സുകുമാരക്കുറുപ്പിന്റെ തിരോധാനം: സൈബര്‍ വിദഗ്ധനില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: കൊടുംകുറ്റവാളി സുകുമാരക്കുറുപ്പിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് പുറത്തുവന്ന പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സൈബര്‍ വിദഗ്ധനില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ ക്രൈംബ്രാഞ്ച്. സുകുമാരക്കുറുപ്പിന്റെ രൂപസാദൃശ്യമുള്ള വ്യക്തിയെ ബ്രൂണൈയില്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് നീക്കം.
സൈബര്‍ വിദഗ്ധനാണ് നാല് പതിറ്റാണ്ടുകളായി ഒളിവില്‍ കഴിയുന്ന സുകുമാരക്കുറുപ്പിനോട് രൂപസാദൃശ്യമുള്ള മലയാളി വയോധികനെ ബ്രൂണൈയില്‍ കണ്ടെത്തിയത്. വയോധികന്റെ ചിത്രങ്ങളും സൈബര്‍ വിദഗ്ധനാണ് പുറത്തുവിട്ടത്. ഇയാള്‍ താമസിക്കുന്ന സ്ഥലത്തിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു. ഇന്നലെയാണ് നിര്‍ണായകമായ വിവരങ്ങള്‍ പുറത്തുവന്നത്. പിന്നാലെ മന്ത്രി അന്വേഷണത്തിന് നിര്‍ദേശം നല്‍കുകയായിരുന്നു.
പുറത്തുവരുന്ന വിവരങ്ങളുടെ സത്യാവസ്ഥ സ്ഥിരീകരിക്കേണ്ടതുണ്ടെന്നാണ് വിഷയത്തില്‍ രമേശ് ചെന്നിത്തല ഇന്ന് പ്രതികരിച്ചത്. സര്‍ക്കാര്‍ ചെയ്യേണ്ട എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്. വിവരങ്ങളുടെ നിജസ്ഥിതി അറിയേണ്ടതുണ്ട്. ഇപ്പോള്‍ നിലനില്‍ക്കുന്നത് അഭ്യൂഹങ്ങളാണ്. ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. അന്വേഷണം നടക്കട്ടെ, വസ്തുത പുറത്തുവരട്ടെ എന്നും ചെന്നിത്തല പറഞ്ഞു.
ബ്രൂണൈയില്‍ കണ്ടെത്തിയ സുകുമാരക്കുറുപ്പിനോട് രൂപസാദൃശ്യമുള്ള വയോധികനെ കുറിച്ച് അന്വേഷിക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടാന്‍ ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. ബ്രൂണൈയില്‍ വ്യാപാരിയായ ഈ വയോധികന്‍ വ്യാജ രേഖകള്‍ ഉപയോഗിച്ച് പാസ്പോര്‍ട്ട് കരസ്ഥമാക്കിയതായും സൈബര്‍ വിദഗ്ധന്‍ സ്ഥിരീകരിക്കുന്നുണ്ട്.
