിയുടെ പ്രായം, കുടുംബാരോഗ്യ ചരിത്രം, ഭക്ഷണശീലം, വ്യായാമം, ശരീരഭാരം, പുകവലി, മരുന്നുകളുടെ ഉപയോഗം, നിലവിലുള്ള രോഗങ്ങൾ എന്നിവ അനുസരിച്ചാണ് ഏത് പരിശോധനകൾ എപ്പോൾ വേണമെന്ന് ഡോക്ടർ തീരുമാനിക്കുന്നത്.
പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നുമില്ലാത്ത ആരോഗ്യമുള്ള ഒരാൾ അനാവശ്യമായി എല്ലാ പരിശോധനകളും ആവർത്തിച്ച് ചെയ്യുന്നതിനേക്കാൾ, ഡോക്ടറുമായി സംസാരിച്ച് തനിക്ക് യഥാർഥത്തിൽ ആവശ്യമായ പരിശോധനകൾ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. 30 കഴിഞ്ഞെന്നത് പ്രായം കൂടിയെന്നല്ല; ഇനി ആരോഗ്യത്തെ കുറച്ചുകൂടി സീരിയസായി എടുക്കേണ്ട സമയമാണെന്നേയുള്ളൂ!
