ആശുപത്രി ഒപി ബുക്കിങ് നോക്കുകയാണോ? വ്യാജ ആപ്പുകളിൽ ചെന്നുചാടല്ലേ…ലക്ഷങ്ങൾ തട്ടുന്ന സൈബർ സംഘങ്ങൾക്കെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്

Share our post

തിരുവനന്തപുരം: ആശുപത്രികളുടെ ഒ.പി അപ്പോയിന്‍റ്മെന്‍റുകൾക്കായും കോൺടാക്ട് വിവരങ്ങൾക്കുമായി ഗൂഗിളിൽ തിരയുന്നവരെ ലക്ഷ്യമിട്ട് തട്ടിപ്പ് നടത്തുന്നവർക്കെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. വ്യാജ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തുന്നവർ ഒരുപാടുണ്ടെന്നും ബുക്കിങ് സമയങ്ങളിൽ ജാഗ്രത പാലിക്കണമെന്നും സ്റ്റേറ്റ് പൊലീസ് മീഡിയ സെന്‍റർ മുന്നറിയിപ്പ് നൽകി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജാഗ്രതാ നിർദേശം.

ഗൂഗിൾ സെർച്ചിൽ കാണുന്ന വ്യാജ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുമ്പോൾ, ആശുപത്രി ജീവനക്കാരാണെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പുകാർ വാട്സ്ആപ്പ് വഴി വ്യാജ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഫയലുകൾ അയച്ചുകൊടുക്കും. ‘ഹോസ്പിറ്റൽ അപ്പോയിന്‍റ്മെന്‍റ് ബുക്കിങ്’ എന്ന പേരിലോ സമാനമായ മറ്റേതങ്കിലും പേരിലോ ആയിരിക്കും വ്യാജൻ ഉണ്ടായിരിക്കുക. ഇത് ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഉപയോക്താവിന്‍റെ ഫോൺ ഹാക്ക് ചെയ്യപ്പെടുകയും രഹസ്യവിവരങ്ങൾ, ഒടിപി, യുപിഐ സേവനങ്ങൾ എന്നിവ ചോർന്ന് അനധികൃത സാമ്പത്തിക ഇടപാടുകൾ നടക്കുകയും ചെയ്യും.

ഫോണിലുള്ള ഫോൺ പേ, ഗൂഗിൾ പേ തുടങ്ങിയ യുപിഐ ആപ്പുകൾ തെറ്റായി ദുരുപയോഗം ചെയ്യപ്പെടാനും, ഉപയോക്താവ് അറിയാതെ മറ്റ് പേയ്മെന്‍റ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യപ്പെടാനും സാധ്യതയുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു. പ്രത്യേകിച്ചും, യുപിഐ ലൈറ്റ് സജീവമാക്കിയിട്ടുള്ള ഫോണുകളിൽ, പരിധിക്കുള്ളിലുള്ള ചെറിയ തുകകളുടെ കൈമാറ്റത്തിന് പ്രത്യേക ഒടിപി ആവശ്യമായി വരാറില്ല. അതിനാൽ 1000 രൂപയിൽ താഴെയുള്ള ചെറിയ തുകകളുടെ തുടർച്ചയായ വ്യാജ ഇടപാടുകൾ ശ്രദ്ധയിൽ പെട്ടാൽ ചെറിയ തുകയാണെന്ന് കരുതി അവഗണിക്കരുതെന്നും പൊലീസ് വ്യക്തമാക്കുന്നു.

​ഇത്തരം തട്ടിപ്പുകളിൽ പെടാതിരിക്കാൻ ഗൂഗിൾ സെർച്ചിൽ കാണുന്ന നമ്പറുകൾ സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ വെരിഫൈഡ് സോഷ്യൽ മീഡിയ പേജുകൾ വഴിയോ മാത്രം സ്ഥിരീകരിക്കുക. അപ്പോയിന്റ്മെന്റ് ബുക്കിംഗ്, കെ.വൈ.സി, റീഫണ്ട് തുടങ്ങിയ ആവശ്യങ്ങൾക്കായി വാട്സ്ആപ്പ് വഴി ലഭിക്കുന്ന എ.പി.കെ ഫയലുകൾ യാതൊരു കാരണവശാലും ഇൻസ്റ്റാൾ ചെയ്യരുത്.

ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോർ പോലുള്ള വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്ന് മാത്രം ഇൻസ്റ്റാൾ ചെയ്യുകയും അപരിചിതമായ ആപ്പുകൾക്ക് എസ്.എം.എസ്, നോട്ടിഫിക്കേഷൻസ്, കോൺടാക്റ്റ്സ് , ഫോൺ തുടങ്ങിയ അനുമതികൾ നൽകാതിരിക്കുക. വ്യാജ എ.പി.കെ ഇൻസ്റ്റാൾ ചെയ്തതായി സംശയം തോന്നിയാൽ ഉടൻ ഇന്റർനെറ്റ് വിച്ഛേദിച്ച് ബാങ്കുമായോ യു.പി.ഐ സർവീസ് പ്രൊവൈഡറുമായോ ബന്ധപ്പെട്ട് അക്കൗണ്ട് സുരക്ഷിതമാക്കുക.

സാമ്പത്തിക തട്ടിപ്പിനിരയായാൽ ഉടൻ തന്നെ 1930 എന്ന സൈബർ ഹെൽപ്പ്‌ലൈൻ നമ്പറിലോ www.cybercrime.gov.in എന്ന ദേശിയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിലോ പരാതി നൽകുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!