50 കോടിയുടെ സ്വർണം, 1.25 കോടിയുടെ നോട്ടുകെട്ടുകൾ; തകർന്ന ബാങ്കിൽനിന്ന് വീണ്ടെടുത്ത് നേപ്പാൾ പോലീസ്

Share our post

കാഠ്മണ്ഡു: നേപ്പാളിൽ മിന്നൽപ്രളയത്തിൽ തകർന്ന കാർഷിക വികസന ബാങ്കിൽനിന്ന് കോടികൾ വിലമതിക്കുന്ന സ്വർണ്ണവും പണവും സാഹസികമായി വീണ്ടെടുത്ത് നേപ്പാൾ പോലീസ്. നുവാകോട്ട് ജില്ലയിലെ തൃശൂലി ധുങ്കെയിലുള്ള കാർഷിക വികസന ബാങ്കിന്റെ ശാഖയിൽനിന്നാണ് 51.5 കോടിയിലധികം രൂപയുടെ സമ്പാദ്യം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്.

എട്ട് മണിക്കൂർ നീണ്ട കഠിനമായ ശ്രമത്തിനൊടുവിലാണ് പോലീസും സന്നദ്ധപ്രവർത്തകരും ചേർന്ന് ബാങ്കിന്റെ ലോക്കറുകൾ പുറത്തെടുത്തത്. വീണ്ടെടുത്ത സമ്പാദ്യത്തിൽ 50 കോടി രൂപ വിലമതിക്കുന്ന സ്വർണശേഖവും 1.5 കോടി നേപ്പാളിസ് രൂപയുടെ നോട്ടുകെട്ടുകളുമാണ് ഉണ്ടായിരുന്നത്. സുരക്ഷിതമായി പുറത്തെടുത്തവയിൽ ബാങ്കിന്റെ അതീവരഹസ്യ സ്വഭാവമുള്ള രേഖകളും ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇവ ഉയർന്ന സുരക്ഷയുള്ള മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. തങ്ങളുടെ എക്സ് ഹാൻഡിലിൽ നേപ്പാൾ പോലീസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ ഇതുവരെ 903 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്. ഇനിയും നാലായിരത്തോളം പേരെ കണ്ടെത്താനുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചിറ്റ്വാനിൽനിന്ന് മാത്രം 272 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. നവൽപരാസിയിൽനിന്ന് 207, വെസ്റ്റ് നവൽപരാസിയിൽനിന്ന് 151, ഗോർഖയിൽനിന്ന് 62 എന്നിങ്ങനെ മൃതദേഹങ്ങൾ കണ്ടെടുത്തതായി ദേശീയ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

നുവാകോട്ടിൽനിന്ന് 95 മൃതദേഹങ്ങളും ധാഡിങ്ങിൽനിന്ന് 55 എണ്ണവും തനാഹുവിൽനിന്ന് 37-ഉം റസുവയിൽനിന്ന് 24 മൃതദേഹങ്ങളും കണ്ടെടുത്തു. 4,247 പേരെയാണ് കാണാതായത്. ഇതിൽ 99 പേർ സുരക്ഷാ ഉദ്യോഗസ്ഥരും 591 വിദേശികളുമാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!