ഇടനിലക്കാര്‍ പുറത്ത്; എംവിഡിയുടെ 60 സേവനങ്ങള്‍ക്ക് ഇനി ആധാര്‍ ഒടിപി നിര്‍ബന്ധം
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട 60 സേവനങ്ങള്‍ക്ക് ഇനി ആധാര്‍ ഒടിപി നിര്‍ബന്ധമാക്കി. സെപ്റ്റംബര്‍ 21 മുതല്‍ ഇത് നടപ്പിലാക്കും. എംവിഡിയുടെ പീഡനമാരോപിച്ച് മലപ്പുറത്തെ ഓട്ടോ ഡ്രൈവര്‍ ഷൗക്കത്ത് ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെയാണ് നടപടി.
ഇടനിലക്കാര്‍ അപേക്ഷകരെ ചൂഷണം ചെയ്യുന്നതായാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ വിലയിരുത്തല്‍. വാഹന ഫിറ്റ്നസ് ടെസ്റ്റിനുള്ള അപേക്ഷകര്‍ വാഹന്‍ പോര്‍ട്ടലില്‍ സ്ലോട്ടുകള്‍ ബുക്ക് ചെയ്യണം. എല്ലാ ജില്ലകളിലും എത്രയും പെട്ടെന്ന് തന്നെ ഓട്ടോമേറ്റഡ് വെഹിക്കിള്‍ ടെസ്റ്റിംഗ് സ്റ്റേഷനുകള്‍ (എടിഎസ്) സ്ഥാപിക്കും. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ മൂന്ന് എടിഎസുകള്‍ പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ടെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ കൈക്കൂലി ആവശ്യവും മാനസിക പീഡനവും മൂലമാണ് താന്‍ ജീവിതം അവസാനിപ്പിക്കുന്നതെന്ന് കുറിപ്പെഴുതി മലപ്പുറം കിഴിശ്ശേരിയില്‍ ഓട്ടോ ഡ്രൈവര്‍ ഷൗക്കത്ത് ജീവനൊടുക്കിയിരുന്നു. ഇതിന് പിന്നാലെ, മോട്ടോര്‍ വാഹന വകുപ്പിലെ സേവനങ്ങളില്‍ ഏജന്റുമാരുടെ ഇടപെടലിനെതിരെ വ്യാപക ആക്ഷേപമുയര്‍ന്നിരുന്നു. ഷൗക്കത്തിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമയോട് മന്ത്രി സി.പി ജോണ്‍ നിര്‍ദേശിച്ചിരുന്നു.
