എട്ട് മാസം പ്രായമുള്ള കുഞ്ഞുങ്ങൾ കള്ളം പറയുമോ? അമ്പരപ്പിച്ച് പുതിയ പഠന റിപ്പോർട്ട്!
നിങ്ങളുടെ കുഞ്ഞ് എന്തെങ്കിലും കുസൃതി ഒപ്പിച്ചിട്ട് ഒന്നും അറിയാത്തതുപോലെ നിൽക്കാറുണ്ടോ? വിലക്കിയ ഒരു സാധനം എടുത്തതിന് ശേഷം അത് ഒളിപ്പിച്ചുവെക്കാൻ ശ്രമിക്കുകയോ, മുഖത്ത് ചോക്ലേറ്റ് പറ്റിയിരിപ്പുണ്ടെങ്കിലും താനല്ല അത് കഴിച്ചതെന്ന് തലയാട്ടി പറയുകയോ ചെയ്യാറുണ്ടോ? ഇത്തരം സന്ദർഭങ്ങളിൽ കുഞ്ഞുങ്ങൾ കള്ളം പറയുകയാണെന്ന് രക്ഷിതാക്കൾക്ക് തോന്നുക സ്വാഭാവികമാണ്. എന്നാൽ സംസാരിക്കാൻ തുടങ്ങുന്നതിന് മുമ്പേ തന്നെ കുഞ്ഞുങ്ങൾ മാതാപിതാക്കളെ ‘കബളിപ്പിക്കാൻ’ തുടങ്ങുമെന്ന് ‘കോഗ്നിറ്റീവ് ഡെവലപ്‌മെൻ്റ്’ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പുതിയൊരു പഠനം വ്യക്തമാക്കുന്നു.
എട്ട് മാസം പ്രായമുള്ളപ്പോൾ തന്നെ തുടക്കം!
10 മുതൽ 47 മാസം വരെ പ്രായമുള്ള കുട്ടികളിൽ നടത്തിയ ‘ഏർലി ഡിസപ്‌ഷൻ സർവേ’ പ്രകാരം 16 തരം കബളിപ്പിക്കൽ രീതികളാണ് ഗവേഷകർ കണ്ടെത്തിയത്. ഏറ്റവും രസകരമായ കാര്യം, എട്ട് മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞിൽ വരെ ഇത്തരം പെരുമാറ്റം കണ്ടെത്തി എന്നതാണ്. പഠനമനുസരിച്ച്, 10 മാസം പ്രായമാകുമ്പോഴേക്കും 25% കുഞ്ഞുങ്ങളും, 16 മാസമാകുമ്പോഴേക്കും 50% പേരും, 24 മാസമാകുമ്പോഴേക്കും 75% കുഞ്ഞുങ്ങളും ഏതെങ്കിലും തരത്തിലുള്ള കബളിപ്പിക്കൽ രീതികൾ കാണിക്കാൻ തുടങ്ങും.
ഇതൊരു ബോധപൂർവ്വമുള്ള നുണയാണോ?
ഈ കണ്ടെത്തലുകളുടെ അർഥം നിങ്ങളുടെ കുഞ്ഞ് നിങ്ങളെ കരുതിക്കൂട്ടി വഞ്ചിക്കുകയോ വലിയ നുണകൾ മെനയുകയോ ചെയ്യുന്നു എന്നല്ല. വളരെ ചെറിയ കുഞ്ഞുങ്ങളെ സംബന്ധിച്ചിടത്തോളം, ഇത് വളരെ ലളിതമായ ചില കാര്യങ്ങളാണ്. ഒരു സാധനം ഒളിപ്പിച്ചുവെക്കുക, മാതാപിതാക്കൾ പറയുന്നത് കേൾക്കാത്തതുപോലെ അഭിനയിക്കുക, ചെയ്ത കാര്യം നിഷേധിക്കുക, അല്ലെങ്കിൽ മുതിർന്നവരുടെ ശ്രദ്ധ തിരിക്കുക തുടങ്ങിയവയാണ് ഇവരുടെ രീതികൾ. പ്രായം കൂടുന്തോറും ഈ പെരുമാറ്റങ്ങൾ കുറച്ചുകൂടി സങ്കീർണമാകുകയും, ഒഴിവുകഴിവുകൾ പറയാനും കാര്യങ്ങൾ മറച്ചുവെക്കാനും അവർ പഠിക്കുകയും ചെയ്യുന്നു.
