പഴശി പദ്ധതി പ്രദേശത്ത് 25 കോടിയുടെ ഹില്ലി അക്വാ പ്ലാന്റ് വരുന്നു
ഇരിട്ടി: കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷന്റെ (കെഐഐഡിസി) പൊതുമേഖലാ പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടറായ ഹില്ലി അക്വായുടെ പ്ലാന്റ് ഇരിട്ടിയിൽ പഴശി പദ്ധതി പ്രദേശത്ത് ആരംഭിക്കുന്നത് പരിഗണനയിൽ. തന്തോട് പഴശി പദ്ധതി പ്രദേശമാണ് പ്ലാന്റ് നിർമാണത്തിന് പരിഗണനയിലുള്ളത്. ഏകദേശം 25 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന പദ്ധതിക്കായി പഴശി ജലസ്രോതസ് പ്രയോജനപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.
പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പേരാവൂർ എംഎൽഎയും വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററികാര്യ മന്ത്രിയുമായ സണ്ണി ജോസഫും കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് റോജസ് സെബാസ്റ്റ്യനും ചേർന്ന് ജലവിഭവ മന്ത്രി മോൻസ് ജോസഫിന് കത്തു നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ കെഐഐഡിസി സിഇഒയ്ക്ക് മന്ത്രി നിർദേശം നൽകി.
ഇതോടെ മലബാറിലെ ആദ്യത്തെയും കേരളത്തിലെ മൂന്നാമത്തെയും ഹില്ലി അക്വാ പ്ലാന്റ് ഇരിട്ടിയിൽ ആരംഭിക്കാനുള്ള സാധ്യകളാണ് തെളിയുന്നത്. ജില്ലയിലെ വിവിധ കുടിവെള്ള പദ്ധതികളുടെ പ്രധാന ജലസ്രോതസായ പളശി റിസർവോയർ ഹില്ലി അക്വായുടെ നിർദിഷ്ട പ്ലാന്റിനും ഉപയോഗപ്പെടുത്തണമെന്നു കാണിച്ചായിരുന്നു ജലവിഭവ മന്ത്രിക്ക് കത്ത് നൽകിയത്.
തന്തോട് പഴശിപദ്ധതി പ്രദേശത്ത് വെള്ളപ്പൊക്ക ഭീഷണിയില്ലാത്ത അനുയോജ്യമായ സ്ഥലം കണ്ടെത്തിയാകും തുടർനടപടി. ജലസ്രോതസിനോടുള്ള സാമീപ്യം, പ്രളയസാധ്യത, ഭൂമിയുടെ ഉപയോഗയോഗ്യത എന്നിവ പരിശോധിച്ച ശേഷമായിരിക്കും പ്ലാന്റിന്റെ സ്ഥലം സംബന്ധിച്ചുള്ള അന്തിമ തീരുമാനമെടുക്കുക. പദ്ധതിക്ക് മന്ത്രി മോൻസ് ജോസഫ് തത്വത്തിൽ അനുകൂല നിലപാട് സ്വീകരിച്ചതായി സണ്ണി ജോസഫും റോജസ് സെബാസ്റ്റ്യനും അറിയിച്ചു.
അനുയോജ്യമായ സ്ഥലം കണ്ടെത്തൽ, സാങ്കേതിക-സാമ്പത്തിക പരിശോധന, വിശദമായ പദ്ധതി രൂപരേഖ, ഭരണാനുമതികൾ എന്നിവയാണ് ഇനി പൂർത്തിയാക്കേണ്ടത്.
തൊഴിൽ, അനുബന്ധ മേഖലകൾക്കും നേട്ടം
പദ്ധതി യാഥാർഥ്യമായാൽ പ്ലാന്റിലുള്ള നേരിട്ടുള്ള തൊഴിലിനു പുറമേ അനുബന്ധ മേഖലകളായ പാക്കേജിംഗ്, ചരക്ക് നീക്കം, സംഭരണ-വിതരണ-വിപണന മേഖലയിലും സാങ്കേതിക പരിപാലന മേഖലയിലും തൊഴിൽ സാധ്യതകളുമുണ്ടാകും. പൊതുമേഖലയുടെനേതൃത്വത്തിലുള്ള ഉത്പാദന കേന്ദ്രം മലയോര മേഖലയിൽ ആരംഭിക്കുന്നതോടെ പ്രാദേശിക സാമ്പത്തിക പ്രവർത്തനങ്ങൾക്കും ഉണർവേകുമെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. പേരാവൂർ നിയോജക മണ്ഡലത്തിന്റെ വികസനത്തിനും പദ്ധതി വലിയ മുന്നേറ്റം സൃഷ്ടിക്കും.
