‘മരങ്ങൾ ഒഴുകിവരുമ്പോഴും എന്താണു സംഭവിച്ചതെന്ന് അറിയുന്നുണ്ടായിരുന്നില്ല; അൽപം കൂടി മുന്നിലായിരുന്നെങ്കിൽ..’
കണ്ണൂർ : ‘ത്രിശൂലി നദിയിലെ കുത്തൊഴുക്കിൽ മരങ്ങൾ ഒഴുകിവരുമ്പോഴും എന്താണു സംഭവിച്ചതെന്നു ഞങ്ങൾ അറിയുന്നുണ്ടായിരുന്നില്ല. വാഹനങ്ങളുടെ നീണ്ടനിര. അപകടമാണെന്നാണ് ആദ്യം അറിഞ്ഞത്. പിന്നീടാണ് നേപ്പാളിനെ പിടിച്ചുകുലുക്കിയ മിന്നൽപ്രളയമാണെന്നറിയുന്നത്. ഞങ്ങൾക്കു കടന്നുപോകാനുള്ള പാലം ഒഴുകിപ്പോയിരുന്നു. പാലത്തിന്റെ 800 മീറ്റർ അകലെയായിരുന്നു ഞങ്ങൾ. അൽപം കൂടി മുന്നിലായിരുന്നെങ്കിൽ….’’ പയ്യന്നൂർ സ്വദേശിയായ മാതമംഗലം ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപിക ആർ.ദീപയുടെ വാക്കുകൾ മുറിഞ്ഞു.
നേപ്പാളിലെ മിന്നൽപ്രളയത്തിൽ കുടുങ്ങിയ കേരളത്തിൽനിന്നുപോയ യാത്രാസംഘാംഗമായിരുന്നു ദീപയും കണ്ണൂർ സ്വദേശിയായ വിനിഷയും. ഇന്നലെ പുലർച്ചെ നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ ഇരുവരും ഉച്ചയോടെയാണ് ട്രെയിനിൽ കണ്ണൂരിലെത്തിയത്. അപകടത്തിന്റെ നടുക്കുന്ന അനുഭവമാണ് ദീപയ്ക്കു പറയാനുള്ളത്.
‘23ന് ആണ് ഞങ്ങൾ 63 അംഗ സംഘം യാത്ര പുറപ്പെടുന്നത്. 24ന് കഠ്മണ്ഡുവിലെത്തി. അടുത്ത ദിവസം മനകാമനക്ഷേത്രത്തിലേക്കു പോകുമ്പോഴാണ് അപകടമുണ്ടാകുന്നത്. റോഡിന്റെ ഒരുഭാഗത്ത് ത്രിശൂലി നദിയാണ്. ഏതാണ്ട് 150 കിലോമീറ്ററുണ്ടാകും റോഡ്. മറുഭാഗത്തു വലിയ മലനിരകളും. വുവാച്ചിയിൽ എത്തിയപ്പോഴാണ് റോഡിൽ വലിയ നിര കണ്ടത്. എന്തോ അപകടമുണ്ടായെന്ന് ആദ്യം കേട്ടു. പിന്നീടാണ് മിന്നൽപ്രളയത്തെക്കുറിച്ചറിയുന്നത്. പുഴയിലൂടെ വലിയ മരങ്ങളൊക്കെ കടപുഴകിയൊഴുകുന്നുണ്ട്. 6 മണിക്കൂറാണ് അവിടെ പെട്ടത്. തിരിച്ചൊരുപോക്കുണ്ടാവില്ലെന്നുവരെ ചിന്തിച്ചുപോയി. നേപ്പാളിലെ ആദ്യയാത്രയായിരുന്നു എന്റേത്. മുന്നോട്ടേക്കുള്ള യാത്ര സാധ്യമല്ലെന്ന് പൊലീസ് പറഞ്ഞപ്പോൾ സ്ഥലം നന്നായി അറിയുന്ന ഡ്രൈവർ വാൻ പിന്നിലേക്കെടുത്തു മറ്റൊരു വഴിയിലേക്കു കയറി.
അതൊരു ഇടുങ്ങിയ റോഡായിരുന്നു. ഇടയ്ക്കിടെ വാഹനം കേടായി. 6 മണിക്കൂർ യാത്ര ചെയ്താണ് ഞങ്ങൾ ലക്ഷ്യസ്ഥാനത്തെത്തിയത്. ഭക്ഷണമൊന്നും കിട്ടിയില്ല. എത്രയും പെട്ടെന്ന് ഹോട്ടലിലെത്തിയാൽ മതിയെന്നായി എല്ലാവർക്കും. ഹോട്ടലിലെത്തിയപ്പോഴാണ് അറിയുന്നത് വീണ്ടും പ്രളയമുണ്ടാകാൻ സാധ്യതയുണ്ടെന്ന്. നാട്ടിലേക്ക് എത്രയും വേഗം പോകണമെന്നു പറഞ്ഞപ്പോൾ ട്രാവൽ ഏജൻസി കൈമലർത്തി. 29ന് ആയിരുന്നു മടക്കടിക്കറ്റ്. ആദ്യരണ്ടുദിവസം പേടിയോടെ കഴിഞ്ഞു. മുംബൈയിലെത്തിയപ്പോഴാണ് ശ്വാസം നേരെ വീണത്. അവിടെനിന്ന്് കൊച്ചിയിലെത്തി. ഇപ്പോൾ നാട്ടിലും’– ദീപ പറഞ്ഞു.
