ഓണം ബമ്പറിൽ സർക്കാരിന് സൂപ്പർ ലോട്ടോ, ഒരുമാസം കൊണ്ട് കിട്ടിയത് 174 കോടി

Share our post

കാഞ്ഞങ്ങാട്: ഒന്നാം സമ്മാനം 30 കോടി രൂപയുമായി പുറത്തിറക്കിയ കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പറിന്റെ വില്പന റെക്കോഡിലേക്ക്. ഇതുവരെ 44,82,440 ടിക്കറ്റുകൾ വിറ്റു. 500 രൂപയാണ് ടിക്കറ്റ് വില. ഏജന്റുമാർ സർക്കാരിന് നൽകേണ്ടത് 390 രൂപയും 28 ശതമാനം ജി.എസ്.ടി.യുമാണ്. 390 രൂപ പ്രകാരം കൂട്ടിയാൽതന്നെ സർക്കാരിന് ഇതുവരെ ലഭിച്ചത് 174,81,51,600 രൂപ. ആകെ നൽകേണ്ട സമ്മാനത്തുക 125.54 കോടി രൂപയാണ്. ഏജൻസി കമ്മിഷൻ ഇനത്തിൽ 12.55 കോടി രൂപയും നൽകണം. രണ്ടും കൂട്ടിയാൽ 138.09 കോടി രൂപ.

വില്പന തുടങ്ങി ഒരുമാസമായതേയുള്ളൂ. ഇനിയും 28 ദിവസം ബാക്കിയുണ്ട്. 2022-ലാണ് തിരുവോണം ബമ്പറിന് 500 രൂപയാക്കുകയും ഒന്നാം സമ്മാനം 25 കോടി രൂപയാക്കുകയും ചെയ്തത്. 2021-ൽ ഒന്നാം സമ്മാനം 12 കോടി രൂപയും ടിക്കറ്റ് വില 300 രൂപയുമായിരുന്നപ്പോൾ ആകെ വിറ്റത് 54 ലക്ഷം ടിക്കറ്റുകളാണ്. തൊട്ടടുത്ത വർഷം ഒന്നാം സമ്മാനത്തുക ഇരട്ടിയിലധികമാക്കിയപ്പോൾ വലിയ സ്വീകാര്യത ലഭിച്ചു. ആ വർഷം ആകെ അച്ചടിച്ച 67.50 ലക്ഷം ടിക്കറ്റുകളിൽ 66.55 ലക്ഷവും വിറ്റു.

2023-ൽ 85 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കുകയും 75.76 ലക്ഷം ടിക്കറ്റുകൾ വിൽക്കുകയും ചെയ്തു. പത്തുലക്ഷത്തോളം ടിക്കറ്റുകൾ ബാക്കിയായതിനാൽ 2024-ൽ 80 ലക്ഷം ടിക്കറ്റുകളേ അടിച്ചുള്ളൂ. എട്ടരലക്ഷത്തോളം ടിക്കറ്റുകൾ ബാക്കിയായി. കഴിഞ്ഞവർഷം ടിക്കറ്റുകൾ അച്ചടിക്കുന്നത് വീണ്ടും കുറച്ച് 75 ലക്ഷമാക്കി. അത് മുഴുവനും വിറ്റു.

ഇത്തവണ ടിക്കറ്റ് നിരക്കിൽ മാറ്റമൊന്നും വരുത്താതെയാണ് 30 കോടി രൂപ ഒന്നാം സമ്മാനമാക്കിയത്. രണ്ടാം സമ്മാനം 20 പേർക്ക് ഒരുകോടി രൂപ വീതം നൽകും. മൂന്നാം സമ്മാനം കാൽക്കോടി രൂപയാണ്. ഇതും 20 പേർക്കുണ്ട്. ആകെ 5,34,670 സമ്മാനങ്ങൾ. സെപ്‌റ്റംബർ 26-നാണ് നറുക്കെടുപ്പ്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!