വയോധികരെ ലക്ഷ്യമിടും, കിട്ടുന്ന സ്വർണം പകുത്തെടുക്കും; തമിഴ്നാട് സ്വദേശികളായ ഏഴുപേർ പിടിയിൽ

Share our post

സുൽത്താൻബത്തേരി: ഒരാഴ്ചയോളമായി ജില്ലയുടെ വിവിധഭാഗങ്ങളിൽ സ്ത്രീകളുടെ സ്വർണമാലകൾ കവർന്ന് ഭീതിപരത്തിയ സംഘത്തിലെ രണ്ടുപേർകൂടി പിടിയിലായി. തമിഴ്‌നാട് സ്വദേശികളായ മധുരൈ ചിന്താമണി എം. രവി (48), ശിവഗംഗ മടപുര എം. മാരിമുത്തു (പാണ്ഡ്യൻ-39) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേകസംഘവും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്.

ഇവർ വാടകയ്ക്ക് താമസിച്ചുവന്നിരുന്ന മലപ്പുറം ഐക്കരപ്പടിയിലെ മുറിയിൽനിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബത്തേരിയിലെ മാലമോഷണക്കേസിൽ പിടിയിലായവരുടെ കൂട്ടാളികളാണിവരെന്നും ഇതോടെ മാല കവർച്ചാക്കേസുകളിൽ ജില്ലയിൽ ഏഴുപേർ പിടിയിലായെന്നും പോലീസ് അറിയിച്ചു.

തിങ്കളാഴ്ച ഉച്ചയോടെ അമ്മായിപ്പാലത്തുനിന്ന് ബത്തേരിയിലേക്ക് കെ.എസ്.ആർ.ടി.സി. ബസിൽ വന്ന നെന്മേനി സ്വദേശിനിയുടെ മൂന്നുപവന്റെ മാലയും ഒരുഗ്രാമിന്റെ താലിയുമടക്കം ഏകദേശം 3,82,000 രൂപ വിലവരുന്ന മാല വലിച്ചുപൊട്ടിച്ച് കവർന്നിരുന്നു. ബത്തേരി ഗാന്ധി ജങ്ഷനിലെത്തിയപ്പോളാണ് വയോധിക മാല നഷ്ടപ്പെട്ടത് അറിഞ്ഞത്.

വിവരം അറിഞ്ഞതോടെ പോലീസ് പലസംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തുകയായിരുന്നു. തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ മധുര സ്വദേശികളായ അളകനല്ലൂർ ഈശ്വരി (47), അളകനല്ലൂർ കണ്ണകി (അർച്ചന, രമ്യ-30) എന്നിവരെ മീനങ്ങാടി പഞ്ചായത്ത് പരിസരത്തുനിന്ന് പിടികൂടയിരുന്നു. മീനങ്ങാടിയിലെ ഫാൻസി കടയിൽനിന്ന് കോസ്‌മെറ്റിക് ഉത്പന്നങ്ങൾ മോഷ്ടിച്ചതും ഇവരാണെന്ന് കണ്ടെത്തി.

എന്നാൽ പരസ്പരവിരുദ്ധമായി സംസാരിച്ചും പൂർണമായി വിവരങ്ങൾ വെളിപ്പെടുത്താതെയും അന്വേഷണവുമായി ഇവർ സഹകരിച്ചില്ല. എങ്കിലും പോലീസിന്റെ കൃത്യവും ശാസ്ത്രീയവുമായ അന്വേഷണം കൂട്ടുപ്രതികളായ ഈശ്വരിയുടെ ഭർത്താവ് രവിയിലേക്കും രമ്യയുടെ ഭർത്താവായ മാരിമുത്തുവിലേക്കും എത്തുകയായിരുന്നു.

മോഷണത്തിലൂടെ ലഭിക്കുന്ന സ്വർണാഭരണങ്ങൾ വിറ്റ് വീതംവെച്ച് എടുക്കുന്നതാണ് ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു. ഈശ്വരിക്ക് പാനൂർ, വാടാനപ്പിള്ളി, അടൂർ പോലീസ് സ്റ്റേഷനുകളിലും രമ്യയ്ക്ക് തൃശ്ശൂർ വെസ്റ്റ്, കൊയിലാണ്ടി സ്റ്റേഷനുകളിലും മോഷണക്കേസുകളുണ്ട്. മറ്റുപേരുകളിലും ഇവർ അറിയപ്പെടുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.

മാനന്തവാടിക്കേസിലെ പ്രതികൾ റിമാൻഡിൽ

മാനന്തവാടിയിൽ അമരക്കുനി സ്വദേശിനിയായ വയോധികയുടെ മാലകവരാൻ ശ്രമിച്ച കേസിൽ പിടിയിലായ മുന്നുപേരെയും കോടതി റിമാൻഡ് ചെയ്തു.

തമിഴ്‌നാട് ഗണപതിക്കോവിൽ തെരുവിൽ ഇന്ദുമതി (49), ഗണപതിപക്കം സ്വദേശികളായ ജാൻവി (34), സുധ (31) എന്നിവരെയാണ് പീച്ചങ്കോട് നിന്ന് ചൊവ്വാഴ്ച പോലീസ് പിടികൂടിയിരുന്നത്.

