സമയത്തിൽ തർക്കമില്ല, ടിക്കറ്റിൽ പരസ്യമുണ്ടെങ്കിൽ നിരക്കിലും ഇളവ്‌; ഡിജിറ്റലായി പ്രൈവറ്റ് ബസുകൾ

Share our post

ചേർത്തല: പ്രതിസന്ധിയിലായ സ്വകാര്യബസ് മേഖലയ്ക്ക് മാതൃകയാകാൻ ചേർത്തലയിൽനിന്നൊരു വിജയഗാഥ. യാത്രക്കാരെ ബസിലേക്കു തിരികെക്കൊണ്ടുവരാൻ നൂതന നടപടികൾ നടപ്പാക്കുകയാണ് ചേർത്തല താലൂക്ക് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ. ഇതിനായി സ്റ്റാർട്ട് അപ്പ് കമ്പനിയുമായി സഹകരിച്ച് സർവീസുകളെല്ലാം ഡിജിറ്റലാക്കി തുടങ്ങി.

ടിക്കറ്റ് നിരക്കിലെ ഇളവിനു പുറമേ ഡിജിറ്റൽ ഇടപാടുകളും സുരക്ഷിതയാത്രയും ഉറപ്പാക്കിയാണ് യാത്രക്കാരെ ആകർഷിക്കുന്നത്. ഇതിനായി എക്‌സ്‌പ്ലോർ എന്ന സ്റ്റാർട്ടപ്പ് കമ്പനിയുടെ സോഫ്റ്റ്വേർ ആണ് ഉപയോഗിക്കുന്നത്. സ്ഥിരംയാത്രക്കാർക്ക് ഓൺലൈൻ കാർഡു വഴിയാണ് ടിക്കറ്റ്. ഇത് വേഗത്തിൽ റീച്ചാർജ് ചെയ്യാം. വിദ്യാർഥികളുടെ യാത്ര തർക്കരഹിതമാക്കാനും കാർഡുരീതി നടപ്പാക്കി.

പ്രത്യേക ആപ്പുവഴി ഓരോ റൂട്ടിലും അടുത്ത ബസ് എപ്പോഴാണെന്നും യാത്രക്കാരുടെ എണ്ണവും അറിയാനാകും. എല്ലാ ബസുകളുടെ സമയവിവരവും അസോസിയേഷൻ ഭാരവാഹികൾക്കു നിരീക്ഷിക്കാമെന്നതിനാൽ തർക്കങ്ങൾ ഒഴിവാക്കാനായി. ചേർത്തലയിൽ എഴുപതോളം ബസുകളിൽ ഈ സംവിധാനം നടപ്പാക്കി. മറ്റു ബസുകളിലും താമസിയാതെ നടപ്പാക്കും.

ബസ് ടിക്കറ്റിനു പിന്നിൽ സ്ഥാപനങ്ങളുടെ പരസ്യവും ഉൾപ്പെടുത്തും. പരസ്യം ബസുകളിലേക്കും വ്യാപിപ്പിക്കുന്നതോടെ ടിക്കറ്റു നിരക്കിൽ കുറവുണ്ടാകും. പദ്ധതി പൂർണമായി നടപ്പാക്കിക്കഴിഞ്ഞാൽ 15-20 ശതമാനം വരെ നിരക്ക് കുറയ്ക്കാനാകുമെന്നാണു പ്രതീക്ഷ.

യാത്രക്കാർക്കായി ടിക്കറ്റിന്റെ അടിസ്ഥാനത്തിൽ നറുക്കെടുപ്പ് സമ്മാനപദ്ധതികളുമുണ്ട്. ഇതുവഴി 25,000 രൂപ വരെ കിട്ടിയ യാത്രക്കാരുണ്ട്.

ഗ്രാമീണ റൂട്ടുകളിൽപ്പോലും പദ്ധതി വിജയകരമാണെന്ന് അസോസിയേഷൻ പ്രസിഡന്റ് ബിപിൻചന്ദ്രലാൽ, സെക്രട്ടറി ബെന്നി ആന്റണി, സംസ്ഥാന കമ്മിറ്റിയംഗം എസ്. ഷാജിമോൻ എന്നിവർ പറഞ്ഞു. പല റൂട്ടുകളിലും സർവീസ് ലാഭകരമായെന്നാണ് ഭാരവാഹികൾ പറയുന്നത്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!