ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ പഴകിയ ഭക്ഷണം; പരിശോധനയുമായി ഭക്ഷ്യസുരക്ഷാ വിഭാഗം
ബെംഗളൂരു: ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ നടത്തിയ ഭക്ഷ്യസുരക്ഷാ പരിശോധനയില്‍ പഴകിയ ആഹാര സാധനങ്ങള്‍ കണ്ടെത്തി. കാലാവധി കഴിഞ്ഞ പാല്‍ പാക്കറ്റുകള്‍, അഴുകിയ പച്ചക്കറികള്‍, പൂപ്പല്‍ ബാധയുണ്ടായതുള്‍പ്പെടെയുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എന്നിവ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പ്രത്യേക പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്ന് ബെംഗളൂരുവിലെ നിരവധി ത്രീ സ്റ്റാര്‍ ഹോട്ടലുകളിലും ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലും ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ വകുപ്പ് പരിശോധന നടത്തി. ഭക്ഷ്യസാമ്പിളുകള്‍ ശേഖരിച്ച് ലാബ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
ഇന്നലെ ബൃഹത് ബെംഗളൂരു മഹാനഗര പാലികയുടെ കീഴിലുള്ള എല്ലാ മേഖലകളിലും പരിശോധന നടത്തിയതായി ഭക്ഷ്യസുരക്ഷാ വിഭാഗം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നുണ്ട്. ഹോട്ടലുകളുടെ അടുക്കളയിലുള്ള ശുചിത്വമില്ലായ്മ, കാലാവധി കഴിഞ്ഞ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, ഫംഗസ് ബാധിച്ച പച്ചക്കറികള്‍, ഭക്ഷ്യവസ്തുക്കളുടെ അശാസ്ത്രീയമായ സൂക്ഷിപ്പ് എന്നിവയുള്‍പ്പെടെയുള്ള നിരവധി ഭക്ഷ്യസുരക്ഷാ വീഴ്ചകള്‍ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ഒരു ജീവനക്കാര്‍ ക്ഷമ ചോദിച്ചുകൊണ്ട് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കളയുന്നതാണ് വീഡിയോയില്‍ ഉള്ളത്.
ചില ഹോട്ടലുകള്‍ സസ്യാഹാരവും മാംസാഹാരവും പ്രത്യേകം സൂക്ഷിക്കുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഭക്ഷ്യവസ്തുക്കളുടെ തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തല്‍ ഉള്‍പ്പടെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ബന്ധിത ലേബലിംഗ് ചട്ടങ്ങളുടെ ലംഘനവും സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെ ഹോട്ടലുകള്‍ക്ക് അധികൃതര്‍ നോട്ടീസ് നല്‍കി. നിയമ വ്യവസ്ഥകളുടെയും ലബോറട്ടറി റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു.
