വാഹന മോഡിഫിക്കേഷനിൽ കർശന നടപടി; ഓരോ രൂപമാറ്റത്തിനും 5000 വീതം പിഴയിടണമെന്ന് എംവിഡിയോട് ഹൈക്കോടതി

Share our post

രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്കെതിരേ കർശന നടപടിക്ക് നിർദേശിച്ച് കേരള ഹൈക്കോടതി. വാഹനത്തിൽ വരുത്തുന്ന ഓരോ രൂപമാറ്റത്തിനും 5000 രൂപ വീതം പിഴയിടണമെന്നാണ് മോട്ടോർ വാഹന വകുപ്പിനോട് കോടതി നൽകിയിരിക്കുന്ന നിർദേശം. മോട്ടോർ വാഹന നിയമത്തിൽ പറയുന്നതിന് അപ്പുറത്തേക്ക് യാതൊരു വിധ മോഡിഫിക്കേഷനുകളും വാഹനങ്ങളിൽ അനുവദിക്കാൻ സാധിക്കില്ലെന്നുമാണ് കോടതിയുടെ നിലപാട്.

വാഹനങ്ങളിൽ വരുത്തുന്ന അനധികൃത രൂപമാറ്റം സംബന്ധിച്ച് സ്വമേധയായെടുത്ത ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദേശം. പ്രളയ ദുരിതാശ്വാസത്തിന് എത്തിയ രൂപമാറ്റം വരുത്തിയ ഥാറിന് പിഴയിട്ടതുമായി ബന്ധപ്പെട്ട് രണ്ട് മോട്ടോർ വാഹന ഉദ്യോഗസ്ഥരെ ആദ്യം സസ്‌പെൻഡ് ചെയ്യുകയും പിന്നീട് ഈ നടപടി ഒഴിവാക്കുകയും രണ്ട് ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ഈ സംഭവവും കോടതിയുടെ ശ്രദ്ധയിൽ വന്നിരുന്നു.

പ്രളയരക്ഷാ പ്രവർത്തനത്തിനെത്തിയ രൂപമാറ്റം വരുത്തിയ വാഹനത്തിന് 5000 രൂപ മാത്രം പിഴയിട്ടതിലാണ് കോടതി വിയോജിപ്പ് പ്രകടിപ്പിച്ചത്. പിഴയിട്ട മഹീന്ദ്ര ഥാർ എസ്‌യുവിയുടെ ചിത്രങ്ങൾ ഹൈക്കോടതി പരിശോധിച്ചു. ഈ വാഹനത്തിൽ അനധികൃതമായി ആറ് നിയമലംഘനങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ റിപ്പോർട്ടിലും പറഞ്ഞിരുന്നു. അതിന് 5000 രൂപ പിഴയും പൊലൂഷൻ സർട്ടിഫിക്കറ്റ് സംബന്ധമായ നിയമലംഘനത്തിന് 2000 രൂപയുമാണ് പിഴ ചുമത്തിയത്.

ആറ് അനധികൃത ലൈറ്റുകൾക്ക് ആകെ 5000 രൂപ മാത്രം പിഴ ചുമത്തിയതിലാണ് ഹൈക്കോടതി അസംതൃപ്തി രേഖപ്പെടുത്തിയത്. ആറ് നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ ഓരോന്നിനും 5000 രൂപ വീതം പിഴയിടണമെന്നായിരുന്നു കോടതിയുടെ പക്ഷം. പ്രളയ രക്ഷാപ്രവർത്തനത്തിന് എത്തിയ വാഹനത്തിന് പിഴയിട്ടതിനാണ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ സംഭവത്തിൽ ഉദ്യോഗസ്ഥരെ പിന്തുണയ്ക്കുന്ന സമീപനമാണ് കോടതി സ്വീകരിച്ചത്.

ഇതിനുപുറമെ, രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പിനും പോലീസിനും ഹൈക്കോടതി കർശന നിർദേശവും നൽകിയിട്ടുണ്ട്. വീതിയേറിയ ടയറുകൾ, തീ തുപ്പുന്ന എക്‌സ്‌ഹോസ്റ്റുകൾ, ഹെഡ്‌ലൈറ്റിലും മറ്റും ഉപയോഗിക്കുന്ന തീവ്രതയേറിയ ലൈറ്റുകൾ, മറ്റ് എൽഇഡി ലൈറ്റുകൾ എന്നിവ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!