ദേശീയപാത നിർമാണം: കണികുന്നിനു മുകളിൽ ജനങ്ങൾക്കു ഭീതി പരത്തി ജലബോംബ് പോലെയായ ജലാശയം

Share our post

തളിപ്പറമ്പ് : ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് പുളമ്പറമ്പ് കണികുന്നിനു മുകളിൽ ജനങ്ങൾക്കു ഭീതി പരത്തി ജലബോംബ് പോലെയായ ജലാശയം ഇത്തവണയും. വൻതോതിൽ ജനവാസമേഖലയായ കണികുന്നിനു മുകളിലാണ് യാതൊരു സുരക്ഷാസംവിധാനങ്ങളുമില്ലാതെ ഇത്തവണയും ജലബോംബ് തുടരുന്നത്. കഴിഞ്ഞവർഷം   റവന്യു അധികൃതർ ഇടപെടുകയും ഇവിടെ വൻതോതിൽ കെട്ടിക്കിടക്കുന്ന വെള്ളം ചാലു കീറി ഒഴുക്കിവിടുന്നതിനു ദേശീയപാത നിർമാണ കമ്പനിയായ മേഘ കൺസ്ട്രക്‌ഷൻസിനെ കൊണ്ട് നടപടി എടുപ്പിക്കുകയും ചെയ്തിരുന്നു.

ഇത്തവണയും കഴിഞ്ഞ വർഷത്തെ പോലെ കുന്നിനു മുകളിൽ വൻതോതിൽ വെള്ളം കെട്ടിക്കിടക്കുകയാണ്. കഴിഞ്ഞ ഒരു വർഷമായിട്ടും ഇവിടെ യാതൊരു പ്രവൃത്തിയും നടക്കാത്തതിനാൽ അരികിലുള്ള കുന്നിടിഞ്ഞ് മരങ്ങൾ ഉൾപ്പെടെ ജലാശയത്തിനരികിലേക്കു വീഴുന്നുണ്ട്. മഴ രൂക്ഷമായ സമയത്ത് ഇവിടെനിന്നു ചെളി കുത്തിയൊഴുകി താഴെയുള്ള ജനവാസമേഖലയിലെത്തുന്നത് ഏറെ ദുരിതം സൃഷ്ടിച്ചതിനെത്തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. ഇപ്പോൾ ചെളിയുടെ പ്രശ്നം മാറിയെങ്കിലും കുന്നിന് മുകളിലെ ജലാശയം ഏറെ ഭീഷണിയാണ് ഉയർത്തുന്നതെന്ന് നാട്ടുകാർ ചൂണ്ടികാട്ടുന്നു.

പലയിടത്തും ഉരുൾപൊട്ടൽ പോലെയുള്ള ദുരന്തങ്ങൾ നടക്കുമ്പോൾ സമാനമായ സാഹചര്യമാണ് ഇവിടെയും നിലവിലുള്ളത്. കുപ്പത്തുനിന്ന് കുറ്റിക്കോൽ വരെയുള്ള ദേശീയപാത ബൈപ്പാസ് നിർമാണത്തിന്റെ ഭാഗമായി കുന്നിടിച്ച് താഴ്ത്തിയ ഇവിടെ ഒരു വർഷമായി യാതൊരു നിർമാണ പ്രവർത്തിയും നടക്കുന്നില്ല. തളിപ്പറമ്പ് പുളിമ്പറമ്പ് റോ‍ഡ‍ിന് താഴെയുള്ള പാലത്തിന് തൂണുകളുടെ നിർമാണവും ഇഴഞ്ഞ് നീങ്ങുകയാണ്. ഇവിടെയും മണ്ണിടിച്ചിൽ ഭീഷണി അവസാനിച്ചിട്ടില്ല.

പട്ടുവം റോഡ് മുറിച്ചാൽ തളിപ്പറമ്പിൽനിന്ന് പട്ടുവം, പുളിമ്പറമ്പ് ഭാഗത്തേക്ക് പോകാനുള്ള പാളയാട് തോടിനു പാലം നിർമിച്ചശേഷം മറ്റു പ്രവൃത്തികൾ ആരംഭിക്കുമെന്നായിരുന്നു മേഘ അധികൃതർ കഴിഞ്ഞവർഷം അറിയിച്ചത്. എന്നാൽ പാലം നിർമാണം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും ബൈപ്പാസിന്റെ തുടർ പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടില്ല. ജലാശയത്തിനു സമീപത്തുകൂടി കടന്നുപോകുന്ന കണികുന്ന് റോഡും മണ്ണിട്ട് ഉയർത്തി താൽക്കാലികമായി നിർമിച്ച അതേ അവസ്ഥയിൽ തുടരുകയാണ്. ഇപ്പോൾ മഴ കുറഞ്ഞെങ്കിലും തുലാവർഷ മഴയും എത്തിയാൽ ജലാശയത്തിൽ കെട്ടിക്കിടക്കുന്ന വെള്ളം കൂടുതൽ അപകടാവസ്ഥയിലാകുമെന്നും നാട്ടുകാർ ചൂണ്ടികാട്ടുന്നു.

 

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!