കൊടുംകാട്ടിനുള്ളിൽ കുട്ടികളുടെ പാർക്ക് ; കുട്ടിപ്പുല്ലിൽ തുലച്ചത് 1.13കോടി
നടുവിൽ: പഞ്ചായത്തിൽ ഒരു ടൂറിസം കേന്ദ്രം’ പദ്ധതി പ്രകാരം നടുവിൽ ഗ്രാമ പഞ്ചായത്ത് പാത്തൻ പാറ വാർഡിലെ കുട്ടിപ്പുല്ലിൽ കുട്ടികളുടെ പാർക്ക് കെട്ടിടവും റോഡും കാടുമൂടി. കേരള കർണാടക വനാതിർത്തിയായ പൈതൽ മലയുടെ താഴ്വാരത്തെ കൊടുംകാട്ടിനുള്ളിലാണ് ഗ്രാമ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പാർക്ക് നിർമ്മാണം ആരംഭിച്ചത്. മൂന്നുകിലോമീറ്റർ ചുറ്റളവിൽ ജനവാസമോ ഗതാഗതസൗകര്യമോ ഇല്ലാത്ത കുത്തനെ ചരിഞ്ഞ പ്രദേശത്താണ് ഗ്രാമ പഞ്ചായത്തിന്റെയും ടൂറിസം വകുപ്പിന്റെയും നേതൃത്വത്തിൽ 83 ലക്ഷം ചിലവിട്ട് ഇരുമ്പു തൂണുകൾക്ക് മുകളിൽ കെട്ടിടങ്ങൾ നിർമ്മിച്ചിരിക്കുന്നത്.
45 ഡിഗ്രിയിലേറെ ചരിവുള്ള പരിസ്ഥിതി ലോലമായ വനപ്രദേശത്തെ കുട്ടികളുടെ പാർക്ക് തീർത്തും അപ്രായോഗികമാണെന്ന് കാട്ടി പദ്ധതിക്കെതിരെ പരിസ്ഥിതി വിവരാവകാശ പ്രവർത്തകനായ ബെന്നി മുട്ടത്തിൽ പരാതി നൽകിയിരുന്നു. അന്നത്തെ പഞ്ചായത്ത് ഭരണസമിതി പരാതി അവഗണിച്ചതിനെ തുടർന്ന് ഇദ്ദേഹം കണ്ണൂർ വിജിലൻസിനെ സമീപിച്ചു. വിജിലൻസ് സി.ഐയായിരുന്ന അജിത് കുമാർ സ്ഥലം സന്ദർശിച്ച് തുടർ അന്വേഷണത്തിനും നിർദേശം നൽകി. എന്നാൽ പദ്ധതിയുമായി ഗ്രാമപഞ്ചായത്ത് മുന്നോട്ടു പോയി.
കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലാവധി അവസാനിക്കുന്നതിനു മുന്നേ കുട്ടികളുടെ പാർക്കിന്റെ ഉദ്ഘാടനം നടത്തി കൊണ്ടുപിടിച്ച ശ്രമം ഭരണസമിതി നടത്തിയിരുന്നെങ്കിലും വിജിലൻസ് കേസ് നിലനിൽക്കുന്നതിനാൽ ഉദ്ഘാടനം നടത്തുന്നതിന് സാധിച്ചില്ല .
മുടക്കിയത് കോടികൾ
ഗ്രാമ പഞ്ചായത്ത് ആദ്യഘട്ടത്തിൽ 33.2ലക്ഷവും ടൂറിസം വകുപ്പ് 49.8 ലക്ഷവും ചെലവഴിച്ചാണ് പദ്ധതി ആസൂത്രണം ചെയ്തത്. കെ.സുധാകരൻ എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും15 ലക്ഷം ചെലവഴിച്ച് 235 മീറ്റർ ദൈർഘ്യത്തിൽ കോൺക്രീറ്റ് റോഡും നിർമ്മിച്ചു. മറ്റൊരു ഭാഗത്ത് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്ന എം.പി.വാഹിദയു അനുവദിച്ച 5 ലക്ഷം ചെലവഴിച്ച് വനഭൂമിയോടു ചേർന്ന് റോഡിൽ ഓവുചാലും നിർമ്മിച്ചു. വനാതിർത്തി നിർണ്ണയിക്കുന്ന ജണ്ടയിൽ നിന്ന് നാലുമീറ്റർ മാത്രമാണ് ഈ റോഡിനുള്ളത്.ഒന്നാം ഘട്ടത്തിൽ വിശ്രമമുറികൾ, കോട്ടേജുകൾ , പാർക്കിംഗ് ഏരിയാ , ആംഫി തിയറ്റർ തുടങ്ങിയവയാണ് പാർക്കിനോടനുബന്ധിച്ച് വിഭാവനം ചെയ്തിരിക്കുന്നത്. രണ്ടാം ഘട്ടത്തിൽ മൂന്ന് കോട്ടേജ്, ജിം, കുട്ടികളുടെ പാർക്ക്, ബാഡ്മിന്റൺ കോർട്ട് എന്നിവയും.
അഴിമതി മണക്കുന്നു
പാർക്കിന് വിട്ടുനൽകിയത് അഗാധ ഗർത്തത്തിന് അരികിലുള്ള 70 സെന്റ് ഭൂമി
പദ്ധതി ഗുണകരമാകുന്നത് നൂറുകണക്കിനേക്കർ സ്ഥലം കൈവശപ്പെടുത്തിയ റിസോർട്ട് -ഭൂമാഫിയയ്ക്ക്
റോഡ്, വൈദ്യുതി, ഇന്റർനെറ്റ് സേവനങ്ങൾ സർക്കാർ ചിലവിൽ സ്വകാര്യറിസോർട്ടുകൾക്ക് ലഭിക്കാനുള്ള തന്ത്രം
കുട്ടിപ്പുല്ലിലേക്ക് റോഡ് നിർമ്മിച്ചത് 65 മീറ്ററോളം വനഭൂമിയിലൂടെ അനധികൃതമായി
ആദ്യകാലത്ത് വനം വകുപ്പ് നിർമ്മിച്ച ഗേറ്റ് പിന്നീട് നീക്കം ചെയ്തു.
