ഓണം ഇങ്ങെത്തി! പതിവ് തെറ്റിച്ച് വെളിച്ചെണ്ണ, ഡിമാന്റ് ഉയർന്നില്ല; പ്രതീക്ഷയിൽ വിപണി
അത്താഘോഷങ്ങൾക്ക് ഒരുങ്ങും മുന്നേ കരുതൽ ശേഖരത്തിലെ ഉൽപ്പന്നങ്ങൾ വിൽപ്പനയ്ക്ക് ഇറക്കാനുള്ള തയ്യാറെടുപ്പിലാണ് കാർഷിക കേരളം. സുഗന്ധവ്യഞ്ജനങ്ങളും നാളികേരവും റബറും മറ്റും മുന്നിലുള്ള ഒരാഴ്ച്ച കാലയളവിൽ കൂടുതലായി വിൽപ്പനയ്ക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് വ്യാപാര രംഗം. പിന്നിട്ട രണ്ടാഴ്ച്ചകളിലെ പ്രതികൂല കാലാവസ്ഥ കർഷകരെ വിൽപ്പനകളിൽ നിന്നും പിൻതിരിപ്പിച്ചിരുന്നു. എന്നാൽ പല ഭാഗങ്ങളിലും കാലാവസ്ഥ തെളിഞ്ഞ സാഹചര്യത്തിൽ ചരക്ക് ഇറക്കാനുള്ള നീക്കത്തിലാണ് കർഷകർ.
ഹൈറേഞ്ചിൽ നിന്നും മറ്റ് ഭാഗങ്ങളിൽ നിന്നും കുരുമുളക് വിൽപ്പനയ്ക്ക് എത്തുമെന്ന നിഗമത്തിലാണ് ഉത്തരേന്ത്യൻ ഇടപാടുകാർ. നാടൻ ചരക്ക് ആവശ്യകാരുണ്ടങ്കിലും വിദേശ ചരക്ക് കലർത്തിയ മുളകാണ് കൂടുതലായി എത്തുന്നത്. അന്തർസംസ്ഥാന വാങ്ങലുകാർ ഉൽപാദന കേന്ദ്രങ്ങളിൽ നേരിട്ട് ഇറങ്ങി ചരക്ക് സംഭരണത്തിന് ശ്രമം നടത്തുന്നുണ്ട്. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് കിലോ 692 രൂപയിൽ വ്യാപാരം നടന്നു.
ചിങ്ങം അടുത്തിട്ടും വെളിച്ചെണ്ണയ്ക്ക് പ്രദേശിക ആവശ്യം ഉയർന്നില്ല. സാധാരണ കർക്കിടകം രണ്ടാം പകുതിയിൽ വെളിച്ചെണ്ണയ്ക്ക് അന്വേഷണങ്ങളെത്തുകയാണ് പതിവ്. എന്നാൽ ഇക്കുറി വില കുറവുള്ള ഇതര ഭക്ഷ്യയെണ്ണകൾക്കാണ് വിപണിയിൽ പ്രീയം. ആവശ്യകാരുടെ അഭാവം മൂലം കാങ്കയത്ത് വെളിച്ചെണ്ണ വില ക്വിൻറ്റലിന് 175 രൂപ ഇടിഞ്ഞ് 24,000 രൂപയായി, കൊച്ചിയിൽ നിരക്ക് 25,500 രൂപയിൽ സ്റ്റെഡിയാണ്. ഇതിനിടയിൽ തെളിഞ്ഞ കാലാവസ്ഥ കണ്ട് ഗ്രാമീണ മേഖലകളിൽ നാളികേര വിളവെടുപ്പിന് കർഷകർ നീക്കം തുടങ്ങി. വരും ദിനങ്ങളിൽ ചെറുകിട വിപണികളിൽ പച്ചതേങ്ങ ലഭ്യത ഉയർന്ന് തുടങ്ങും.
ആഭ്യന്തര വ്യാപാരികളും കയറ്റുമതിക്കാരും ഏലക്ക ലേലത്തിൽ നിലയുറപ്പിച്ചിട്ടും ഉൽപാദന മേഖലകളിൽ നിന്നുള്ള ചരക്ക് വരവ് നാമമാത്രമായിരുന്നു. ആകെ 18,399 കിലോഗ്രാം ഏലക്ക വിൽപ്പനയ്ക്ക് വന്നതിൽ 16,429 കിലോയും വിറ്റഴിഞ്ഞു. ശരാശരി ഇനങ്ങൾ കിലോ 2948 രൂപയിലും മികച്ചയിനങ്ങൾ കിലോ 4212 രൂപയിലും കൈമാറി.
