പുനരന്വേഷണത്തിന് തയ്യാറാണോ? ആഭ്യന്തരമന്ത്രിയെ വെല്ലുവിളിച്ച് അർജുൻ ആയങ്കി, പൊന്നാടയും ഉമ്മയും ഓഫർ
കൊച്ചി: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് അർജുൻ ആയങ്കി. താനും സുഹൃത്തുക്കളും ജയിലിലടക്കപ്പെട്ട കേസിൽ തനിക്കെതിരെ എടുത്തത് കള്ളക്കേസാണെന്നും പുനരന്വേഷണത്തിന് ഉത്തരവിടാൻ മന്ത്രിക്ക് ധൈര്യമുണ്ടോ എന്നുമാണ് ആയങ്കിയുടെ പ്രധാന ചോദ്യം. ഫെയ്സ്ബുക്കിലൂടെയായിരുന്നു അർജുന്റെ വെല്ലുവിളി.
പുനരന്വേഷണത്തിലൂടെ താൻ നിരപരാധിയാണെന്ന് തെളിഞ്ഞാൽ, കേസിൽ അധികാര ദുർവിനിയോഗം നടത്തിയ കോതമംഗലം സിഐ പ്രശാന്തിനെതിരെ കർശന നടപടിയെടുക്കണമെന്നും അർജുൻ ആയങ്കി ആവശ്യപ്പെട്ടു. ഗുണ്ടകളെ കൈകാര്യം ചെയ്യാൻ പോലീസിന് പ്രത്യേക കരുത്തുണ്ടെന്നും പോലീസിനെ വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി കഴിഞ്ഞ ദിവസം നൽകിയ മുന്നറിയിപ്പിന് പിന്നാലെയാണ് അർജുൻ പ്രതികരണവുമായി രംഗത്തെത്തിയത്.
തന്റെ വെല്ലുവിളി സ്വീകരിച്ച് അന്വേഷണം നടത്തുകയും താൻ നിരപരാധിയാണെന്ന് കണ്ടെത്തുകയും ചെയ്താൽ ആഭ്യന്തര മന്ത്രിയെ നേരിട്ട് കണ്ട് പൊന്നാട അണിയിക്കുമെന്നും ഒരു ഉമ്മ നൽകുമെന്നും ആയങ്കി ആലങ്കാരികമായി കുറിച്ചിട്ടുണ്ട്. തന്നെ വിരട്ടാൻ നോക്കേണ്ടെന്നും താൻ വളർന്ന പാർട്ടി വേറെയാണെന്നും അർജുൻ കൂട്ടിച്ചേർത്തു. നിലവിൽ ഒളിവിൽ ഇരുന്നുകൊണ്ടാണ് ഇത്തരത്തിൽ പോലീസിനും ഭരണകൂടത്തിനുമെതിരെ അർജുൻ തുടർച്ചയായി വെല്ലുവിളി ഉയർത്തുന്നത്.
കോതമംഗലത്തെ ഒരു ലോഡ്ജിൽ സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തി എന്നാരോപിച്ചാണ് സിഐയുടെ നേതൃത്വത്തിൽ അർജുൻ ആയങ്കിയെയും കൂട്ടാളികളെയും മുൻപ് പിടികൂടിയത്. ഈ കേസിൽ അറസ്റ്റിലായതിനെത്തുടർന്ന് 21 ദിവസം അർജുന് ജയിലിൽ കഴിയേണ്ടി വരികയും ചെയ്തിരുന്നു.
ചെയ്തതും ചെയ്യാത്തതുമായ പലവിധ കേസുകളിൽ പ്രതിയാക്കപ്പെട്ടു ജയിലിൽ കിടന്നയാളാണ് ഞാൻ
കോതമംഗലം വിഷയവുമായി ബന്ധപ്പെട്ടും കഴിഞ്ഞ ദിവസം ഒരു കുറിപ്പ് അർജുൻ ഫെയ്സ്ബുക്കിൽ പങ്കുവെച്ചിരുന്നു. 2023 വരെ ചെയ്തതും ചെയ്യാത്തതുമായ പലവിധ കേസുകളിൽ പ്രതിയാക്കപ്പെട്ടു ജയിലിൽ കിടന്നയാളാണ് താനെന്നും അതിന് ശേഷം 2026 മെയ് മാസം വരെ യാതൊരുവിധ കേസുകളിലും പ്രതിയല്ലാത, ഉണ്ടായിരുന്ന കേസുകളുടെ എണ്ണം നാല് മാത്രം ബാക്കിയുള്ളയാളാണെന്നും അർജുൻ പറയുന്നു.
