മിന്നൽ പ്രളയത്തിൽ നേപ്പാളില്‍ മരണം 160 പിന്നിട്ടു ; 134 ഇന്ത്യക്കാരടക്കം 750ലധികം പേരെ കാണാതായി
നേപ്പാൾ: മിന്നൽ പ്രളയത്തിൽ മരണം 160 ആയി. 134 ഇന്ത്യക്കാരടക്കം 750ലധികം പേരെ കാണാതായിട്ടുണ്ട്. രക്ഷാ പ്രവർത്തനം രാത്രിയിലും ഊർജിതമായി തുടർന്നു. ഡ്രോണുകൾ ഉപയോഗിച്ചും തിരച്ചിൽ നടത്തുന്നുണ്ട്. നൂറിലേറെ പേരെ രക്ഷിച്ചെങ്കിലും പ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ച പ്രദേശങ്ങളിൽ തിരച്ചിൽ ദുഷ്കരമാണ്. കാണാതായ ഇന്ത്യക്കാരിൽ 77 പേർ ഇഷ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ കൈലാസ മാനസരോവർ തീർഥാടനത്തിന് പോയവരാണ്. തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നുളളവരും കൂട്ടത്തിൽ ഉണ്ട്. ഇവരെ രക്ഷിക്കാൻ നേപ്പാൾ സർക്കാരുമായി ചേർന്ന് ഇന്ത്യൻ എംബസി ശ്രമം തുടരുന്നു.
കൊച്ചിയിൽ നിന്നു പോയ 36 അംഗ വിനോദ യാത്ര സംഘം സുരക്ഷിതരാണ്. പ്രളയജലം എത്താനുള്ള സാധ്യത മുന്നിൽക്കണ്ട് ബിഹാറിൽ ഗണ്ഡക് നദീതീരത്തുള്ളവരെ ഒഴിപ്പിച്ചു. ഉത്തർപ്രദേശിലും ജാഗ്രത തുടരുന്നു. ഇന്ത്യ ഇന്നലെ മരുന്നുകൾ അടക്കം 10 ടൺ രക്ഷാ സാമഗ്രികൾ നേപ്പാളിലേക്ക് അയച്ചു. കൂടുതൽ സഹായവുമായി ഇന്നും വ്യോമസേന വിമാനങ്ങൾ കാഠ്മണ്ഡുവിൽ ഇറങ്ങും. ഇന്ത്യൻ കര, വ്യോമ സേനകൾ രക്ഷാദൗത്യത്തിൽ പങ്കാളികളാകും. മിന്നൽ പ്രളയത്തിൽ ടിബറ്റിൽ മൂന്നു മരണം സ്ഥിരീകരിച്ചു. മുന്നൂറോളം പേരെ കാണാതായിട്ടുണ്ട്.
നേപ്പാളില്‍ മിന്നല്‍പ്രളയത്തില്‍പ്പെട്ട ഇന്ത്യക്കാര്‍ക്കായി നേപ്പാളിലെ ഇന്ത്യന്‍ എംബസി ഹെല്‍പ് ലൈന്‍ തുറന്നു. 977 98 51 31 68 07, 977 970 910 7500 എന്നീ നമ്പറുകളില്‍ ബന്ധുക്കള്‍ക്ക് വിവരങ്ങള്‍ ലഭിക്കും. നേപ്പാളില്‍ കുടുങ്ങിയ മലയാളികള്‍ക്കായി സംസ്ഥാന സര്‍ക്കാരും ഹെല്‍പ്പ് ലൈന്‍ സെന്‍ററുകള്‍ തുറന്നു. 180 042 539 39 എന്നതാണ് നോര്‍ക്കയുടെ ടോള്‍ഫ്രീ നമ്പര്‍. 94 47 11 18 44, 97 47 13 21 47 എന്നീ നമ്പറുകളില്‍ മുഖ്യമന്ത്രിയുടെ ഓഫിസുമായും ബന്ധപ്പെടാം.