തലച്ചോറിന്റെ വളർച്ചയുടെ സൂചന
കുട്ടികളിലെ ഇത്തരം പെരുമാറ്റങ്ങളെ അവരുടെ തലച്ചോറിന്റെ വികാസവുമായാണ് ഗവേഷകർ ബന്ധപ്പെടുത്തുന്നത്. ‘തിയറി ഓഫ് മൈൻഡ്’, ‘എക്സിക്യൂട്ടീവ് ഫങ്ഷൻ’ എന്നീ രണ്ട് സുപ്രധാന മാനസിക കഴിവുകളുടെ വളർച്ചയാണിത് കാണിക്കുന്നത്. മറ്റുള്ളവർക്ക് തന്റേതിൽ നിന്നും വ്യത്യസ്തമായ ചിന്തകളും അറിവുകളും ഉണ്ടാകാം എന്ന് മനസിലാക്കാനുള്ള കഴിവാണ് ഇതിലൂടെ കുട്ടികൾ നേടുന്നത്. അതായത്, ‘ഞാനിത് ഒളിപ്പിച്ചുവെച്ചില്ലെങ്കിൽ അമ്മ കാണും, അപ്പോൾ വഴക്ക് കിട്ടും’ എന്ന് ചിന്തിക്കാൻ തുടങ്ങുന്നത് അവരുടെ വളർച്ചയുടെ ഒരു നല്ല ലക്ഷണമാണ്.
രക്ഷിതാക്കൾ ആശങ്കപ്പെടേണ്ടതുണ്ടോ?
കുഞ്ഞുങ്ങൾ ഇത്തരം കുസൃതികൾ കാണിക്കുന്നത് കണ്ട് അവർ ഭാവിയിൽ വലിയ നുണയന്മാരായി മാറുമെന്ന് രക്ഷിതാക്കൾ ഭയപ്പെടേണ്ടതില്ല. ഇതവരുടെ സ്വാഭാവികമായ മാനസിക വളർച്ചയുടെയും സാമൂഹിക ബോധത്തിന്റെയും ഭാഗം മാത്രമാണ്. അതിനാൽ കുട്ടികളെ ‘നുണയന്മാർ’ എന്ന് മുദ്രകുത്തുന്നതിന് പകരം, അവർ എന്തുകൊണ്ടാണ് അങ്ങനെ പെരുമാറുന്നത് എന്ന് മനസിലാക്കുകയാണ് വേണ്ടത്.
കുട്ടികൾ തെറ്റ് ചെയ്യുമ്പോൾ ‘നീയാണോ ഇത് ചെയ്തത്?’ എന്ന് ആവർത്തിച്ച് ചോദിച്ച് അവരെ പ്രതിക്കൂട്ടിലാക്കുന്നതിന് പകരം, ‘എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസിലായി, നമുക്കതിനെക്കുറിച്ച് സംസാരിക്കാം’ എന്ന് പറയുന്നതാണ് നല്ലതെന്ന് വിദഗ്ദ്ധർ നിർദേശിക്കുന്നു. ഇത് കുട്ടികൾക്ക് ഭയമില്ലാതെ സത്യം തുറന്നുപറയാനുള്ള അവസരം നൽകും. കുഞ്ഞുങ്ങൾ നുണയന്മാരാകുന്നില്ലെന്നും, പകരം അവരുടെ തലച്ചോർ നമ്മൾ കരുതുന്നതിനേക്കാൾ വേഗത്തിൽ കാര്യങ്ങൾ പഠിച്ചെടുക്കുകയാണെന്നുമാണ് ഈ പഠനം അടിവരയിടുന്നത്.