സുഹൃത്തുക്കൾക്കൊപ്പം കോതമംഗലത്ത് സുഹൃത്തിന്റെ കല്യാണത്തിന് പങ്കെടുക്കാൻ പോയതായിരുന്നു. തലേ ദിവസത്തെ ആഘോഷ പരിപാടികളെല്ലാം ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയാക്കി ഷെയർ ചെയ്തിരുന്നു. ഇത് കണ്ടിട്ടാണ് താമസിക്കുന്ന വീട്ടിലേക്ക് പത്തോളം ജീപ്പുകളിൽ ഒരുകൂട്ടം പോലീസുകാർ പുലർച്ചെ നാലുമണിക്ക് കയറിവന്നു ഞങ്ങളെ പത്തുപേരെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയത്. വാറണ്ടോ മറ്റോ ഉണ്ടോയെന്ന് പരിശോധിച്ച് വിടാമെന്നായിരുന്നു പറഞ്ഞിരുന്നതെന്നും എന്നാൽ ഉച്ചവരെ സ്റ്റേഷനിലിരുത്തി വാറണ്ടുകളൊന്നും ഇല്ലായെന്ന് മനസ്സിലായിട്ടും വിട്ടയച്ചില്ലെന്നും അർജുൻ ആരോപിച്ചു.
തന്റെ സുഹൃത്തുക്കളുടെയെല്ലാം ഫോണുകൾ പിടിച്ചെടുത്തതിന് ശേഷം വൈകിട്ട് മൂന്നുമണിയോടെ പത്തുപേരിൽ താനടങ്ങുന്ന ആറുപേരെ മറ്റൊരു മുറിയിലേക്ക് വിളിച്ചുവരുത്തി “നിങ്ങൾക്കെതിരെ സംഘടിത കുറ്റകൃത്യത്തിന് കേസെടുത്തിട്ടുണ്ട്. സ്റ്റേഷൻ ജാമ്യമില്ല കോടതിയിൽ നിന്ന് കിട്ടുമെങ്കിൽ എടുത്തോളൂ” എന്നാണ് സിഐ പറഞ്ഞതെന്നും അർജുൻ അവകാശപ്പെടുന്നു.
ഒരുതരത്തിലും ജാമ്യം കിട്ടിപ്പോവരുത് എന്ന ഉദ്ദേശത്തിൽ കോടതി സമയം തീർന്ന് പാതിരാത്രി ആവുന്നത് വരെ അവിടെത്തന്നെ ഇരുത്തി ജഡ്ജിയുടെ വീട്ടിൽ ഹാജരാക്കി ജയിലിലേക്ക് അയക്കുക എന്ന സിഐയുടെ തീരുമാനം നടന്നു.
സുഹൃത്തിന് തലക്ക് സർജറി പറഞ്ഞിട്ടുണ്ടായിരുന്നു തൊട്ടടുത്ത ദിവസം. മറ്റൊരു വീട്ടിലാണെങ്കിൽ ഭാര്യ ഒറ്റയ്ക്കാണ്. കൂടെ പ്രതിചേർക്കപ്പെട്ട രണ്ടുപേരെ പരിചയമേയില്ല. അവർ കല്യാണം കൂടാൻ വന്നതായിരുന്നുവെന്നും അതിലൊരാളുടെ കല്യാണം അടുത്തയാഴ്ച നിശ്ചയിച്ചതായിരുന്നുവെന്നും അർജുൻ ഫെയ്സ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.
പുതിയൊരു സംരംഭം തുടങ്ങാൻ കമ്പനി രജിസ്ട്രേഷനൊക്കെ ചെയ്തു സ്റ്റാർട്ടപ്പിന്റെ പണിപ്പുരയിലായിരുന്നു. അതിന്റെ എല്ലാ ഡാറ്റകളും ഫോണിലുമായിരുന്നു. എല്ലാ ഫോണും പോയി. അങ്ങനെ കേസൊന്നുമില്ലാതെ പുതിയൊരു ജീവിതം പടിപടിയായി കെട്ടിപ്പൊക്കി കൊണ്ടിരിക്കുന്ന ഞങ്ങളാറുപേരെ ഒരൊറ്റ രാത്രികൊണ്ട് ഒരാൾ കാക്കിയുടുപ്പുകൊണ്ട് തകർത്ത് താറുമാറാക്കിയെന്നും ഡാൻസ് കളിച്ച് സ്റ്റോറിയിട്ടത് എന്തിനായിരുന്നു, അതുകൊണ്ടല്ലേ ഇങ്ങനൊക്കെയായത് എന്നായിരുന്നു എന്നെ സ്വകാര്യം വിളിച്ച് ചോദിച്ചതെന്നും അർജുൻ ആരോപിച്ചു.
