കൊയിലാണ്ടിയിലെ ബസ് മോഷണം; മുഖ്യപ്രതി അറസ്റ്റിൽ

Share our post

കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ പ്രധാന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പന്തലായനി പുത്തലത്ത്കുന്ന് സ്വദേശി അഭിനവ് (21) നെയാണ് കൊയിലാണ്ടി പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കൊയിലാണ്ടി സബ് ജയിലിലേക്ക് മാറ്റി. കേസിലെ മറ്റ് രണ്ട് പ്രതികൾക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ‘സെനോ’ ബസ് മൂന്നംഗ സംഘം മോഷ്ടിച്ച് കടത്തിക്കൊണ്ടുപോയത്. കോഴിക്കോട് – കൊയിലാണ്ടി റൂട്ടിലോടുന്ന കുറുവങ്ങാട് സ്വദേശി സലാഹുദ്ദീന്റെ ഉടമസ്ഥതയിലുള്ളതാണ് ബസ്. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ സർവീസ് അവസാനിപ്പിച്ച് പേരാമ്പ്ര ട്രാക്കിലാണ് ബസ് പാർക്ക് ചെയ്തിരുന്നത്. ബസ് സ്റ്റാർട്ട് ചെയ്ത് ആദ്യം കോഴിക്കോട് ഭാഗത്തേക്ക് കൊണ്ടുപോയ പ്രതികൾ, പിന്നീട് കൊയിലാണ്ടി ഭാഗത്തേക്ക് തന്നെ തിരിച്ചു വരികയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. യാത്രാമധ്യേ പൊയിൽക്കാവിനും ചെങ്ങോട്ടുകാവിനും ഇടയിൽ ബൈപ്പാസിൽ നിന്നും സർവീസ് റോഡിലേക്ക് ഇറങ്ങുന്നതിനിടെ ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും റോഡരികിലെ ആഴമേറിയ ചെളിയിൽ താഴുകയുമായിരുന്നു.

സമീപത്തെ ഒരു വീടിന്റെ മതിലിലേക്ക് ചരിഞ്ഞുനിന്ന ബസ് മുന്നോട്ട് എടുക്കാൻ സാധിക്കാതെ വന്നതോടെ പ്രതികൾ വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ബസിനുള്ളിൽ സൂക്ഷിച്ചിരുന്ന കളക്ഷൻ തുകയും നഷ്ടപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് ബസുടമയും പൊലീസും സംഭവസ്ഥലത്തെത്തിയത്. തുടർന്ന് രണ്ട് വലിയ ക്രെയിനുകൾ ഉപയോഗിച്ചാണ് ബസ് ചെളിയിൽ നിന്ന് ഉയർത്തിയത്. കൊയിലാണ്ടി എസ്‌ഐ എ.കിരണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ വലയിലാക്കിയത്. ഒളിവിൽ കഴിയുന്ന ബാക്കി പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!