വയോധിക പുല്പള്ളിയിൽനിന്ന് ബസിൽ മാനന്തവാടിയിലേക്ക് പോകുന്നതിനിടെ തട്ടിപ്പ് സംഘത്തിലെ ഒരാൾ ഡോക്ടറാണെന്ന് പരിചയപ്പെടുത്തി സൗഹൃദം സ്ഥാപിക്കുകയും ബസ് ഇറങ്ങി നടക്കുന്നതിനിടെ സഹായിക്കാമെന്ന് പറഞ്ഞ് കൂടെക്കൂടിയ സംഘം മാല കവരാൻ ശ്രമിക്കുകയുമായിരുന്നു. ഈ പ്രതികളും മുൻപ് വിവിധ മോഷണക്കേസുകളിൽപ്പെട്ടവരാണ്.

മാലമോഷണസംഘത്തെ വലയിലാക്കിയത് പോലീസിന്റെ കൃത്യതയാർന്ന അന്വേഷണ

 ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആശങ്കപടർത്തിയ മാലമോഷണ സംഘത്തിലെ ഏഴുപേരെ പിടികൂടിയത് വയനാട് പോലീസിന്റെ കൃത്യവും ഒത്തൊരുമിച്ചുമുള്ള അന്വേഷണം.

മാലമോഷണ ശ്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ സംശയിക്കുന്ന സംഘത്തിലുള്ളവരുടെ ചിത്രങ്ങളും ബസിലും മറ്റും സഞ്ചരിക്കുന്ന സി.സി.ടി.വി. ദൃശ്യങ്ങളും ഞായറാഴ്ച പോലീസ് പുറത്തുവിട്ടിരുന്നു. തിങ്കളാഴ്ച ബത്തേരിയിൽ മോഷണം നടത്തിയവർ ബസിൽ സഞ്ചരിക്കുന്ന സി.സി.ടി.വി. ദൃശ്യങ്ങളും പുറത്തുവിട്ടു.

മീനങ്ങാടിയിലെ പോലീസ് ഉദ്യോഗസ്ഥൻ രണ്ട് സ്ത്രീകളെ തിരിച്ചറിയുകയും ചെയ്തതോടെയാണ് ഈശ്വരിയും രമ്യയും പിടിയിലാകുന്നത്. ഇവരെ ചോദ്യംചെയ്തതിൽ നിന്നുമാണ് ഇരുവരുടെയും ഭർത്താക്കന്മാരെക്കുറിച്ച് സൂചന ലഭിച്ചത്.

തിങ്കളാഴ്ച ബത്തേരിയിൽ ആദ്യസംഭവമുണ്ടായപ്പോൾ തന്നെ ജില്ലാ പോലീസിന്റെ അന്വേഷണസംഘവും വിവിധ പോലീസ് സ്റ്റേഷനുകളിലെ അംഗങ്ങളും വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം തുടങ്ങിയിരുന്നു. ജില്ലയിലുടനീളം ബസുകളും ഓട്ടോറിക്ഷകളും ലോഡ്ജുകളും ബസ് സ്റ്റാൻഡുകളും കേന്ദ്രീകരിച്ച് പരിശോധനശക്തമാക്കിയിരുന്നു.

പലയിടങ്ങളിലെയും സി.സി.ടി.വി. ദൃശ്യങ്ങളും മറ്റും പരിശോധിച്ചും ശാസ്ത്രീയമായ അന്വേഷണം നടത്തിയും അന്വേഷണം ഏകോപിപ്പിച്ചു. ഇതിനിടയിലാണ് മാനന്തവാടിയിൽ മൂന്നുപേരും പിടിയിലായത്. തമിഴ്‌നാട്ടിൽനിന്ന് മലപ്പുറത്തെത്തി വാടകയ്ക്ക് താമസിക്കുന്നസംഘം അവിടെനിന്ന് ബസിൽ വയനാട്ടിലേക്കെത്തിയാണ് മോഷണം നടത്തിയിരുന്നത്.

മിക്കവാറും ബസുകളിൽ തിരക്കേറിയ സമയങ്ങളിൽ വയോധികരായ സ്ത്രീകളെ ലക്ഷ്യമിട്ടായിരുന്നു മോഷണം. ജില്ലയുടെ വിവിധഭാഗങ്ങളിൽ ഭീതിപടർത്തിയ വലിയ സംഘത്തെയാണ് ജില്ലാ പോലീസിന്റെ കൃത്യമായ അന്വേഷണത്തിലൂടെ പിടികൂടാനായത്.

ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹറിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘങ്ങളെ കൂടാതെ മാനന്തവാടി എ.എസ്.പി. കാർത്തിക് ബാലകുമാർ, ഡിവൈ.എസ്.പി.മാരായ എം.എം. അബ്ദുൾകരീം, ടി.എ. അഗസ്റ്റിൻ തുടങ്ങിയവരുടെ കീഴിലും പ്രത്യേക സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!