“പിടികിട്ടാപ്പുള്ളിയോ തീവ്രവാദിയോ അല്ലാത്ത ഞാൻ ഡാൻസ് കളിച്ചതാണത്രെ കുറ്റം…!!! നിങ്ങളായിരുന്നു എന്റെ സ്ഥാനത്തെങ്കിൽ എങ്ങനെയായിരിക്കും പ്രതികരിക്കുക.!? കിട്ടിയ കേസും വാങ്ങി ജയിലിലും കിടന്നു നരകിച്ച് കഷ്ടപ്പെട്ട് ജാമ്യമെടുത്ത് വീട്ടിൽ പോയി കഞ്ഞിയും കുടിച്ച് കിടന്നുറങ്ങുമോ?!! എനിക്കത് പറ്റില്ല… ജീവിതം അവതാളത്തിലാക്കപ്പെട്ട മനുഷ്യന് മുകളിലാകാശവും താഴെ ഭൂമിയുമാണ്… ഇനിയൊരിക്കലും പഴയതുപോലെയായിരിക്കില്ല കാര്യങ്ങളെന്ന് ബോധ്യമുള്ളവന് ഭയപ്പെടേണ്ടതില്ല.
മകനുണ്ടായതിന് ശേഷം യാതൊരബദ്ധത്തിലും ചെന്ന് ചാടാതെ ജാഗ്രത പാലിച്ച് നടന്നിരുന്ന എനിക്ക് അവന്റെ സാന്നിധ്യം പോലും അന്യമാക്കുന്നവിധം ഒരു പടുകുഴിയിലേക്ക് എടുത്തെറിയപ്പെട്ട വേദന ഞാനെങ്ങനെ പ്രകടിപ്പിക്കുമെന്നാണ് നിങ്ങൾ പ്രതീക്ഷിക്കുന്നത്.??! അയാൾക്ക് തുറന്ന കത്തെഴുതിയതിൽ തിരുത്തേണ്ടി വന്ന രണ്ട് വരികളിൽ മാത്രമേ എനിക്ക് കുറ്റബോധമുണ്ടായിട്ടുള്ളൂ.., അതൊരു ഭീഷണിക്കത്ത് ആക്കിമാറ്റിയത് മാധ്യമങ്ങളും പോലീസുമാണ്. പെൻഷൻ വാങ്ങി ജീവിക്കാൻ സമ്മതിക്കില്ല എന്നതിന്റെയർത്ഥം കൊന്നുകളയുമെന്നാണെന്ന് വിധിച്ചത് വായിച്ചവന്റെ തെറ്റാണ്.. പോലീസ് ജോലിയിൽ തുടരാൻ അർഹതയില്ലാത്ത തെറ്റുകാരനായ അയാളുടെ ജോലി കളയിപ്പിക്കും എന്നതാണ് ഞാനർത്ഥമാക്കിയത്… അതല്ലെങ്കിൽ ഞാനനുഭവിച്ച ദുരിതത്തിന് സമാനമായ, എനിക്ക് തൃപ്തി ലഭിക്കുന്നയൊരു തിരിച്ചടി നൽകുക. അത് ഞാനാഗ്രഹിച്ചാൽ തെറ്റുപറയാനാവുമോ.?? കാലം അത് യാഥാർത്ഥ്യമാക്കട്ടെ… എന്തായാലും രണ്ടാമത് നേടിയ കേസിൽ എനിക്കൊരു കുറ്റബോധവും നഷ്ടബോധവുമില്ല.
എന്റെ ത്യാഗം എന്റെ പൂർണ അറിവോടെയും സമ്മതത്തോടെയുമാണെന്ന് ഞാനാശ്വസിക്കും. ആകെ മുങ്ങിയാൽ കുളിരില്ലായെന്നപോലെ നഷ്ടപ്പെടാനിനിയൊന്നുമില്ലാത്തവന്റെ മാനസികാവസ്ഥയാണിപ്പോഴെനിക്ക്.. അതുകൊണ്ട് പ്രതികരണങ്ങൾ പക്വമോ പരിമിതമോ ആയിരിക്കില്ല. നീതിനിഷേധിക്കപ്പെട്ട മനുഷ്യൻ അങ്ങനെയാണ്… ഏറ്റുവാങ്ങേണ്ടിവരുന്ന ദുരിതങ്ങളെത്ര കഠിനമായിരിക്കുമെന്ന ധാരണ എനിക്കുണ്ട്… “അഴിയെങ്കിൽ അഴി കയറെങ്കിൽ കയറെന്ന” വട്ട് ജയൻ സിദ്ധാന്തമാണെന്റെ പ്രകൃതം. കേരള പോലീസിനോടെനിക്ക് ബഹുമാനം മാത്രമേയുള്ളൂ. എന്നോട് അന്യായം ചെയ്തയാളോട് മാത്രമേ എനിക്ക് പകയും വൈരാഗ്യവുമുള്ളൂ… കീഴടങ്ങാൻ തുനിഞ്ഞവന്റെ മൂർദ്ധാവിൽ തുപ്പുന്ന പണിയെടുത്തതിന്റെ പ്രതികരണമാണ് ഇന്ന് കണ്ടത്. പടച്ചോനെ മാത്രേ പേടിയുള്ളു, മനുഷ്യന്മാരെയില്ല.!!“ എന്നും അർജുൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
