ഒൻപത് വയസുകാരിയുടെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് ഒരു കിലോ മുടി; അപൂർവ ‘റാപുൻസൽ സിൻഡ്രോം’

Share our post

തിരുവനന്തപുരം: കേരളത്തിൽ ഒൻപത് വയസുകാരിയുടെ വയറ്റിൽ അടിഞ്ഞുകൂടിയ ഏകദേശം ഒരു കിലോഗ്രാം മുടിക്കെട്ട് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. നെയ്യാറ്റിൻകരയ്ക്ക് സമീപമുള്ള നിംസ് മെഡിസിറ്റിയിലാണ് അപൂർവ ശസ്ത്രക്രിയ നടന്നത്. റാപുൻസൽ സിൻഡ്രോം എന്ന അപൂർവ അവസ്ഥയാണ് കുട്ടിക്ക് സ്ഥിരീകരിച്ചത്.

വയറുവേദനയും ഛർദിയുമായാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പരിശോധനയിൽ കുടലിൽ ഗുരുതരമായ തടസം കണ്ടെത്തി. തുടർന്ന് നടത്തിയ അൾട്രാസൗണ്ട്, സിടി സ്കാൻ പരിശോധനകളിലും എൻഡോസ്കോപ്പിയിലും വയറ്റിലും ചെറുകുടലിലും വലിയ അളവിൽ മുടി അടിഞ്ഞുകൂടിയതായി കണ്ടെത്തുകയായിരുന്നു.

മുടി ആവർത്തിച്ച് പറിച്ചെടുത്ത് കഴിക്കുന്നതിലൂടെ വയറ്റിൽ ട്രൈക്കോബിസോയർ എന്ന മുടിക്കെട്ട് രൂപപ്പെടാം. മുടി ദഹിക്കാത്തതിനാൽ കാലക്രമേണ ഇത് വയറ്റിൽ അടിഞ്ഞുകൂടി കട്ടിയുള്ള പിണ്ഡമായി മാറുകയും കുടലിൽ തടസം സൃഷ്ടിക്കുകയും ചെയ്യും.

കുട്ടിയുടെ കാര്യത്തിൽ മുടിക്കെട്ട് വയറ്റിൽ നിന്ന് ചെറുകുടലിലേക്കും വ്യാപിച്ചിരുന്നു. ശസ്ത്രക്രിയയിലൂടെ മുടിക്കെട്ട് പൂർണമായും നീക്കം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.നിംസ് മെഡിസിറ്റിയിലെ പീഡിയാട്രിക് സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ബിജു ഐ.ജി. നായരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ചികിത്സയ്ക്ക് ശേഷം കുട്ടി സുഖം പ്രാപിക്കുകയും സാധാരണ രീതിയിൽ ഭക്ഷണം കഴിക്കുകയും ചെയ്തു. തുടർന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.

റാപുൻസൽ സിൻഡ്രോം വളരെ അപൂർവമായ അവസ്ഥയാണെന്നും സാധാരണയായി കൗമാരക്കാരികളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നതെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ലോകത്താകെ 100ൽ താഴെ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നും അധികൃതർ വ്യക്തമാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!